പരേതരുടെ നോവറിഞ്ഞൊരാള്‍...

പരേതകര്‍ക്കുള്ള സ്‌നേഹനിര്‍ഭരമായ യാത്രയയപ്പാണ് ഓരോ മനുഷ്യന്റെയും ഏറ്റവും മഹത്തായ കടമകളിലൊന്ന്. അന്ത്യയാത്രയും അന്ത്യ കര്‍മ്മങ്ങളും നന്നായിരിക്കമെന്ന് ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂലോകത്തുണ്ടാവില്ല. മരണം സുനിശ്ചിതമാണെന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ഏതൊരാളും സ്വപ്‌നം കാണുന്നതും മരണാനന്തരം സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് തന്നെയാണ്.എന്നാല്‍ ഷാര്‍ജയില്‍ മരണപ്പെടുന്ന ഹൈന്ദവ-സിഖ് മതവിഭാഗക്കരുടെ സംസ്‌കാര ചടങ്ങുകള്‍ കുറേകാലം അത്ര ശുഭകരമായിരുന്നില്ല. ഷാര്‍ജയില്‍ മരണപ്പെടുന്ന ഹൈന്ദവ-സിഖ് മതവിഭാഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അവിടെ ശ്മശാനങ്ങളില്ലായിരുന്നു. ദുബായിലെത്തിച്ചോ നാട്ടിലേക്ക് കൊണ്ടുപോയോ സംസ്‌കരിക്കണം. ദുബായിലെ ശ്മാശനത്തില്‍ സംസ്‌ക്കരിക്കണമെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട ദയനീയാവസ്ഥ. […]

പരേതകര്‍ക്കുള്ള സ്‌നേഹനിര്‍ഭരമായ യാത്രയയപ്പാണ് ഓരോ മനുഷ്യന്റെയും ഏറ്റവും മഹത്തായ കടമകളിലൊന്ന്. അന്ത്യയാത്രയും അന്ത്യ കര്‍മ്മങ്ങളും നന്നായിരിക്കമെന്ന് ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂലോകത്തുണ്ടാവില്ല. മരണം സുനിശ്ചിതമാണെന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ഏതൊരാളും സ്വപ്‌നം കാണുന്നതും മരണാനന്തരം സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് തന്നെയാണ്.
എന്നാല്‍ ഷാര്‍ജയില്‍ മരണപ്പെടുന്ന ഹൈന്ദവ-സിഖ് മതവിഭാഗക്കരുടെ സംസ്‌കാര ചടങ്ങുകള്‍ കുറേകാലം അത്ര ശുഭകരമായിരുന്നില്ല. ഷാര്‍ജയില്‍ മരണപ്പെടുന്ന ഹൈന്ദവ-സിഖ് മതവിഭാഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അവിടെ ശ്മശാനങ്ങളില്ലായിരുന്നു. ദുബായിലെത്തിച്ചോ നാട്ടിലേക്ക് കൊണ്ടുപോയോ സംസ്‌കരിക്കണം. ദുബായിലെ ശ്മാശനത്തില്‍ സംസ്‌ക്കരിക്കണമെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട ദയനീയാവസ്ഥ. അത്തരം മൃതദേഹങ്ങള്‍ ഏറെനാള്‍ ഏതെങ്കിലും ആസ്പത്രികളിലെ ഫ്രീസറുകളില്‍ കിടക്കും. ഇതായിരുന്നു 2011ന് മുമ്പ് വരെ ഷാര്‍ജയില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പ്രവാസികളായ ഹൈന്ദവ സഹോദരങ്ങളുടെ അവസ്ഥ.
ദയനീയമായ ഈ അവസ്ഥ മനസ്സിലാക്കിയ കാസര്‍കോട്ടുകാരനും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനുമായ ഒരു മുസ്ലിം യുവാവ് വിഷയത്തില്‍ ഇടപെടുകയും മാസങ്ങളോളം നീണ്ട കഠിനമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഷാര്‍ജയില്‍ ലോകോത്തര നിലവാരമുള്ളതും വിശാലവുമായ ശ്മശാനം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത കഥ ആരുടെയും പ്രശംസ നേടുന്നതാണ്.
ഇന്ത്യന്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി നിസാര്‍ തളങ്കരയാണ് കഥയിലെ നായകന്‍. 2010ലാണ് പോരാട്ടങ്ങളുടെ തുടക്കം. കെ. ബാലകൃഷ്ണന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ പ്രസിഡണ്ടും നിസാര്‍ തളങ്കര ജനറല്‍ സെക്രട്ടറിയുമായിരുന്നു അന്ന്. അസോസിയേഷന്റെ ഒരു നേതാവ് മരണപ്പെട്ട് ദിവസങ്ങളോളം സംസ്‌കാര ചടങ്ങുകള്‍ നീണ്ടുപോകുന്നത് കണ്ടാണ് നിസാറിന്റെ മനസ്സ് ഉലഞ്ഞത്. മരണാനന്തരം ഏതൊരാളെയും ബഹുമാന പുരസരം യാത്രയയക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് വിശ്വസിച്ചിരുന്ന നിസാര്‍ തളങ്കര വിഷയത്തില്‍ ഇടപെടുന്നു. ഷാര്‍ജയില്‍ മൃതദേഹം ദഹിപ്പിക്കാനുള്ള ശ്മശാനങ്ങളില്ലെന്നും ദുബായിയെയോ നാടിനെയോ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും നിസാര്‍ മനസിലാക്കുന്നു. ഷാര്‍ജയില്‍ ഒരു ശ്മശാനം യാഥാര്‍ത്ഥ്യമാവാതെ ഇതിനൊരു പരിഹാരം ഇല്ല. നിസാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി വിഷയം സംസാരിക്കുന്നു. പണ്ടെങ്ങോ ഒരു ശ്മശാനത്തിന് വേണ്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ അപേക്ഷ മടക്കി അയക്കപ്പെട്ട വിവരം അദ്ദേഹം അറിയുന്നു. അസോസിയേഷന്റെ അലമാരയില്‍ നിന്ന് ആ അപേക്ഷ പൊടി തട്ടിയെടുത്ത് നിസാര്‍ ഷാര്‍ജ ടൗണ്‍ പ്ലാനിംഗ് ഓഫീസിലെത്തുന്നു. മുമ്പൊരിക്കല്‍ തിരിച്ചയച്ച അപേക്ഷയാണല്ലോ ഇത് എന്നു പറഞ്ഞ് നിസാറിന് മുന്നിലും അവര്‍ വാതില്‍ കൊട്ടിയടക്കുന്നു. അപേക്ഷ നിരസിക്കാന്‍ അവര്‍ക്ക് പല കാരണങ്ങളും നിരത്താനുണ്ടായിരുന്നു. എന്നാല്‍ എത്രകാരണങ്ങള്‍ നിരത്തിയാലും ജീവന്‍ നിലച്ചു പോകുന്ന ഒരാളുടെ ഭൗതിക ശരീരം സംസ്‌കരിക്കാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ നിസാറിന്റെ ഉറക്കം കെടുത്തുന്നു. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സഹായിക്കില്ലെന്ന് ഉറപ്പാക്കിയതോടെ ഇനി ഒരു വഴിയേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ നിസാര്‍ സാക്ഷാല്‍ ഷാര്‍ജ ഷെയ്ഖിനെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഷാര്‍ജ ഷെയ്ഖിനെ കുറിച്ച് ഒരുപാട് കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ദയാലുവാണ്. ദീനാനുകമ്പയുള്ള ഭരണാധികാരിയാണ്. പക്ഷേ, ഷെയ്ഖിനെ കാണാന്‍ എങ്ങനെ അവസരം ലഭിക്കും.
ഷെയ്ഖിനെ കാണാനുള്ള അനുമതി കിട്ടണമെങ്കില്‍ ഷാര്‍ജയിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ സഹായിക്കണം. പതിനയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ നിസാറിന് അന്നത്തെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മയെ നല്ല പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യം വിശദീകരിക്കുന്നു. നിസാറിന്റെ ആവശ്യം കൗണ്‍സല്‍ ജനറലിന് ബോധ്യപ്പെടുന്നു. ഹൈന്ദവ സഹോദരങ്ങളുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് വേണ്ടി ഒരു ശ്മശാനം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്ലിമായ ഒരു യുവാവ് നടത്തുന്ന ശ്രമങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ പ്രശംസ പിടിച്ച് പറ്റുന്നു. അദ്ദേഹം ഷാര്‍ജ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കാണാനുള്ള അവസരം വൈകാതെ തന്നെ നിസാറിന് ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. ഷാര്‍ജയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിരസിച്ച വിഷയമാണ്. ഷെയ്ഖ് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നിസാറിന് ഇല്ലാതിരുന്നില്ല. ഷെയ്ഖിനെ കാണാനുള്ള നാളെത്തി. കൗണ്‍സല്‍ ജനറലിനൊപ്പം നിസാര്‍ ഷാര്‍ജാ ഭരണാധികാരിക്ക് മുന്നിലെത്തി. കൗണ്‍സല്‍ ജനറല്‍ വിഷയം അവതരിപ്പിച്ചു. നിസാര്‍ ഭരണാധികാരിക്ക് മുന്നില്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. എല്ലാം സാകൂതം കേട്ട് നിന്ന ഷാര്‍ജ ഷെയ്ഖിന്റെ മുഖത്ത് ഒരു പുഞ്ചിരിയാണ് വിടര്‍ന്നത്. അദ്ദേഹം നിസാറിന്റെ തോളത്ത് തട്ടി. ശ്മശാനത്തിന് സ്ഥലം അനുവദിച്ച് നല്‍കാമെന്നും ഇത്തരം ഒരു വിഷയം തന്റെ ശ്രദ്ധയില്‍പെടുത്തിയതിന് നന്ദിയുണ്ടെന്നും ഷെയ്ഖ് അറിയിച്ചു. ഭീമമായ ഒരു തുക ഷെയ്ഖ് വാഗ്ദത്തം ചെയ്യുകയും ചെയ്തു.
നിസാറിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. അസോസിയേഷന്റെ മുഴുവന്‍ ഭാരവാഹികളെയും വിവരം അറിയിച്ചു. 10 ഏക്കര്‍ സ്ഥലമാണ് ഷാര്‍ജ വിമാനത്താവളത്തിന് പിറകില്‍ ശ്മശാനത്തിനായി അനുവദിച്ചത്.
എങ്കിലും നിയമപരമായി ചില കാര്യങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ചില നൂലാമാലകളുടെ കെട്ടഴിക്കണം. ഒരു അഭിഭാഷകന്റെ സഹായത്തോടെ പുതിയൊരു പ്ലാന്‍ തയ്യാറാക്കി. നിരസിക്കാന്‍ കഴിയാത്ത വിധം എല്ലാ പേപ്പര്‍ വര്‍ക്കുകളും മുന്നോട്ട് വെച്ചു. അപേക്ഷ വീണ്ടും ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ സബ്മിറ്റ് ചെയ്തു. അവര്‍ക്കത് സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു.
പിന്നീട് കാര്യങ്ങളെല്ലാം എളുപ്പത്തില്‍ മുന്നോട്ട് നീങ്ങി. ഷാര്‍ജ എയര്‍പോര്‍ട്ടിന് പിന്നില്‍ ശ്മശാനം നിര്‍മ്മിക്കാനായി അനുവദിച്ച സ്ഥലം വലിയൊരു മരുഭൂമിയാണ്. ഒട്ടകങ്ങള്‍ മേയുന്ന വിശാലമായ ഭൂമി. സ്ഥലം മാത്രമല്ല നിര്‍മ്മാണത്തിന് ആവശ്യമായ വെള്ളം അടക്കമുള്ള സൗകര്യങ്ങളും ഭരണകൂടം സൗജന്യമായി അനുവദിച്ചിരുന്നു.
ഇനി നിര്‍മ്മാണം തുടങ്ങണം. ശ്മശാനത്തിന് തറക്കല്ലിടാന്‍ തീരുമാനിച്ചു. കൗണ്‍സല്‍ ജനറലിന്റെ സമയം നോക്കി തീയതി നിശ്ചയിക്കുകയും ചെയ്തു. ഒരു ജനവിഭാഗത്തിന്റെ കാതലായൊരു അഭിലാഷത്തിനാണ് തുടക്കം കുറിക്കാന്‍ പോകുന്നത്. തറക്കല്ലിടല്‍ കര്‍മ്മത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പദ്ധതി പ്രദേശത്ത് പന്തലുയര്‍ന്നു. കസേരകളും നിരന്നു.
തറക്കല്ലിടലിന്റെ തലേന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍ അസോസിയേഷന്‍ പി.ആര്‍.ഒയുടെ ഒരു അപ്രതീക്ഷിത ഫോണ്‍ കോള്‍ നിസാറിനെ തേടിയെത്തി. തറക്കല്ലിടല്‍ ചടങ്ങിനായി സ്ഥാപിച്ച പന്തല്‍ പരിസരവാസികള്‍ തകര്‍ത്തിരിക്കുന്നു. തങ്ങള്‍ ഒട്ടകം മേയ്ക്കുന്ന സ്ഥലമാണിതെന്നും അവിടെ ഒരു നിര്‍മ്മാണവും സമ്മതിക്കില്ലെന്നുമുള്ള വാശിയിലാണ് സ്വദേശികളായ പരിസരവാസികള്‍.
വീണ്ടും ആശങ്കയുടെ മണിക്കൂറുകള്‍. രാജാവ് കനിഞ്ഞിട്ടും പ്രജകളുടെ തടസവാദം. എന്നാല്‍ ഒരു വിധേനയും പിന്നോട്ടില്ലെന്നും നിസാറും അസോസിയേഷന്‍ ഭാരവാഹികളും തീരുമാനിക്കുന്നു. തറക്കല്ലിടാന്‍ നിശ്ചയിച്ച സമയം മാറ്റാനും പറ്റില്ല. എതിര്‍പ്പുകള്‍ ചെവിക്കൊള്ളാന്‍ നിന്നാല്‍ ഇനി ഒരിക്കലും ഇവിടെ ശ്മശാനം നിര്‍മ്മിക്കാനാവില്ല. നിസാര്‍ ഉടന്‍ തന്നെ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണനേയും കൂട്ടി അസോസിയേഷന്‍ ഓഫീസില്‍ ചെന്നു. കൗണ്‍സല്‍ ജനറലിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ നടത്താമെന്നും അധികം ആളുകളെ കൂട്ടാതെ തറക്കല്ലിടല്‍ കര്‍മ്മം മാത്രം നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്നെ പദ്ധതി പ്രദേശത്ത് നടത്താമെന്നും തീരുമാനിച്ചു. ചടങ്ങിന് നിശ്ചയിച്ച സമയത്ത് തന്നെ കൗണ്‍സല്‍ ജനറല്‍ അസോസിയേഷന്‍ ഓഫീസിലെത്തി.
ചടങ്ങുകള്‍ അവിടെ നടത്തി തറക്കല്ലിടല്‍ കര്‍മ്മം മാത്രം ഏതാനും പേരെ പദ്ധതി പ്രദേശത്ത് എത്തിച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ നിര്‍വഹിക്കുകയും ചെയ്തു.
തുടര്‍ന്ന് ശ്മശാന നിര്‍മ്മാണത്തിന് കൗണ്‍സല്‍ ജനറല്‍ വ്യവസായ പ്രമുഖരുടെ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ച് മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ സംഭവന പലരും വാഗ്ദാനം ചെയ്തു. എം.എ യൂസഫലി അടക്കമുള്ളവര്‍ സഹായം പ്രഖ്യാപിച്ചവരില്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായി. ആധുനിക ജര്‍മ്മന്‍ നിര്‍മ്മിത ഉപകരണങ്ങളാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനായി സ്ഥാപിച്ചത്. മൃതദേഹങ്ങള്‍ നിമിഷ നേരങ്ങള്‍ക്കകം ദഹിപ്പിക്കാന്‍ പറ്റുന്ന, പുകയെ ശുദ്ധവായുവാക്കി മാറ്റുന്ന ആധുനിക ടെക്‌നോളജിയാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയത്. 10 വര്‍ഷം പിന്നിട്ടു. 650ലേറെ മൃതദേഹങ്ങള്‍ ഇതിനകം ഇവിടെ സംസ്‌കരിച്ചു കഴിഞ്ഞു.
ശ്മശാനത്തിന്റെ കവാടത്തില്‍ പതിച്ച ശിലാഫലകത്തില്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ പേര് കാണാം. അതില്‍ നിസാര്‍ തളങ്കര എന്ന പേര് പ്രത്യേകം തിളങ്ങി നില്‍ക്കുന്നുണ്ട്.
ഹൈന്ദവ സമുദായക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോരാടുകയും അത് സാധിച്ചെടുക്കുകയും ചെയ്ത മുസ്ലിം നാമധാരിയായ ഒരാളുടെ പേരാണത്.
നിസാര്‍ തളങ്കര നിലവില്‍ കെ.എം.സി.സി യു.എ.ഇ ദേശീയ കമ്മിറ്റി ട്രഷററും യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസഫിന്റെ ചെയര്‍മാനുമാണ്. രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന തളങ്കര കടവത്തെ പരേതനായ മജീദ് തളങ്കരയുടെ മകനാണ്.


-ടി.എ ഷാഫി

Related Articles
Next Story
Share it