4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍; പ്രവര്‍ത്തന മികവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തിളക്കവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. രണ്ട് പ്രളയ കാലത്ത് മാത്രം ആലുവ, വയനാട്, കുടക് ഭാഗത്തായി 70 ലക്ഷം രൂപയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കുടക് മേഖലയില്‍ സര്‍വ്വവും നഷ്ടപ്പെട്ട നുറോളം കുടുംബങ്ങള്‍ക്ക് കട്ടിലുകള്‍, കിടക്കകള്‍, ബെഡ് ഷീറ്റുകള്‍, വസ്ത്രങ്ങള്‍, നിത്യേപയോഗ സാധനങ്ങള്‍ തുടങ്ങി അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയ്തു നല്‍കി. ആലുവയിലും വയനാട്ടും വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, […]

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തിളക്കവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്.
രണ്ട് പ്രളയ കാലത്ത് മാത്രം ആലുവ, വയനാട്, കുടക് ഭാഗത്തായി 70 ലക്ഷം രൂപയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കുടക് മേഖലയില്‍ സര്‍വ്വവും നഷ്ടപ്പെട്ട നുറോളം കുടുംബങ്ങള്‍ക്ക് കട്ടിലുകള്‍, കിടക്കകള്‍, ബെഡ് ഷീറ്റുകള്‍, വസ്ത്രങ്ങള്‍, നിത്യേപയോഗ സാധനങ്ങള്‍ തുടങ്ങി അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയ്തു നല്‍കി. ആലുവയിലും വയനാട്ടും വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷണക്കിറ്റുകള്‍ എന്നിവ ക്ലബ്ബ് അംഗങ്ങള്‍ നേരിട്ടു പോയി നല്‍കുകയായിരുന്നു. ഉപയോഗ ശൂന്യമായി കിടന്ന വീടുകള്‍ വൃത്തിയാക്കി നല്‍കുകയും ചെയ്തിരുന്നു.
സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്, വൃക്ക രോഗികള്‍ക്കായി 3 ഡയാലിസിസ് മെഷീനുകള്‍, നഗരത്തിലെത്തുന്നവര്‍ക്ക് വിശപ്പടക്കാന്‍ ജില്ലാ പൊലീസുമായി സഹകരിച്ചുള്ള അക്ഷയ പാത്രം എന്നിവ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ പ്രൊജക്ടുകളാണ്.
ആംബുലന്‍സ് സര്‍വ്വീസ് 110 ഓളം രോഗികളെ തികച്ചും സൗജന്യമായി എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി, മംഗലാപുരം തുടങ്ങിയ ആസ്പത്രികളിലും മറ്റ് ലക്ഷ്യ സ്ഥാനത്തുമെത്തിച്ചിട്ടുണ്ട്. ക്ലബ്ബ് അംഗങ്ങള്‍ തന്നെയാണ് ആംബുലന്‍സ് ഓടിക്കുന്നതും യാത്രക്ക് വേണ്ട ഇന്ധനം സംഭാവന ചെയ്യുന്നതും. മാലിക് ദീനാര്‍ ആസ്പത്രിയുമായി സഹകരിച്ച് 3 ഡയാലിസിസ് മെഷീനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് സേവനം.
കോവിഡ് കാലത്ത് ഭക്ഷണക്കിറ്റുകള്‍, മാസ്‌ക്, സണ്‍ ഗ്ലാസ്സ്, സാനിറ്റൈസര്‍, നിത്യോപയോഗ സാധനങ്ങള്‍, രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം, ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ടി.വി, മൊബൈല്‍ ഫോണുകല്‍ എന്നിങ്ങിനെ ഏകദേശം 20 ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. കോവിഡ് ഡ്യൂട്ടിക്കിടയില്‍ പരിക്കു പറ്റിയ പൊലീസുകാരന് ഒരു ലക്ഷം രൂപ ധനസഹായവും നല്‍കി.
ഹോം ഫോര്‍ ഹോം ലെസ്സ് പദ്ധതിയില്‍ ഈ വര്‍ഷം 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും 15 വീടുകള്‍ റിപ്പയര്‍ ചെയ്തു വാസ യോഗ്യമാക്കുകയും ചെയ്തു. അംഗപരിമിതര്‍ക്കായി 50 പൊയ്ക്കാലുകളും ക്ലബ്ബ് സംഭാവന ചെയ്തിട്ടുണ്ട്. ക്ലബ്ബ് അംഗങ്ങളില്‍ നിന്നും മാത്രം സ്വരൂപിക്കുന്ന പണമുപയോഗിച്ചാണ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും, മാഹിയുമടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318-ഇയിലെ മികച്ച ക്ലബ്ബാണ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. ഈ പ്രവര്‍ത്തന വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ 166 ക്ലബ്ബുകളില്‍ തൊട്ടടുത്ത ക്ലബ്ബിനെക്കാള്‍ ഒരു ലക്ഷത്തോളം പോയിന്റിന് മുന്നിലാണ് ചന്ദ്രഗിരി.
ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.എം.നൗഷാദ് (പ്രസി.), ഷാഫി എ. നെല്ലിക്കുന്ന് (സെക്ര.), എം.എ. അബൂബക്കര്‍ സിദ്ദീഖ് (ട്രഷ.). പി.ബി അബ്ദുല്‍ സലാം, അഷ്റഫ് ഐവ (വൈ. പ്രസി.), സുനൈഫ് എം.എ.എച്ച് (ജോ.സെക്ര.), മജീദ് ബെണ്ടിച്ചാല്‍ (എല്‍.സി.എഫ് കോര്‍ഡിനേറ്റര്‍) ഷാഫി നാലപ്പാട് (മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍), ഷിഹാബ് തോരവളപ്പില്‍ (പി.ആര്‍.ഒ).

Related Articles
Next Story
Share it