സിഡ്‌കോ എസ്റ്റേറ്റിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരമാവുന്നു; ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ജില്ലാകലക്ടര്‍

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പട്ടയ പ്രശ്നത്തിന് പരിഹാരമാവുന്നു. ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കേരള സിഡ്കോ ലിമിറ്റഡ്, സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം (എസ്.ഐ.ഇ.ഐ.എഫ്.), കേരള ചെറുകിടഅസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ.) പ്രതിനിധികളുടെയും യോഗത്തിലാണ് സിഡ്‌കോക്ക് പട്ടയം ഒരുമാസത്തിനുള്ളില്‍ അനുവദിച്ച് നല്‍കാന്‍ തീരുമാനമായത്.വ്യവസായ സംരംഭങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓണര്‍ഷിപ്പ് വ്യവസ്ഥയില്‍ അനുവദിച്ച ഭൂമിയുടെ പട്ടയമോ സെയില്‍ ഡീഡോ നല്‍കാത്തത് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. 01.04.1975 ലാണ് സര്‍ക്കാര്‍ സിഡ്കോക്ക് ഭൂമി കൈമാറിയത്. വ്യാവസായികാവശ്യങ്ങള്‍ക്ക് […]

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പട്ടയ പ്രശ്നത്തിന് പരിഹാരമാവുന്നു. ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കേരള സിഡ്കോ ലിമിറ്റഡ്, സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം (എസ്.ഐ.ഇ.ഐ.എഫ്.), കേരള ചെറുകിടഅസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ.) പ്രതിനിധികളുടെയും യോഗത്തിലാണ് സിഡ്‌കോക്ക് പട്ടയം ഒരുമാസത്തിനുള്ളില്‍ അനുവദിച്ച് നല്‍കാന്‍ തീരുമാനമായത്.
വ്യവസായ സംരംഭങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓണര്‍ഷിപ്പ് വ്യവസ്ഥയില്‍ അനുവദിച്ച ഭൂമിയുടെ പട്ടയമോ സെയില്‍ ഡീഡോ നല്‍കാത്തത് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. 01.04.1975 ലാണ് സര്‍ക്കാര്‍ സിഡ്കോക്ക് ഭൂമി കൈമാറിയത്. വ്യാവസായികാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഭൂമി ഒ.ആര്‍.എസ് (ഔട്ട്‌റൈറ്റ് സെയില്‍) വ്യവസ്ഥയില്‍ കാലാകാലങ്ങളില്‍ നിശ്ചയിച്ച മുഴുവന്‍ തുകയും ഈടാക്കി സിഡ്‌കോ സംരംഭകര്‍ക്ക് അനുവദിച്ചെങ്കിലും ഉടമസ്ഥാവകാശ രേഖ അനുവദിച്ചിരുന്നില്ല. സിഡ്‌കോയ്ക്ക് പട്ടയം ലഭിക്കുന്ന മുറക്ക് ഇത് നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവവും പട്ടയം നല്‍കുന്നതില്‍ വീഴ്ച വരുത്തി. ഉടമസ്ഥാവകാശ രേഖ ലഭിക്കാത്തതിനാല്‍ വ്യവസായികള്‍ക്ക് കാലോചിതമായ മാറ്റം വരുത്തുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാനോസാധിക്കാത്തത് പല യൂണിറ്റുകളും സ്തംഭനാവസ്ഥയിലാക്കി.
നിരവധി തവണ ഈ ആവശ്യം വ്യവസായികളും സംഘടനാ ഭാരവാഹികളും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉന്നയിച്ചുവന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ജില്ലാ കലക്ടറായി ചാര്‍ജെടുത്ത ഉടനെ വിളിച്ചുചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ കെ.എസ്.എസ്.ഐ.എയും സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറവും ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയിരുന്നു. വിഷയം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി ഫോറം ഭാരവാഹികള്‍ ഫെബ്രുവരി 6ന് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടുദിവസത്തിനകം ഉദ്യോഗസ്ഥരുടെയും സംഘടനാഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്ത് അടിയന്തര നടപടികള്‍ക്കായി കലക്ടര്‍ ഉത്തരവിട്ടത്.
16.84 ഏക്കര്‍ ഭൂമിയാണ് വ്യവസായ എസ്റ്റേറ്റിനായി സിഡ്കോക്ക് വിട്ടുനല്‍കിയത്. എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നല്‍കാനായി 23.11.2009ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പട്ടയം ലഭിക്കുന്നതിന് നിര്‍ദ്ദേശിച്ച തുകയായ 19,66,149 രൂപ സിഡ്കോ അടച്ചിരുന്നു. സിഡ്കോയുടെ മഞ്ചേരി, കോഴിക്കോട് വെസ്റ്റ്ഹില്‍, ചേര്‍ത്തല, ചങ്ങനാശ്ശേരി അടക്കമുള്ള എസ്റ്റേറ്റുകള്‍ക്ക് പട്ടയം അനുവദിച്ചെങ്കിലും വിദ്യാനഗര്‍ എസ്റ്റേറ്റിന്റെ കാര്യം പരിഹരിക്കപ്പെടാതെ കിടന്നു.
കാഞ്ഞങ്ങാട് ബല്ല മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും പട്ടയം ലഭിക്കാത്തത് വ്യവസായികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന വ്യവസായികളുടെ ന്യായമായ ആവശ്യം ജില്ലാ കലക്ടറുടെ ഇടപെടലില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡണ്ട് ബി.വി. കക്കില്ലായ പറഞ്ഞു. കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡണ്ട് എസ്. രാജാറാം, സിഡ്‌കോ ഫോറം ട്രഷററും കെ.എസ്.എസ്.ഐ.എ. മുന്‍ പ്രസിഡണ്ടുമായ കെ. അഹമ്മദലി, സിഡ്‌കോ എസ്റ്റേറ്റ് മാനേജര്‍ കെ. നവീന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Related Articles
Next Story
Share it