മനുഷ്യ സ്‌നേഹമായിരുന്നു സിദ്ദിഖ് ഹസ്സന്റെ മുഖമുദ്ര

സിദ്ദിഖ് ഹസ്സന്‍ വിട പറഞ്ഞു പോയിട്ട് രണ്ടാഴ്ച പിന്നിടുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്താനാവാത്ത വിടവായി നില്‍ക്കുന്നു. മനുഷ്യ സ്‌നേഹിയായിരുന്ന ഒരു നേതാവ് എന്നാണ് സിദ്ദീഖ് ഹസന്‍ സാഹിബിനെ ജമാഅത്ത് ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ തന്നെ സിദ്ദിഖ് ഹസ്സന്റെ മഹത്വം നമുക്ക് വായിച്ചുനോക്കാം. സിദ്ദിഖ് ഹസ്സന്റെ ഏറ്റവും വലിയ ദൗര്‍ബല്യം മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളായിരുന്നു. ആരെയും കരുതിവെപ്പില്ലാതെ ചേര്‍ത്തുപിടിക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹത്തെ ഇന്ത്യയറിയുന്ന നേതാവും സംഘാടകനുമാക്കിയത്. രാജ്യതലസ്ഥാനത്തും […]

സിദ്ദിഖ് ഹസ്സന്‍ വിട പറഞ്ഞു പോയിട്ട് രണ്ടാഴ്ച പിന്നിടുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്താനാവാത്ത വിടവായി നില്‍ക്കുന്നു.
മനുഷ്യ സ്‌നേഹിയായിരുന്ന ഒരു നേതാവ് എന്നാണ് സിദ്ദീഖ് ഹസന്‍ സാഹിബിനെ ജമാഅത്ത് ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ തന്നെ സിദ്ദിഖ് ഹസ്സന്റെ മഹത്വം നമുക്ക് വായിച്ചുനോക്കാം.
സിദ്ദിഖ് ഹസ്സന്റെ ഏറ്റവും വലിയ ദൗര്‍ബല്യം മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളായിരുന്നു. ആരെയും കരുതിവെപ്പില്ലാതെ ചേര്‍ത്തുപിടിക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹത്തെ ഇന്ത്യയറിയുന്ന നേതാവും സംഘാടകനുമാക്കിയത്. രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലുമുള്ള ആരോരുമറിയാത്ത ആയിരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് കണ്ണീരണിയുന്നുണ്ടാവുമെന്നെനിക്കുറപ്പുണ്ട്.
വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ സിദ്ദിഖ് ഹസ്സന്‍ അത്യസാധാരണമായ മികവു പുലര്‍ത്തിയിരുന്നുവെന്ന് സഹപാഠികള്‍ അനുസ്മരിച്ചിട്ടുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചക്കും തുടര്‍ന്ന് ദേശീയ നേതൃത്വത്തിലേക്കുള്ള ഉയര്‍ച്ചക്കും കാരണം ഈ മഹിതമായ വ്യക്തിത്വമാണ്. അനിതരസാധാരണമായ സാഹസികതയുമാണ് സിദ്ദീഖ് ഹസന്‍ സാഹിബ്.
മുസ്ലിം പിന്നോക്ക ന്യൂനപക്ഷങ്ങളുടെയും മറ്റനേകം മര്‍ദിത വിഭാഗങ്ങളുടെയും അസ്ഥിത്വ, അവകാശ സംരക്ഷണവും താല്‍പര്യങ്ങള്‍ക്ക് വിധേയമാവാതെ സത്യം വിളിച്ചു പറയുക എന്നീ നിലകളില്‍ ലക്ഷ്യത്തിലൂന്നിയാണ് മാധ്യമം എന്ന പേരില്‍ ഒരു ദിനപത്രം തുടങ്ങാന്‍ തീരുമാനിക്കുന്നത്. അന്നത്തെ സാഹചര്യത്തില്‍ അസാധ്യമെന്ന തിരിച്ചറിവോടു കൂടി തന്നെയാണ് ആ ദൗത്യം പ്രസ്ഥാനം ഏറ്റെടുത്തത്. ആദ്യ നാളുകളില്‍ ആ തിരിച്ചറിവ് യാഥാര്‍ഥ്യമാണെന്നും ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ആ സാഹസിക ദൗത്യം സമാരംഭിക്കാന്‍ വി.കെ ഹംസ, സിദ്ദീഖ് ഹസന്‍, ഒ അബ്ദുര്‍റഹ്‌മാന്‍, ഒ. അബ്ദുല്ല എന്നിവരെ അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി നിയോഗിക്കുന്നത്. പിന്നീട് മാധ്യമം സഞ്ചരിച്ച വഴികള്‍ കേരളത്തിനു മുന്നിലുണ്ട്. മാധ്യമം തുടങ്ങുക മാത്രമല്ല, സ്വന്തം കുഞ്ഞിനെപ്പോലെ അതിനെ പോറ്റിവളര്‍ത്തി. അതിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കഠിന പ്രയത്‌നം ചെയ്തു.
നിലപാടില്‍ ഉറച്ചുനിന്ന് സ്ഥൈര്യം കൊണ്ട് മുന്നില്‍ നടന്നു. രണ്ടര്‍ഥത്തിലും പത്രം വേരാഴ്ത്തിയത് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ആത്മബലത്തിലായിരുന്നു.
ഒന്നര പതിറ്റാണ്ട് കാലം കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ സിദ്ദിഖ് ഹസ്സന്‍ നയിച്ചു. അതു വരെ ശീലിച്ച വഴികളില്‍ നിന്ന് പ്രസ്ഥാനത്തെ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് അദ്ദേഹം വഴി നടത്തി. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലേക്കും പ്രസ്ഥാനം പ്രബോധനം ചെയ്തിരുന്ന ആശയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലേക്കും ചുവടുവെക്കാന്‍ തുടങ്ങിയ നാളുകള്‍. നാനാഭാഗത്ത് നിന്നും എതിര്‍പ്പുകളും ശക്തമായപ്പോള്‍ പ്രതിരോധിക്കാന്‍ മികച്ചൊരു യുവനിരയെ അദ്ദേഹം സജ്ജമാക്കി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന യുവജനപ്രസ്ഥാനത്തെ കേരളത്തിന് സമര്‍പ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഒരു സംഘടനയുടെ നേതാവായിരിക്കുമ്പോഴും മുസ്ലിം സമുദായവും പതിത സമൂഹങ്ങളും രാജ്യവും അദ്ദേഹത്തിന്റെ മുഖ്യ വിഷയമായിരുന്നു. അവരെ കൈപിടിച്ചുയര്‍ത്താനുള്ള വഴികളെ കുറിച്ചാണദ്ദേഹം അന്വേഷിച്ചത്. നിങ്ങള്‍ സാധാരണക്കാരനോ അഭ്യസ്ഥവിദ്യനോ മുതലാളിയോ തൊഴിലാളി നേതാവോ ആരായിരിക്കട്ടെ - നിങ്ങള്‍ക്കും അദ്ദേഹത്തിനും യോജിക്കാവുന്ന, സമുദായത്തിനും പിന്നാക്ക വിഭാഗങ്ങള്‍ക്കും സഹായകമാവുന്ന ഒരു പദ്ധതി അദ്ദേഹത്തിന്റെ കൈകളിലുണ്ടാവും. അല്ലെങ്കില്‍ അത്തരമൊരു പദ്ധതി നിങ്ങളില്‍ നിന്ന് അദ്ദേഹം ഉരുത്തിരിച്ചെടുക്കും. അങ്ങനെയുണ്ടായ അനേകം പദ്ധതികള്‍ ഇന്ന് കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. എ.ഐ.സി.എല്‍, സിജി, സാഫി, ബൈതുസക്കാത് എന്നിവ ഉദാഹരണം.
പിടയുന്ന ജീവിതങ്ങള്‍ എന്നും അദ്ദേഹത്തിന്റെ ആശ്ലേഷണത്തിന് വിധേയമായിട്ടുണ്ട്. ദുരന്തമുഖങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന ഐ.ആര്‍.ഡബ്ലിയു (ഐഡിയല്‍ റിലീഫ് വിങ്) അദ്ദേഹം കൈ പിടിച്ചു വളര്‍ത്തിയ ഒരു സംഘമാണത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചേരികളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി തുടങ്ങിയ വിഷന്‍ 2016, 2026 തുടങ്ങിയവയുടെ മുഖ്യ സംഘാടകനും സിദീഖ് ഹസന്‍ സാഹിബായിരുന്നു. ഒരു പദ്ധതി എന്നതില്‍ കവിഞ്ഞ്, ഉത്തരേന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ദൈന്യതയെ കേരളത്തിലെ സമുദായത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നു എന്നതാണ് മുഖ്യമായ കാര്യം. അവരുടെ ജീവിത സാഹചര്യം കണ്ടനുഭവിച്ചവര്‍ക്കറിയാം, വിഷന്‍ ഒരു സഹായ പദ്ധതിയല്ല, മറിച്ച് ഒരു സാമൂഹ്യ പുനര്‍ നിര്‍മാണ പ്രക്രിയയും സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരു വിപ്ലവ പ്രവര്‍ത്തനവുമാണ്.
മാറാട്ട് കലാപത്തിനിരയായവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സിദ്ദിഖ് ഹസ്സന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം കാലം മറക്കില്ല.
ഇച്ഛാശക്തി, തന്റേടം, പ്രചോദിപ്പിക്കാനുള്ള ശേഷി, നിലപാടിലെ ദൃഢതയും സത്യസന്ധതയും ഇവയെയെല്ലാം കവിഞ്ഞു നില്‍ക്കുന്ന വിനയവും ലാളിത്യവും ഇതെല്ലാം ഒത്തുചേര്‍ന്ന ഒരു വ്യക്തിത്വമായിരുന്നു സിദ്ദിഖ് ഹസന്‍. അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കും മറക്കാനാവാത്ത ഒരനുഭവം സമ്മാനിച്ചിട്ടുണ്ടാവും.
ജമാഅത്തെ ഇസ്ലാമിയുടെ കേരളയുടെ ആസ്ഥാനത്ത് അപരിചിതരായ പലരും കടന്നുവരാറുണ്ട്, പക്ഷെ കവിഞ്ഞ പരിചയ ഭാവം അവരുടെ മുഖത്തുണ്ടാവും. പണ്ടെവിടെയോ വെച്ച് സിദ്ദീഖ് ഹസന്‍ സാഹിബ് തോളില്‍ കൈ വെച്ചതിന്റെയും സങ്കടങ്ങള്‍ കേട്ടു നിന്നതിന്റെയും വഴിയടഞ്ഞപ്പോള്‍ വഴി പറഞ്ഞു തന്നതിന്റെയും മക്കളെയോ പേരമക്കളെയോ തലയില്‍ കൈ വെച്ച് ആശിര്‍വദിച്ച് പ്രാര്‍ഥിച്ചതിന്റെയോ ഒക്കെ കഥകളായിരിക്കും അവര്‍ക്ക് പറയാനുണ്ടാവുക.
അതിരുകളില്ലാത്ത ആത്മവിശ്വാസം അദ്ദഹത്തിന്റെ മികവാണ്. മറ്റുള്ളവര്‍ക്ക് അത് അതേ അളവില്‍ പകര്‍ന്നു നല്‍കും. കേരളീയ സമൂഹത്തിന്, നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ധാരാളം മാതൃകകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് സിദ്ദിഖ് ഹസന്‍ സാഹിബ് വിട പറഞ്ഞത്.
ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം തന്നെയാണ് ഓരോ ജനതയും ചെയ്യുന്ന സുകൃതവും.
അപൂര്‍വ്വമായിരുന്നു ആ സഫലജന്മം. ചിട്ടകള്‍ പാലിക്കുന്നതില്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും സ്‌നേഹനിധിയായ ഒരു ഗുരുനാഥന്റെ നോട്ടമായിരുന്നു എപ്പോഴും സിദ്ദിഖ് ഹസ്സന്റെ മുഖത്ത് കാണാന്‍ കഴിഞ്ഞിരുന്നതെന്ന് സി. രാധാകൃഷ്ണന്‍ അനുസ്മരിക്കുന്നുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു നില്‍ക്കുന്നതിലുള്ള തന്റേടം സിദ്ദിഖ് ഹസ്സന് ഉണ്ടായിരുന്നു.
ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു. താങ്കള്‍ പറയുന്നത് എന്നെ ബോധ്യപ്പെടുത്തി തരൂ എന്നായിരുന്നു ആ മനീഷിയുടെ നറുചിരിയോടെയുള്ള വെല്ലുവിളി. ആ മെലിഞ്ഞ ശരീരത്തിനകത്തെ മനസ്സിന്റെ ബലം അപാരമായിരുന്നു. ആ ദൃഷ്ടി ഒരു ദാര്‍ശനികന്റെയും വാക്കുകള്‍ ഒരു കവിയുടേയും ആയിരുന്നുവെന്നും രാധാകൃഷ്ണന്‍ അനുസ്മരിക്കുന്നുണ്ട്. സമൂഹത്തെ സമ്പന്നമാക്കിയ സിദ്ദിഖ് ഹസ്സനെക്കുറിച്ച്, ആ ജീവിത മഹിമയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളാണ് പലര്‍ക്കും പങ്കുവെക്കാനുള്ളത്.

Related Articles
Next Story
Share it