കൊച്ചി: അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന് അകത്തുകടന്നതായി ഭാര്യ സീനയുടെ പരാതി. താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാരോപിച്ച് സീന കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സീനയുടെ പരാതിയില്‍ പറയുന്നത്. സമീപവാസി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് സംഘം വന്നത്. കത്തിക്കുത്ത് കേസിലെ പ്രതി ഒളിവില്‍ കഴിയുന്നുവെന്ന പേരില്‍ എത്തിയ പൊലീസ് സംഘം വീട് കുത്തിത്തുറക്കുകയായിരുന്നു. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങളും ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളില് ചിലതും കാണാതായിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്ന് സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ഡല്‍ഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.