അറബ് നാട്ടില്‍ പച്ചപ്പിന്റെ അഴക് തീര്‍ത്ത് ഷുക്കൂര്‍

അബുദാബി: പരിമിതികളെ തോല്‍പ്പിച്ച് മരുഭൂമിയില്‍ ജൈവകൃഷിയുടെ പ്രചാരകനാകുകയാണ് ഒഴിഞ്ഞവളപ്പ് സ്വദേശി ടി.കെ. അബ്ദുല്‍ഷുക്കൂര്‍. അബുദാബി മുസഫയില്‍ വാച്ച്മാനായി ജോലി ചെയ്യുന്നതിനിടെയാണ് പച്ചക്കറി കൃഷിയിലും ഷുക്കൂര്‍ ശ്രദ്ധേയനാവുന്നത്.ജോലിചെയ്യുന്ന സ്ഥലത്ത് കെട്ടിടത്തിന് മുന്നില്‍ കൃഷിക്ക് അനുയോജ്യമായ ചുവന്ന മണ്ണ് അല്‍ഐനില്‍ നിന്ന് കൊണ്ടുവന്നാണ് പരീക്ഷണാര്‍ത്ഥം കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുന്നത്. കൃഷി വിജയകരമായതോടെ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും വിത്തുകളും സൗജന്യമായി വിതരണം ചെയ്ത് മലയാളികളെയും മറുനാട്ടുകാരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് പച്ചക്കറി കൃഷിയിലൂടെ ഷുക്കൂര്‍ ലക്ഷ്യമിടുന്നത്. […]

അബുദാബി: പരിമിതികളെ തോല്‍പ്പിച്ച് മരുഭൂമിയില്‍ ജൈവകൃഷിയുടെ പ്രചാരകനാകുകയാണ് ഒഴിഞ്ഞവളപ്പ് സ്വദേശി ടി.കെ. അബ്ദുല്‍ഷുക്കൂര്‍. അബുദാബി മുസഫയില്‍ വാച്ച്മാനായി ജോലി ചെയ്യുന്നതിനിടെയാണ് പച്ചക്കറി കൃഷിയിലും ഷുക്കൂര്‍ ശ്രദ്ധേയനാവുന്നത്.
ജോലിചെയ്യുന്ന സ്ഥലത്ത് കെട്ടിടത്തിന് മുന്നില്‍ കൃഷിക്ക് അനുയോജ്യമായ ചുവന്ന മണ്ണ് അല്‍ഐനില്‍ നിന്ന് കൊണ്ടുവന്നാണ് പരീക്ഷണാര്‍ത്ഥം കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുന്നത്. കൃഷി വിജയകരമായതോടെ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും വിത്തുകളും സൗജന്യമായി വിതരണം ചെയ്ത് മലയാളികളെയും മറുനാട്ടുകാരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് പച്ചക്കറി കൃഷിയിലൂടെ ഷുക്കൂര്‍ ലക്ഷ്യമിടുന്നത്. ജോലിചെയ്യുന്ന കെട്ടിടത്തിലെ താമസക്കാര്‍ ഷുക്കൂറിന്റെ കൃഷിത്തോട്ടത്തിലെ ഫലങ്ങള്‍ പറിച്ചെടുക്കുന്നു. ജൈവ പച്ചക്കറിയുടെ സ്വാദ് അറിഞ്ഞവര്‍ പിന്നീട് ഷുക്കൂറിന്റെ അടുത്ത വിളവിനായി കാത്തിരിക്കും. തക്കാളി, പച്ചമുളക്, പയര്‍, അമര, ചീര, വെണ്ട, വഴുതനങ്ങ, വെള്ളരി, പാവയ്ക്ക, മത്തന്‍, കുമ്പളം, പടവലം, കോവയ്ക്ക, മുട്ടാമ്പുള്ളി അങ്ങനെ പോകുന്നു കൃഷിയും വിളവെടുപ്പും. നാട്ടില്‍ തന്നെ ഒരു കാര്‍ഷിക കുടുംബാംഗമാണ് ഷുക്കൂര്‍. ഗള്‍ഫിലെ പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി തഴച്ചുവളരുന്നത് ഇവിടെ വേറിട്ട കാഴ്ചയാണ്. നാട്ടില്‍ നിന്ന് ഗുണമേന്മയുള്ള വിത്തുകള്‍ കൊണ്ടുവന്നാണ് ഷുക്കൂറിന്റെ കൃഷിപാഠം ആരംഭിക്കുന്നത്. കഴിഞ്ഞപ്രാവശ്യം നാട്ടില്‍ വന്ന് മടങ്ങുമ്പോള്‍ 2000 രൂപയുടെ വിത്തുകളാണ് വാങ്ങിക്കൊണ്ടുപോയി കൃഷി ഇറക്കിയത്. നാട്ടില്‍ വിളയുന്നതെന്തും മരുഭൂമിയിലും ഉല്‍പാദിപ്പിക്കാം എന്ന് ഷുക്കൂര്‍ ഇതിനകം തെളിയിച്ചു. എങ്കിലും നാടന്‍ വെള്ളരിയാണ് കൂടുതല്‍ ഫലം തന്നതെന്ന് ഷുക്കൂര്‍ പറയുന്നു. സ്‌പോണ്‍സര്‍ ഫാത്തിമ അലി സഈദും കെട്ടിടത്തിലെ താമസക്കാരും നല്‍കുന്ന പിന്തുണ കൂടുതല്‍ പരീക്ഷണത്തിന് ഷുക്കൂറിനെ പ്രേരിപ്പിക്കുന്നു. കെട്ടിടത്തിലെ താമസക്കാര്‍ നാട്ടില്‍ പോയി തിരിച്ചുവരുന്നത് ഷുക്കൂറിന് കൈനിറയെ വിത്തും ചെടികളുമായാണ്. നാട്ടില്‍ ആണെങ്കിലും വിദേശത്താണെങ്കിലും കൃഷി തന്നെയാണ് ഷുക്കൂറിന്റെ ഒഴിവുസമയത്തെ വിനോദവും. ദിവസവും അരമണിക്കൂറെങ്കിലും കൃഷിക്കായി സമയം നീക്കിവെക്കാനായാല്‍ എല്ലാവര്‍ക്കും വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് ഷുക്കൂര്‍ കൃഷി അനുഭവത്തിലൂടെ പറയുന്നു.

Related Articles
Next Story
Share it