സെര്‍വര്‍ തകരാര്‍: റേഷന്‍ മസ്റ്ററിംഗ് മുടങ്ങി, ജനങ്ങള്‍ വലഞ്ഞു

കാസര്‍കോട്/കാഞ്ഞങ്ങാട്: ഇന്ന് മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്താനിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് തുടക്കത്തില്‍ തന്നെ തടസപ്പെട്ടു. ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാര്‍ മൂലമാണ് മസ്റ്ററിംഗിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായത്. ഇതോടെ കൂലിപ്പണി അടക്കം ഒഴിവാക്കി കുടുംബത്തോടെ മസ്റ്ററിംഗിനെത്തിയ ജനങ്ങള്‍ ദുരിതത്തിലായി. രാവിലെ 8 മുതല്‍ രാത്രി 7 വരെ മസ്റ്റിംഗ് നടത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡും ആധാറുമായി നിരവധി പേര്‍ എത്തിയിരുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കയാണ്. ഇപ്പോഴത്തെ […]

കാസര്‍കോട്/കാഞ്ഞങ്ങാട്: ഇന്ന് മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്താനിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് തുടക്കത്തില്‍ തന്നെ തടസപ്പെട്ടു. ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാര്‍ മൂലമാണ് മസ്റ്ററിംഗിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായത്. ഇതോടെ കൂലിപ്പണി അടക്കം ഒഴിവാക്കി കുടുംബത്തോടെ മസ്റ്ററിംഗിനെത്തിയ ജനങ്ങള്‍ ദുരിതത്തിലായി. രാവിലെ 8 മുതല്‍ രാത്രി 7 വരെ മസ്റ്റിംഗ് നടത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡും ആധാറുമായി നിരവധി പേര്‍ എത്തിയിരുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കയാണ്. ഇപ്പോഴത്തെ കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍, മസ്റ്ററിംഗിന് നിരവധി പേര്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തിരുന്ന് മുഷിയുന്ന കാഴ്ചയാണ് കണ്ടത്. മെഷീന്‍ തകരാര്‍ എപ്പോള്‍ മാറിക്കിട്ടുമെന്നറിയാതെ ജനങ്ങള്‍ റേഷന്‍കടയില്‍ കൂടി നിന്ന് എരിപിരികൊണ്ടു. ഇ-കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിനാണ് ഇപ്പോള്‍ മസ്റ്ററിംഗ് നടത്തുന്നത്. തങ്ങളുടെ അവധി ദിവസം മസ്റ്ററിംഗ് നടത്തുന്നതില്‍ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു ദിവസം അവധി അനുവദിച്ചു തരാമെന്ന വ്യവസ്ഥയിലാണ് ഇപ്പോഴത്തെ മസ്റ്ററിംഗ്. അതേസമയം ഉച്ചയോടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രം ഇന്ന് മസ്റ്ററിംഗ് നടത്തുമെന്നാണ് അറിയിപ്പ്.
ഇ- പോസ് മെഷീന്റെ കാര്യക്ഷതയില്ലായ്മ മൂലം മണിക്കൂറുകള്‍ കാത്ത് നിന്ന് ആളുകള്‍ തിരിച്ചു പോകുകയാണ്. ശേഷി കുറഞ്ഞ സെര്‍വര്‍ കാരണമാണ് മസ്റ്ററിംഗ് അവതാളത്തിലായത്.
പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ സിവില്‍ സപ്ലൈസ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it