ഒമ്പത് വര്‍ഷം മുമ്പ് കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാലക്കാട് സ്വദേശിയെ കീഴ്ക്കോടതി വിട്ടയച്ചു, പിന്നീട് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു; മുങ്ങിയ പ്രതിയെ കൊല്ലപ്പെട്ടയാളുടെ മക്കള്‍ അന്വേഷിച്ചുകണ്ടെത്തി

മംഗളൂരു: ഒമ്പതുവര്‍ഷം മുമ്പ് കര്‍ണാടക ശിവമോഗ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ടയാളുടെ മക്കള്‍ അന്വേഷിച്ചുകണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ പൊലീസ് പ്രതിയെ കയ്യോടെ പിടികൂടി. ശിവമോഗ സാഗര്‍ താലൂക്കിലെ പടവഗോഡു ഗ്രാമപഞ്ചായത്തില്‍പെട്ട കെറോഡി ഗ്രാമത്തിലെ ജോസ് സി. കാപ്പനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിജു കുര്യനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. സിജു കുര്യന്‍ പാലക്കാട് സ്വദേശിയാണ്. മക്കളും കുടുംബാംഗങ്ങളും വിദേശത്തായിരുന്നതിനാല്‍ ജോസ് സി. കപ്പന്‍ ഒറ്റക്കായിരുന്നു […]

മംഗളൂരു: ഒമ്പതുവര്‍ഷം മുമ്പ് കര്‍ണാടക ശിവമോഗ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ടയാളുടെ മക്കള്‍ അന്വേഷിച്ചുകണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ പൊലീസ് പ്രതിയെ കയ്യോടെ പിടികൂടി.
ശിവമോഗ സാഗര്‍ താലൂക്കിലെ പടവഗോഡു ഗ്രാമപഞ്ചായത്തില്‍പെട്ട കെറോഡി ഗ്രാമത്തിലെ ജോസ് സി. കാപ്പനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിജു കുര്യനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. സിജു കുര്യന്‍ പാലക്കാട് സ്വദേശിയാണ്. മക്കളും കുടുംബാംഗങ്ങളും വിദേശത്തായിരുന്നതിനാല്‍ ജോസ് സി. കപ്പന്‍ ഒറ്റക്കായിരുന്നു താമസം. കെറോഡി ഗ്രാമത്തിലെ തന്റെ തോട്ടം പരിപാലിക്കാനായി ജോസ് സിജുവിനെ ഒപ്പം കൂട്ടുകയായിരുന്നു. ജോസ് കാപ്പന്റെ സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സിജു 2012 ല്‍ ജോസിനെ കൊലപ്പെടുത്തുകയും കാലിതൊഴുത്തിന്റെ പിന്‍ഭാഗത്തുള്ള വളക്കുഴിയില്‍ കുഴിച്ചിടുകയും ചെയ്തു. ജോസിനെ കാണാതായെന്ന പ്രചാരണം നാട്ടിലാകെ ഉയര്‍ന്നപ്പോള്‍ വസ്തുവകകള്‍ വില്‍ക്കുന്നതിനായി സിജു സ്വത്ത് ബ്രോക്കറെ സമീപിച്ചത് സംശയത്തിന് കാരണമായി. ഇതോടെ സിജുവിന്റെ നീക്കത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. അന്നത്തെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശരണപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി സിജു കൊലപാതകിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും പ്രതിയെ കോടതി വിട്ടയക്കുകയും ചെയ്തു. കീഴ്കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി സിജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. എന്നാല്‍ സിജു ഹാജരാകാതെ മുങ്ങുകയായിരുന്നു. സിജുവിനെ പിടികൂടാന്‍ കര്‍ണാടക പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു.
ഇതോടെ ജോസിന്റെ മക്കള്‍ സ്വന്തം നിലയില്‍ കേരളത്തിലേക്ക് പോകുകയും പാലക്കാട്ട് എവിടെയാണ് സിജുവുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു. അതിനുശേഷം ജോസിന്റെ മക്കളോടൊപ്പം സാഗര്‍ പൊലീസ് പാലക്കാട്ടെത്തി സിജുവിനെ കസ്റ്റഡിയിലെടുത്തു. കോവിഡ് പരിശോധനക്ക് ശേഷം സിജുവിനെ കോടതിയില്‍ ഹാജരാക്കി.

Related Articles
Next Story
Share it