സപ്തഭാഷാ സംഗമ ഭൂമിക്ക് ഏക ഭാഷയുടെ നിറം നല്‍കരുത്

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനവും ഭരണ ഭാഷാ പ്രതിജ്ഞാ ദിനവുമാണ്. 65-ാം പ്രതിജ്ഞാ ദിനത്തിലും ലോക മലയാളികളോടൊപ്പം അത്യുത്തര കേരളവും ചടങ്ങ് സാഘോഷം കൊണ്ടാടുക തന്നെ ചെയ്യും. മലയാളം കേറാമൂല എന്നറിയപ്പെടുന്ന വൊര്‍ക്കാടി പഞ്ചായത്തും നിര്‍വികാരത്തോടെ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചേക്കും. മുമ്പോട്ടും പിറകോട്ടും ചിന്തിക്കാതെ വര്‍ഷത്തില്‍ ഒരിക്കല്‍ ആര്‍ക്കോ വേണ്ടി എന്നതുപോലെ ആചരിച്ചു പിന്‍മാറിയാല്‍ മതിയല്ലോ. കുറ്റപ്പെടുത്തുകയല്ല; പരിതപിക്കുക മാത്രമാണ്. സ്ഥിതിഗതികളില്‍ മാറ്റം വരണമെന്ന നിലപാടില്‍ ഉറച്ച് കേരളീയ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കി 2017ല്‍ സര്‍ക്കാര്‍ ഉത്തരവ് […]

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനവും ഭരണ ഭാഷാ പ്രതിജ്ഞാ ദിനവുമാണ്. 65-ാം പ്രതിജ്ഞാ ദിനത്തിലും ലോക മലയാളികളോടൊപ്പം അത്യുത്തര കേരളവും ചടങ്ങ് സാഘോഷം കൊണ്ടാടുക തന്നെ ചെയ്യും. മലയാളം കേറാമൂല എന്നറിയപ്പെടുന്ന വൊര്‍ക്കാടി പഞ്ചായത്തും നിര്‍വികാരത്തോടെ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചേക്കും. മുമ്പോട്ടും പിറകോട്ടും ചിന്തിക്കാതെ വര്‍ഷത്തില്‍ ഒരിക്കല്‍ ആര്‍ക്കോ വേണ്ടി എന്നതുപോലെ ആചരിച്ചു പിന്‍മാറിയാല്‍ മതിയല്ലോ. കുറ്റപ്പെടുത്തുകയല്ല; പരിതപിക്കുക മാത്രമാണ്.
സ്ഥിതിഗതികളില്‍ മാറ്റം വരണമെന്ന നിലപാടില്‍ ഉറച്ച് കേരളീയ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കി 2017ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതാണ് ഈ വിഷയത്തിലുണ്ടായ വിപ്ലവകരമായ ആദ്യ കാല്‍വെയ്പ്പ്. ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കുകയും പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ഏക കണ്ഠമായി പാസാക്കിയ നിയമം കേരള നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വമായിരിക്കും. അനന്തരം നമ്പര്‍ 8445-ഡി 2-2017- നിയമം തീയതി 2.06.2017 എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയും എസ്.സി.ഇ.ആര്‍.ടി. നേതൃത്വത്തില്‍ പാഠപുസ്തകം അച്ചടിച്ച് അതിവേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കുകയും ചെയ്തു. ഏറ്റെടുക്കാന്‍ ആളില്ലാതെ പുസ്തക കെട്ടുകള്‍ എ.ഇ.ഒ. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ദുരവസ്ഥ വന്നപ്പോള്‍ കേരള ഭരണഭാഷാ വികസന സമിതി മഞ്ചേശ്വരം എ.ഇ.ഒ.ഓഫീസിനുമുമ്പില്‍ ധര്‍ണയും പ്രക്ഷോഭവും നടത്തിയതില്‍ പിന്നെയാണ് പുസ്തക കെട്ടുകള്‍ വിദ്യാലയങ്ങളില്‍ എത്താന്‍ തുടങ്ങിയത്. പഠിപ്പിക്കാന്‍ ആരുമില്ലാത്ത കാരണത്താല്‍ പുസ്തക കെട്ടുകള്‍ തുറന്നു നോക്കാത്ത സ്ഥാപനങ്ങള്‍ ഏറെയുണ്ട്. മലയാളികളായ അറബി-ഉര്‍ദു-സംസ്‌കൃതം അധ്യാപകരുടെ സഹകരണത്തോടു കൂടി പഠനം ആരംഭിച്ചവരും കൂട്ടത്തിലുണ്ട്.

മഞ്ചേശ്വരം താലൂക്കില്‍ മാത്രം മലയാളമില്ലാത്ത 65 വിദ്യാലയങ്ങള്‍ കാണാം. ജില്ലാടിസ്ഥാനത്തില്‍ 89 വിദ്യാലയങ്ങളില്‍ മലയാളമില്ല. മഞ്ചേശ്വരം പഞ്ചായത്തില്‍ 10, വൊര്‍ക്കാടി 9, മംഗല്‍പ്പാടി 4, പൈവളികെ18, മീഞ്ച8, കുമ്പള മൂന്ന്, എണ്‍മകജെ 13 എന്നതാണ് പഞ്ചായത്ത് തിരിച്ച് മലയാളമില്ലാത്ത വിദ്യാലയങ്ങള്‍. 15 ഏകാധ്യാപക വിദ്യാലയങ്ങളും മലയാളത്തിന്റെ മണം പോലും ഏറ്റിട്ടില്ലാത്ത 20ല്‍പരം അണ്‍ എയ്ഡഡ്, അംഗീകൃത വിദ്യാലയങ്ങള്‍ വേറെയുമുണ്ട്. പുത്തിഗെയില്‍ എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കുന്നതാണ് ഏക ആശ്വാസം. മലയാളികളോ പഠിക്കാന്‍ താല്‍പര്യമുള്ളവരോ ഇല്ലാഞ്ഞിട്ടല്ല മറിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ മനോഭാവമാണ് പ്രശ്‌നം. താലൂക്കിലെ ജനസംഖ്യ അപഗ്രഥിച്ചാല്‍ 60 ശതമാനം മലയാളികള്‍, 28 ശതമാനം തുളു, 7 ശതമാനം കന്നട, 5 ശതമാനം ഉര്‍ദു, കൊങ്കണി-മറാഠി-ബ്യാരി എന്ന ചിത്രം വ്യക്തമാകും.

മലയാളത്തിനുവേണ്ടി മീഞ്ചയിലും പൈവളിഗെയിലും ചാനലുകളും വാര്‍ത്താ മാധ്യമങ്ങളും ദൃശ്യങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുകയുണ്ടായെങ്കിലും ഫലം കണ്ടില്ല. ജനങ്ങള്‍ മലയാളം പഠിച്ചാല്‍ ഭാഷാ ന്യൂനപക്ഷ പദവി ഭാവിയില്‍ നഷ്ടപ്പെടുമെന്ന പ്രചരണം തല്‍പ്പര കക്ഷികള്‍ കൊണ്ടുപിടിച്ചുനടത്തുന്നു. കുഞ്ചത്തൂരിലെ മലയാളം പ്രക്ഷോഭം മാത്രമാണ് ഫലം കണ്ടത്. ഉത്തര കേരളത്തില്‍ ചില സംഭരണ സമുദായങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി വീണ്ടും അപേക്ഷ ക്ഷണിച്ച് തെക്കന്‍ കേരളത്തില്‍ നിന്ന് കന്നട പാസായ അതേ സമുദായക്കാരെ ഇവിടെ നിയമിച്ചപ്പോള്‍ അവരെ വിദ്യാലയത്തില്‍ കാലുകുത്താന്‍ അനുവദിക്കാത്ത സമര വീര്യം നാം കണ്ടതാണ്.
ഭാഷാന്യൂനപക്ഷങ്ങളുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിക്കുക തന്നെ വേണം. അതോടൊപ്പം സ്വന്തം മാതൃഭാഷയും സംസ്ഥാനത്തിന്റെ ഭരണ ഭാഷയും പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൗകര്യവും നല്‍കണം. സാക്ഷരതാ മിഷന്‍ വഴി അനൗപചാരിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കണം. പൊതു പരിപാടികളുടെ നോട്ടീസ് പഞ്ചായത്തുകളുടെ പദ്ധതി രേഖ, സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ നാമഫലകങ്ങള്‍ ഈ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. മഞ്ചേശ്വരം കേന്ദ്രമാക്കി മലയാള അക്കാദമി സ്ഥാപിക്കുക തുടങ്ങിയ ചര്‍ച്ചകള്‍ നവംബര്‍ ഒന്നിന് നടക്കണം.

സപ്തഭാഷാ സംഗമ ഭൂമിയുടെ ചരിത്രത്തില്‍ ആദ്യമായി 2020 ജനുവരിയില്‍ ഉപ്പളയില്‍ നടന്ന മലയാള സമ്മേളനത്തോടെ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ജനം ബോധവാന്മാരായിരിക്കുന്നു.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാത്ത വിധം ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് തുച്ഛമായ തുക നീക്കിവെച്ച് വിദ്യാലയങ്ങളില്‍ മലയാളം ആരംഭിക്കാനുള്ള കരട് പദ്ധതി തയ്യാറാക്കി ഭരണ ഭാഷാ വികസന സമിതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കലക്ടറും ഈ നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാരിലേക്ക് കത്തയച്ചിരുന്നു. അത് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവ് ഇറക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം നാം ആഘോഷിക്കുന്നത്.

Related Articles
Next Story
Share it