ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി സ്വന്തം പേര് നല്‍കി മോദി; മൊട്ടേര സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം; പേരുമാറ്റിയത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്; പ്രതിഷേധം വ്യാപകം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി സ്വന്തം പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുക്കിപ്പണിത മൊട്ടേര സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം ആയിരിക്കും. സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രഖ്യാപനം നടത്തിയത്. നവീകരിച്ചതിന് ശേഷമുള്ള ആദ്യ രാജ്യന്തര മത്സരം ബുധനാഴ്ച ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പേരുമാറ്റിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ […]

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി സ്വന്തം പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുക്കിപ്പണിത മൊട്ടേര സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം ആയിരിക്കും. സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രഖ്യാപനം നടത്തിയത്. നവീകരിച്ചതിന് ശേഷമുള്ള ആദ്യ രാജ്യന്തര മത്സരം ബുധനാഴ്ച ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പേരുമാറ്റിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

അഹമ്മദാബാദ് നഗരത്തില്‍ ആസൂത്രണം ചെയ്യുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവിന്റെ ഭാഗമായിരിക്കും നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. 'ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് മൊട്ടേര സ്റ്റേഡിയമെന്ന ആശയം മുന്നോട്ടുവച്ചത്. ആ സമയത്ത് അദ്ദേഹം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു' സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേരു നല്‍കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി വിശദീകരിച്ചു.

'പ്രകൃതിയോടിണങ്ങിക്കൊണ്ടുള്ള വികസനത്തിന്റെ ഉദാഹരണമാണ് ഈ സ്റ്റേഡിയം. സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവിനോടും മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തോടും ബന്ധിപ്പിച്ച്, നാരാണ്‍പുരയിലും ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയും. ഏതു രാജ്യാന്തര മത്സരവും നടത്താന്‍ ശേഷിയുള്ളതായിരിക്കും ഈ മൂന്നും. ഭാവിയില്‍ അഹമ്മദാബാദ് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് സിറ്റി എന്ന് അറിയപ്പെടും' രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ നരേന്ദ്ര മോദി ആതിഥ്യമരുളിയത് ഇവിടെയാണ്. ഒരു ലക്ഷത്തി പതിനായിരമാണ് സ്റ്റേഡിയത്തിന്റെ ഗാലറി ശേഷി. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ഡേ നൈറ്റ് ടെസ്റ്റാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകള്‍ക്കു പ്രവേശനമുണ്ടാകും. അതുതന്നെ ഒരു വലിയ സ്റ്റേഡിയത്തോളം വരും, അതായത് 55,000 സീറ്റുകളില്‍ കാണികളെ കയറ്റാനാകും.

അതേസമയം പട്ടേലിന്റെ പേരുമാറ്റി മോദിയുടെ പേരിട്ടതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവര്‍ തുറന്നടിച്ച് രംഗത്തെത്തി. മോദിയുടെ പേരില്‍ സ്റ്റേഡിയം വന്നു. അദാനി, റിലയന്‍സ് തുടങ്ങിവരുടെ പേരില്‍ എന്‍ഡുകളും വരും. രാഹുല്‍ ഗാന്ധി പരിഹസിച്ചു.

'തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്റ്റേഡിയത്തിന്റെ പേര് എന്ന് അവര്‍ മനസ്സിലാക്കിയിരിക്കാം! അല്ലെങ്കില്‍ ട്രംപിനെപ്പോലെ അടുത്ത സന്ദര്‍ശക രാഷ്ട്രത്തലവന്‍ ഇവിടെ ഹോസ്റ്റുചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇത് മുന്‍കൂട്ടി ബുക്കിങ് ആയിരിക്കുമോ? അതോ ഇത് പേരിടല്‍ മഹാമഹത്തിലൂടെ ചരിത്രം സൃഷ്ടിക്കാനുള്ള തുടക്കമാണോ' ശശി തരൂര്‍ എംപിയും ചോദിക്കുന്നു

ജീവിച്ചിരിക്കുന്ന ആളുടെ പേരില്‍ ആദ്യമായിട്ടാണ് ഒരു സ്ഥലത്തിന്റെ പേരുമാറ്റുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാന്ദിയുടെ പ്രതികരണം. നരേന്ദ്ര മോദി മൊട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയമായി മാറ്റി. നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്. ഗൗരവ് പാന്ദി ട്വീറ്റ് ചെയ്തു.

'ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പേരുമാറ്റിയിരിക്കുന്നു. ഇത് സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമല്ലേ? സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ടു ചോദിക്കുന്നവര്‍ അദ്ദേഹത്തെ ഇപ്പോള്‍ അപമാനിക്കുകയാണ്. സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്നതിനെ ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ല. കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.

Related Articles
Next Story
Share it