തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിന്റേയും വഫ ഫിറോസിന്റേയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സംഭവം. സിറാജ് ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശിവജിക്ക് മര്‍ദനമേറ്റു. മൊബൈലും തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പറിച്ചു. കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.
വഞ്ചിയൂര്‍ കോടതിയില്‍ നടന്ന സംഭവത്തില്‍ പരാതി നല്കാന് മാധ്യമപ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും അവിടെയും ഒരു വിഭാഗം അഭിഭാഷകരെത്തി ബഹളം വെച്ചു. ഇതിനിടെ, തങ്ങള്‍ക്കും പരാതിയുണ്ടെന്ന് കാണിച്ച് അഭിഭാഷകരും രംഗത്തെത്തിയതോടെ മാധ്യമപ്രവര്‍ത്തകരുടെ പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചു. പ്രശ്നം പറഞ്ഞുതീര്ക്കാനായിരുന്നു പോലീസിന്റെ നിര്‍ദേശം. പ്രശ്നം സങ്കീര്‍ണമായതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി മാധ്യമപ്രവര്‍ത്തകരുടെ പരാതി സ്വീകരിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് പോലീസ് എല്ലാവരേയും തിരിച്ചയക്കുകയായിരുന്നു.
മുമ്പും വഞ്ചിയൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ അതിക്രമം ഉണ്ടായിട്ടുണ്ട്. അന്നും അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം അടുത്തകാലത്താണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തി തുടങ്ങിയത്.
കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസ് അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. കേസില്‍ തെളിവായി പ്രത്യേക സംഘം നല്കിയ സി.സി.ടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെ.എം.ബഷീറിന്റെ മരണം. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.