പാലക്കാട്: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ താമസ സ്ഥലത്തു നിന്ന് പൊലീസ് എന്ന് പറഞ്ഞെത്തിയ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍ നിന്നാണ് നാലംഗ സംഘം സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്നും പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയതെന്നും സ്വപ്‌ന പറഞ്ഞു. എന്നാല്‍ പൊലീസ് യൂണിഫോമിലല്ലായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചില്ലെന്നും സ്വപ്‌ന പറഞ്ഞു. തന്റെ കൂടെ നില്‍ക്കുന്നവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഇന്നു രാവിലെ സ്വപ്‌ന സുരേഷ് പാലക്കാട്ടെ തന്റെ ഓഫീസില്‍വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഒന്നും പറഞ്ഞുകഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും പറഞ്ഞ സ്വപ്‌ന സുരേഷ് ചില കാര്യങ്ങള്‍ കൂടി മാധ്യമ പ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ഇതിനിടയില്‍ പി.സി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരെ കാണുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാക്കി കാര്യം പിന്നീടാവാമെന്ന് പറഞ്ഞ് അവര്‍ എണീറ്റുപോയി. തൊട്ടുപിന്നാലെ തിരിച്ചുവന്നാണ് സരിത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്നും തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞത്.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന രാവിലെ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന പാലക്കാട് എച്ച്.ആര്‍.ഡി.എസില്‍ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു സ്വപ്‌ന.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി.