സെക്കുലറിസം നിസാറിന്റെ വിജയമുദ്ര

പദവികള്‍ നിസാര്‍ തളങ്കരക്ക് മുന്നില്‍ നിരനിരയായി വന്നു നില്‍ക്കുകയാണ്. യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫിന്റെ ചെയര്‍മാന്‍ പദവിയും യു.എ.ഇയിലെ ഏറ്റവും വലിയ സേവന, കാരുണ്യ സംഘടനയായ കെ.എം.സി.സിയുടെ ദേശീയ ട്രഷറര്‍ സ്ഥാനവുമായി തിരക്കൊഴിഞ്ഞ നേരമില്ലാതെ നില്‍ക്കുമ്പോഴാണ്, നിസാറിനോട് യു.എ.ഇയിലെ ഏതൊരു ഇന്ത്യക്കാരന്റെയും പ്രസ്റ്റീജ് സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല, 15,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള […]

പദവികള്‍ നിസാര്‍ തളങ്കരക്ക് മുന്നില്‍ നിരനിരയായി വന്നു നില്‍ക്കുകയാണ്. യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫിന്റെ ചെയര്‍മാന്‍ പദവിയും യു.എ.ഇയിലെ ഏറ്റവും വലിയ സേവന, കാരുണ്യ സംഘടനയായ കെ.എം.സി.സിയുടെ ദേശീയ ട്രഷറര്‍ സ്ഥാനവുമായി തിരക്കൊഴിഞ്ഞ നേരമില്ലാതെ നില്‍ക്കുമ്പോഴാണ്, നിസാറിനോട് യു.എ.ഇയിലെ ഏതൊരു ഇന്ത്യക്കാരന്റെയും പ്രസ്റ്റീജ് സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല, 15,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു കൂറ്റന്‍ സംഘടനയാണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ അമരത്ത് എത്തുക എന്നത് യു.എ.ഇയിലെ അംബാസിഡറേക്കാളും വലിയ പദവിയായി ഇന്ത്യക്കാര്‍ കരുതുന്നതിന് വേറെയുമുണ്ട് ഒട്ടേറെ കാര്യങ്ങള്‍.
ഈമാസം 10നാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിസാര്‍ തളങ്കര വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടു. നിസാര്‍ മാത്രമല്ല, ജനാധിപത്യ മുന്നണിയിലെ ഒരാളൊഴികെ എല്ലാവരും അനായാസം വിജയപ്പടി കടക്കുകയും ചെയ്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
എന്ന മഹാവൃക്ഷം

1979ലാണ് ഷാര്‍ജ കേന്ദ്രീകരിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ പിറന്നത്. ഇന്ത്യക്കാരായ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഒരു സ്ഥാപനം തുടങ്ങാന്‍ വേണ്ടിയുള്ള ശ്രമം അധികം വൈകാതെ തന്നെ സാധ്യമായി. 300 കുട്ടികളുമായാണ് ഷാര്‍ജയില്‍ സ്‌കൂള്‍ തുടങ്ങിയത്. ഷാര്‍ജ ഷെയ്ക്ക് സ്‌കൂള്‍ നിര്‍മ്മാണത്തിനുവേണ്ടിയുള്ള സ്ഥലം സൗജന്യമായി നല്‍കിയപ്പോള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പലരുടെയും കൈകള്‍ നീണ്ടു. പടിപടിയായി ഉയര്‍ന്ന ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ചെറിയ കാലംകൊണ്ടുതന്നെ ഗള്‍ഫിലെ മികച്ചൊരു വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നു. ഖുവൈബയില്‍ ഇപ്പോള്‍ ബോയിസ് വിംഗും ഗേള്‍സ് വിംഗുമായി രണ്ടു കൂറ്റന്‍ ക്യാമ്പസുകളുണ്ട്. 15,000ത്തിലധികം വിദ്യാര്‍ത്ഥികളും. രണ്ടായിരത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 200 കോടിയിലധികം രൂപയുടെ ബാങ്ക് ബാലന്‍സും ആസ്തിയുമുള്ള സ്ഥാപനമാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍.
ഇന്ത്യക്കാര്‍ മാത്രമല്ല, ബംഗ്ലാദേശുകാരും അഫ്ഗാനികളും ശ്രീലങ്കക്കാരും പാക്കിസ്ഥാനികളുമൊക്കെയുണ്ട് ഇവിടെ വിദ്യാര്‍ത്ഥികളായി. ഫ്രീ കെ.ജി മുതല്‍ 12-ാം ക്ലാസുവരെയാണ് നിലവിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്‌കൂള്‍ എന്ന വിശേഷണവും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന് സ്വന്തം. സ്‌പെഷ്യല്‍ നീഡി സ്‌കൂളാണ് മറ്റൊന്ന്. ഇവിടെ 80ലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. പ്രത്യേക ശ്രദ്ധയും കരുതലും വേണ്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ഥാപനം എന്ന നിലയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഒരു പ്രത്യേക ശ്രദ്ധ എപ്പോഴും ഈ സ്‌കൂളിനുണ്ട്. ഇതിന് പുറമെ 500 കുട്ടികളുള്ള കെ.ജി സെക്ഷന്‍ വേറെയും.
ഓഫീസ് സമുച്ചയം-മിനി
സെക്രട്ടേറിയറ്റിന് തുല്യം

ഷാര്‍ജയിലുള്ള അസോസിയേഷന്റെ ഓഫീസ് സമുച്ചയം എന്നു പറയുന്നത് ഒരു മിനി സെക്രട്ടേറിയറ്റിന് തുല്യമാണ്. ഇവിടെ ഓരോ ദിവസവും ലഭിക്കുന്ന പരാതികള്‍ നിരവധിയാണ്. ജോലി നഷ്ടപ്പെട്ടതും വിമാന ടിക്കറ്റിന് കാശില്ലാത്തതും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതും ചികിത്സയ്ക്ക് വകയില്ലാതെ പ്രയാസപ്പെടുന്നതുമൊക്കെയായി എല്ലാ പരാതികളിലും കണ്ണീരിന്റെ കദന കഥകളാണ്. ഓരോ പരാതി നിവര്‍ത്തുമ്പോഴും ഉള്ളം പിടയും. അവയ്‌ക്കൊക്കെ പരിഹാരം കാണണം. തുക നല്‍കി സഹായിക്കണം. ആവശ്യമായ മറ്റു നടപടികളും സ്വീകരിക്കണം. കേരളത്തില്‍ മന്ത്രിസഭ കൂടുന്നതുപോലെ ആഴ്ചയിലൊരിക്കല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ യോഗം കൂടാറുണ്ട്. ഓരോ യോഗം ചേരുമ്പോഴും നൂറില്‍ കുറയാത്ത നിവേദനങ്ങളുടെ കെട്ടുണ്ടാവും. എല്ലാ പരാതിയും പരിശോധിച്ച് ആശ്വാസം പകരും. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളിലാണ് നിസാര്‍ തളങ്കരയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഇപ്പോള്‍. കേരള നിയമസഭ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സഹോദരന്‍ ശ്രീ പ്രകാശാണ് ഇപ്പോള്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി.
നാല് അജണ്ടകള്‍-പ്രവാസി
ഇന്ത്യക്കാരുടെ ക്ഷേമം പ്രധാനം

യു.എ.ഇയിലെ ഇന്ത്യക്കാരുടെ അഭയ-ആശ്രയ കേന്ദ്രമാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരവുമായി അസോസിയേഷന്‍ എപ്പോഴും കൂടെയുണ്ട്. നിസാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പുതിയ കുറേ ലക്ഷ്യങ്ങളുണ്ട്. നാലെണ്ണം പ്രത്യേക അജണ്ടയായി തിരിച്ച് ഓരോന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇന്ത്യക്കാര്‍ അഭീമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് അവയില്‍ പ്രധാനം. ഗള്‍ഫില്‍ ഒരാള്‍ മരിച്ചാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ കടമ്പകള്‍ ഏറെയാണ്. അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പാസ്‌പോര്‍ട്ട് സംബന്ധമായതും ജോലി സംബന്ധമായതുമൊക്കെയായി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന മറ്റു പ്രയാസങ്ങള്‍ക്കും പരിഹാരം കാണുക എന്നതും പരമമാണ്.
അസോസിയേഷനിലെ മെമ്പര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് മറ്റൊന്ന്. 2500 മെമ്പര്‍മാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലുണ്ട്. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് താമസംവിനാ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.
അസോസിയേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള പദ്ധതികളാണ് മൂന്നാമത്തേത്. പന്ത്രണ്ടാം ക്ലാസുവരെയുള്ള ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിനെ യൂണിവേഴ്‌സിറ്റി തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് നിസാര്‍ തളങ്കര പറഞ്ഞു. ഇതിന് ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ യൂണിവേഴ്‌സിറ്റിയുമായി ധാരണയിലെത്തി ശ്രമം നടത്തും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിനെ വലിയ പ്രതീക്ഷയോടെയാണ് യു.എ.ഇയിലുള്ള പ്രവാസി ഇന്ത്യക്കാര്‍ കാണുന്നത്. പ്ലസ്ടു കഴിഞ്ഞാല്‍ മക്കളെ മറ്റൊരു സ്ഥാപനത്തിലേക്ക് അയക്കുന്നതിനോട് അവര്‍ക്ക് പ്രയാസമുണ്ട്. ഉന്നത വിദ്യാഭ്യാസ പദ്ധതികളുമായി ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കുകയും ഒരു യൂണിവേഴ്‌സിറ്റിയായി വളര്‍ത്തുകയും ചെയ്യാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോയിസ് വിംഗ് ക്യാമ്പസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടിന്റെ നവീകരണവും പദ്ധതിയിലുണ്ട്. ഗ്രൗണ്ട് വിവിധ കായിക ഇനങ്ങള്‍ക്ക് ഉപയുക്തമാക്കി ഫ്‌ളഡ് ലൈറ്റൊക്കെ സ്ഥാപിച്ച് നവീകരിക്കാനാണ് ഉദ്ദേശം.
പ്രത്യേക ശ്രദ്ധ വേണ്ടുന്ന കുട്ടികള്‍ക്കായുള്ള സ്‌പെഷ്യല്‍ നീഡി സ്‌കൂളിനെ ഇന്നത്തെ നിലയില്‍ നിന്ന് വളര്‍ത്തുകയാണ് മറ്റൊരു ലക്ഷ്യം. അതിനുവേണ്ടി പ്രത്യേകമായ സംവിധാനങ്ങളും പ്രത്യേക കാമ്പസും വേണം. ഇക്കാര്യം അസോസിയേഷന്റെ പരിഗണനയിലുണ്ടെന്നും നിസാര്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന് 180ഓളം ബസുകള്‍ സ്വന്തമായി ഉണ്ട്. സ്‌കൂളിലെ ബസ് സ്റ്റേഷന്‍ കോഴിക്കോട് ബസ്സ്റ്റാന്റിനേക്കാളും വലുതാണെന്ന് പറഞ്ഞാല്‍ തള്ളിപ്പറയാനാവില്ല.
എം.എസ്.എഫില്‍
നിന്നാരംഭിച്ച പ്രയാണം

നിസാര്‍ തളങ്കര ഒന്നാം ക്ലാസ്സുവരെ പഠിച്ചത് കോഴിക്കോട് മാവൂര്‍ സ്‌കൂളിലാണ്. പിതാവ് മജീദ് തളങ്കര മാവൂര്‍ റയോണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. ഒന്നാംതരം കഴിഞ്ഞ് തളങ്കര പടിഞ്ഞാര്‍ സ്‌കൂളിലും പിന്നീട് തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലും കാസര്‍കോട് ഗവ. കോളേജിലുമായിരുന്നു പഠനം. ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ അഖിലേന്ത്യാ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡണ്ടായാണ് സംഘടനാ ഭാരവാഹിത്വത്തിന്റെ ആദ്യ പാഠങ്ങള്‍ നിസാര്‍ നുണയുന്നത്. ഗള്‍ഫിലെത്തിയപ്പോള്‍, 1989ല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മെമ്പറായി. ഗള്‍ഫില്‍ കെ.എം.സി.സിയിലും അക്കാലത്ത് തന്നെ സജീവമായി. 2009ല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ജന.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. 2010ലും ഇതേ സ്ഥാനത്തേക്ക് വിജയം ആവര്‍ത്തിച്ചു. 2016 മുതല്‍ 2022 വരെ അസോസിയേഷന്റെ പ്രധാന മുന്നണിയുടെ ചെയര്‍മാനായിരുന്നു. പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ തയ്യാറായി. അനായാസം വിജയിച്ച നിസാര്‍ ആ പദവിയിലെത്തുന്ന രണ്ടാമത്തെ കാസര്‍കോട് ജില്ലക്കാരനായി. കെ. ബാലകൃഷ്ണനാണ് മറ്റൊരാള്‍. ബാലകൃഷ്ണന്‍ പ്രസിഡണ്ടും നിസാര്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കോംമ്പിനേഷന്‍ അസോസിയേഷന്റെ നേതൃസ്ഥാനത്ത് അത്ഭുതങ്ങള്‍ വിരിയിച്ച കഥകളേറെ.
കെ.എം.സി.സിയില്‍ മണ്ഡലം സെക്രട്ടറിയായാണ് നിസാര്‍ തളങ്കരയുടെ തുടക്കം. പിന്നീട് നാഷണല്‍ കമ്മറ്റി സെക്രട്ടറിയും വൈസ് പ്രസിഡണ്ടും ജന.സെക്രട്ടറിയും ഏറ്റവും ഒടുവില്‍ ട്രഷററുമായി.
22 വര്‍ഷം മുമ്പ് ദുബായ് കേന്ദ്രീകരിച്ച് കെസഫ് രൂപീകൃതമായപ്പോള്‍ അതിന്റെ ഫൗണ്ടര്‍ മെമ്പര്‍മാരില്‍ ഒരാളായിരുന്നു. ഇപ്പോള്‍ കെസഫിന്റെ ചെയര്‍മാനാണ്. അഖാഫിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.
? എന്താണ് നിസാറിന്റെ വിജയമന്ത്രം
= 'ഒരു സ്ഥാനത്തേക്കും ഞാന്‍ കയറി വരാന്‍ ശ്രമിച്ചിട്ടില്ല. മുസ്ലീംലീഗ് എനിക്ക് പകര്‍ന്നു തന്ന ഒരു പാഠമുണ്ട്. എപ്പോഴും സെക്കുലര്‍ ആയിരിക്കണമെന്നതാണത്. ചെറിയ കാലം മുതലെ ഞാന്‍ ശ്രമിച്ചിട്ടുള്ളതും എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാനും വിഭാഗീയതയില്ലാതെ എല്ലാവര്‍ക്കും വേണ്ടി ഒരു പോലെ പ്രവര്‍ത്തിക്കാനുമാണ്. എല്ലാ വിഭാഗം ആളുകളുമായി ബന്ധം പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയോ ശബ്ദിക്കുകയോ ചെയ്തിട്ടില്ല. ഷാര്‍ജയില്‍ മുസ്ലീം മതവിഭാഗക്കാരുടെ മയ്യത്ത് ഖബറടക്കുന്നതിന് യഥേഷ്ടം സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ അതില്ലാതെ വിഷമിച്ചിരുന്ന മറ്റു മതവിഭാഗങ്ങളുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് വേണ്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ സ്‌നേഹിക്കണമെന്ന ദൃഢനിശ്ചയം കൊണ്ട് മാത്രമായിരുന്നു'.
ഷാര്‍ജയില്‍ കുടുംബസമേതം കഴിയുകയാണ് നിസാര്‍. രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും തൊഴിലാളി നേതാവുമായിരുന്ന പരേതനായ മജീദ് തളങ്കരയുടെയും നഫീസത്തിന്റെയും മകനാണ്. ഭാര്യ: സൈദ തെരുവത്ത്. മക്കള്‍: റസ്‌നിം, നോസിം, അഹ്‌സാം. മരുമക്കള്‍: അസ്ഫാസ്, ആഷിര്‍.


-ടി.എ. ഷാഫി

Related Articles
Next Story
Share it