മേല്‍പറമ്പ്: ഹജ്ജ് കര്‍മ്മത്തിനായി മലപ്പുറത്ത് നിന്ന് കാല്‍നടയായി യാത്ര തിരിച്ച മലപ്പുറം ചോറ്റൂര്‍ സ്വദേശി ശിഹാബിന് കളനാട്ടും മേല്‍പറമ്പിലും ആവേശകരമായ സ്വീകരണം. ജമാഅത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ശിഹാബിനെ കാണാന്‍ സ്ത്രീകളടക്കം നിരവധി പേര്‍ റോഡുവക്കുകളില്‍ തടിച്ചുകൂടിയിരുന്നു. അടുത്ത വര്‍ഷത്തെ ഹജ്ജിന് വേണ്ടി മലപ്പുറത്ത് നിന്ന് കാല്‍നടയായി പുറപ്പെട്ട ശിഹാബ് ഏഴാം ദിവസമാണ് മേല്‍പറമ്പിലെത്തിയത്.
280 ദിവസം കൊണ്ട് അഞ്ച് രാജ്യങ്ങളില്‍ കൂടി സഞ്ചരിച്ച സൗദി അറേബ്യയിലെ മക്കയിലെത്തി പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുകയാണ് ശിഹാബിന്റെ ലക്ഷ്യം. എല്ലായിടത്തും ലഭിക്കുന്ന സ്വീകരണവും സ്‌നേഹവും ലക്ഷ്യത്തിലേക്കുള്ള തന്റെ പ്രയാണത്തിന് ആവേശം പകരുന്നുണ്ടെന്നും ദീര്‍ഘദൂരം നടക്കുന്നതിന്റെ ക്ഷീണം ഇല്ലാതാവുന്നുവെന്നും ശിഹാബ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് പഞ്ചാബ് വാഗ അതിര്‍ത്തി വഴി പാക്കിസ്താനിലെത്തും. എല്ലാ ദിവസവും പകല്‍ കാല്‍നട യാത്ര നടത്തി രാത്രി സമീപത്തെ പള്ളിയില്‍ വിശ്രമിക്കും.
ഇന്ന് രാവിലെയാണ് ശിഹാബ് കളനാട്ടെത്തിയത്. അവിടെ ജമാഅത്ത് പ്രസിഡണ്ട് കുന്നില്‍ ഖാദര്‍, സെക്രട്ടറി അബ്ദുല്ല കോഴിത്തിടില്‍, ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് കട്ടക്കാലിലും നാട്ടുകാര്‍ സ്വീകരിച്ചു. പിന്നാലെ മേല്‍പറമ്പില്‍ തടിച്ചുകൂടിയ നിരവധി പേര്‍ ശിഹാബിനെ വരവേറ്റു. മേല്‍പറമ്പ് ജമാഅത്ത് പ്രസിഡണ്ട് മാഹിന്‍ ഹാജി കല്ലട്ര, സെക്രട്ടറി എസ്.കെ അബ്ദുല്ല, ഹനീഫ് എം.എം.കെ, ഖത്തീബ് അഷ്‌റഫ് റഹ്‌മാനി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.