61-ാമത് സ്‌കൂള്‍ കലോത്സവം ബാക്കിവെച്ചത്...

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നന്നായി കടന്നുപോയി. കോഴിക്കോട് നഗരം മികച്ച സംഘാടക മികവാണ് കാട്ടിയത്.പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ കലാവാസനയെയും കൂടി തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്ന സ്‌കൂള്‍ കലോത്സവം ഓരോ കൗമാരക്കാരന്റെയും ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്.പാടാന്‍ കഴിവുള്ളവര്‍ പാടിയും പ്രസംഗത്തിലെ കേമന്മാര്‍ പ്രസംഗിച്ച് കൊമ്പ് കോര്‍ത്തും പിന്നെ നൃത്തങ്ങളും ഒപ്പനയും ദഫ് മുട്ടും കോല്‍ക്കളിയും മിമിക്രിയും മോണോആക്ടുമൊക്കെ അവതരിപ്പിച്ചു ആടി തിമിര്‍ക്കുന്ന ദിനങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും പറഞ്ഞറിയിക്കാന്‍ പറ്റാത്ത പൊലിവാണ്. […]

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നന്നായി കടന്നുപോയി. കോഴിക്കോട് നഗരം മികച്ച സംഘാടക മികവാണ് കാട്ടിയത്.
പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ കലാവാസനയെയും കൂടി തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്ന സ്‌കൂള്‍ കലോത്സവം ഓരോ കൗമാരക്കാരന്റെയും ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്.
പാടാന്‍ കഴിവുള്ളവര്‍ പാടിയും പ്രസംഗത്തിലെ കേമന്മാര്‍ പ്രസംഗിച്ച് കൊമ്പ് കോര്‍ത്തും പിന്നെ നൃത്തങ്ങളും ഒപ്പനയും ദഫ് മുട്ടും കോല്‍ക്കളിയും മിമിക്രിയും മോണോആക്ടുമൊക്കെ അവതരിപ്പിച്ചു ആടി തിമിര്‍ക്കുന്ന ദിനങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും പറഞ്ഞറിയിക്കാന്‍ പറ്റാത്ത പൊലിവാണ്. സ്‌കൂള്‍ തലത്തില്‍ നിന്ന് സബ് ജില്ലയിലേക്കും അവിടുന്ന് ജില്ലയിലേക്കും മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ മിടുക്കന്മാരും മിടുക്കികളും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തില്‍ മത്സരിക്കുമ്പോള്‍ ആ കുട്ടിയുടെ വിജയം അതൊരു ജില്ലയുടെ തന്നെ വിജയമായി പരിഗണിക്കുന്ന ആ സുന്ദര മുഹൂര്‍ത്തം തരുന്ന അനുഭൂതി എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഓരോ വിദ്യാര്‍ത്ഥിയും അവരുടെ കഴിവുകള്‍ പുറത്തെടുക്കുന്ന ഈ ഉത്സവ മാമാങ്കം പലരുടെയും ഭാവി ജീവിതത്തിലേക്കുള്ള വഴി തുറക്കല്‍ കൂടിയാണ്. മലയാള സിനിമ ഇന്‍ഡസ്ട്രി മുതല്‍ മറ്റു പല രീതിയിലേക്കുള്ള വഴി തിരിവായി മാറുന്നതാണ് ഈ കലോത്സവമെന്നത് നമുക്കറിയാവുന്ന കാര്യം തന്നെയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവമെന്ന് വിശേഷിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന ഈ സ്‌കൂള്‍ കലോത്സവം അത് വെറും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, അവരുടെ മാതാപിതാക്കള്‍ മുതല്‍ അവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി അവരുടെ വിജയം കാത്തിരിക്കുന്ന അധ്യാപകര്‍ക്കും പരിശീലകര്‍ക്കും ഇത് ഉറക്കമില്ലാത്ത രാത്രികളാണ്.
കഴിഞ്ഞ പ്രാവശ്യം ഈ വലിയ ഉത്സവ മാമാങ്കത്തിന് നമ്മുടെ കാസര്‍കോട് ജില്ല ആതിഥേയത്വം വഹിച്ചപ്പോള്‍ നമ്മളും നേരിട്ടനുഭവിച്ചവരാണ് ഈ ഉത്സവ പൊലിമ.
ഹലുവയുടെ നാടായ കോഴിക്കോടിന്റെ മണ്ണില്‍ മിഠായി തെരുവിന്റെ മധുരത്തില്‍ അറുപത്തിയൊന്നാം സ്‌കൂള്‍ കലോത്സവം മത്സരത്തിനെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും കാണാനെത്തിയ വലിയ ജനാവലിയും നന്നായി ആസ്വദിക്കുകയുണ്ടായി. കോഴിക്കോട് തന്നെ സ്വര്‍ണകപ്പ് സ്വന്തമാക്കി. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി. കാസര്‍കോട് ജില്ല സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കലോത്സവത്തിലെ മികച്ച ഹൈസ്‌കൂള്‍ വിഭാഗത്തിനുള്ള ട്രോഫി കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ സ്വന്തമാക്കി.
നമ്മുടെ മക്കള്‍ അവര്‍ മിടുക്കന്മാരാണ്. അവര്‍ നാളെയുടെ ഭാവി വാഗ്ദാനങ്ങളാണ്. അവര്‍ സിലബസിലുള്ള പാഠങ്ങള്‍ക്കൊപ്പം തന്നെ കലയെയും കായികത്തെയും നെഞ്ചിലേല്‍ക്കട്ടെ. അവര്‍ക്കിഷ്ടമുള്ള മേഖലകള്‍ തിരഞ്ഞെടുത്ത് അവരതില്‍ മുന്നേറട്ടെ. അവരുടെ അഭിരുചികള്‍ മനസ്സിലാക്കി അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കി അധ്യാപകരും മാതാപിതാക്കളും കൂടെ നിന്നാല്‍ നാളെ നമ്മുടെ മക്കളും ഉയരങ്ങള്‍ കീഴടക്കുമെന്നതില്‍ നിസ്സംശയം പറയാന്‍ കഴിയും.


-അച്ചു പച്ചമ്പള

Related Articles
Next Story
Share it