സന്തോഷം കൊണ്ട് വയ്യേ...

ഇന്ന് മുഹമ്മദ് പട്‌ള ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി, ഫഌഡ്‌ലൈറ്റില്‍ കുളിച്ച മഞ്ചേരിയിലെ സ്റ്റേഡിയത്തില്‍ കേരളം വിജയപതാക പറപ്പിച്ചപ്പോള്‍ കേരളത്തിന് അത് സന്തോഷപ്പെരുന്നാള്‍ കൂടിയായി. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ വീഴ്ത്തി കേരളം കപ്പ് നെഞ്ചോട് ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ പവലിയനില്‍ ടീമിനൊപ്പം ആഹ്ലാദംകൊണ്ട് തുള്ളിച്ചാടിയ ഒരു കാസര്‍കോട്ടുകാരനുണ്ടായിരുന്നു. പടഌസ്വദേശി മുഹമ്മദ്. കേരള ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ്. കപ്പ് നേടാന്‍ കേരള ടീമംഗങ്ങളെ ശാരീരികമായി സജ്ജമാക്കിയ കാസര്‍കോട്ടുകാരന്‍. ഇത്തവണ സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമില്‍ കളിക്കാരനായി കാസര്‍കോട് ജില്ലയില്‍ […]

ഇന്ന് മുഹമ്മദ് പട്‌ള
ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി, ഫഌഡ്‌ലൈറ്റില്‍ കുളിച്ച മഞ്ചേരിയിലെ സ്റ്റേഡിയത്തില്‍ കേരളം വിജയപതാക പറപ്പിച്ചപ്പോള്‍ കേരളത്തിന് അത് സന്തോഷപ്പെരുന്നാള്‍ കൂടിയായി. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ വീഴ്ത്തി കേരളം കപ്പ് നെഞ്ചോട് ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ പവലിയനില്‍ ടീമിനൊപ്പം ആഹ്ലാദംകൊണ്ട് തുള്ളിച്ചാടിയ ഒരു കാസര്‍കോട്ടുകാരനുണ്ടായിരുന്നു. പടഌസ്വദേശി മുഹമ്മദ്. കേരള ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ്. കപ്പ് നേടാന്‍ കേരള ടീമംഗങ്ങളെ ശാരീരികമായി സജ്ജമാക്കിയ കാസര്‍കോട്ടുകാരന്‍.
ഇത്തവണ സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമില്‍ കളിക്കാരനായി കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആരുമുണ്ടായിരുന്നില്ല. ഗോള്‍ കീപ്പര്‍ കാസര്‍കോട് കീഴൂര്‍ സ്വദേശി ആസ്പര്‍ ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫൈനല്‍ റൗണ്ടില്‍ പുറത്തായി. കാസര്‍കോട് ജില്ലക്കാരനായ ഒരു കളിക്കാരന്‍ പോലും ടീമില്‍ ഇല്ലല്ലോ എന്ന സങ്കടം അസ്ഥാനത്താക്കിയത് മുഹമ്മദ് പടഌയുടെ സാന്നിധ്യമാണ്. സാധാരണയായി കാസര്‍കോട്ടുകാര്‍ ചെല്ലാത്ത ഒരു മേഖലയാണ് ഫുട്‌ബോള്‍ ടീമുകളിലേക്കുള്ള ഫിസിയോതെറാപ്പിസ്റ്റിന്റെ ജോലി. യുണൈറ്റഡ് പടഌയുടെ താരമായിരുന്ന മുഹമ്മദ് എഞ്ചിനിയറാവാനാണ് ആഗ്രഹിച്ചതെങ്കിലും ഫിസിയോതെറാപ്പി രംഗത്തേക്ക് എത്തിയത് തീര്‍ത്ഥും യാദൃശ്ചികമായാണ്. ഒന്ന് മുതല്‍ നാല് വരെ പടഌയിലെ സ്‌കൂളിലും നാല് മുതല്‍ ഏഴ് വരെ സൗദി അറേബ്യയിലും ഏഴ് മുതല്‍ 10 വരെ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പഠിച്ച മുഹമ്മദ് പടഌഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടുവിന് പടിച്ചുകൊണ്ടിരിക്കെ ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ ഡിഫറന്ററായി നിറഞ്ഞാടിയ താരമായിരുന്നു. പിന്നീട് മംഗളൂരു യേനപ്പോയ കോളേജില്‍ ബി.പി.ടിക്ക് (ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്) ചേര്‍ന്നു. 2018-20 കാലഘഘട്ടത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടി. അയല്‍വാസി ജാവിദാണ് ഫിസിയോതെറാപ്പിയുടെ സാധ്യതകളെ കുറിച്ച് പറഞ്ഞത്. ജാവിദിന്റെ ഒരു ബന്ധു യേനപ്പോയ കോളേജില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്ത് മുള്ളേരിയയിലെ ലത്തീഫ് ഫുട്‌ബോള്‍ ടീമുകളില്‍ ഫിസിയോതെറാപ്പിസ്റ്റിനുള്ള വലിയ സാധ്യതകളെ കുറിച്ച് പറഞ്ഞതോടെ മുഹമ്മദിന് ആവേശമേറി. അതോടെ ഇതേ കുറിച്ച് പഠിക്കാനുള്ള ശ്രമമായി. കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനാണ് മുഹമ്മദിനെ ആദ്യമായി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരത്തില്‍ ഫിസിയോതെറാപ്പിസ്റ്റായി നിയമിക്കുന്നത്. കാസര്‍കോട്ടായിരുന്നു മത്സരം. പിന്നീട് ലക്ഷദ്വീപ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റായി നിയമിതനായി. സൗത്ത് സോണ്‍ മത്സരം കൊച്ചിയില്‍ നടന്നപ്പോള്‍ തന്റെ ജോലിയില്‍ മുഹമ്മദ് കാട്ടിയ മികവ് ശ്രദ്ധിക്കപ്പെട്ടു. ബിരുദം നേടിയ ഉടനെ തന്നെ ബാംഗ്ലൂര്‍ റെബല്‍സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഫിസിയോ തെറാപ്പിസ്റ്റായും ജോലി സമ്പാദിച്ചിരുന്നു. കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ അവസരമായി അദ്ദേഹം കണ്ടു. സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിനെ ശാരീരികമായി ഒരുക്കുക എന്നത് ചില്ലറ ദൗത്യമായിരുന്നില്ല. പരിക്കുകള്‍ ഭേദമാക്കുക എന്നതിലുപരി കളിക്കാരെ പരിക്ക് പിടികൂടാതെ നോക്കുക എന്നതിലായിരുന്നു വലിയ ശ്രദ്ധപതിപ്പിക്കാനുണ്ടായിരുന്നത്. മസില്‍ ഇഞ്ച്വറിയൊക്കെ ഫുട്‌ബോളില്‍ സ്വാഭാവികമാണ്.
മണിക്കൂറുകള്‍ക്കകം കളിക്കാരുടെ പരിക്ക് ഭേദമാക്കി അവരെ കളിക്കാന്‍ പ്രാപ്തരാക്കി എടുക്കുക എന്നത് വലിയ അധ്വാനം തന്നെയായിരുന്നു. കോച്ചുമായി കൂടെക്കൂടെ സംസാരിച്ച് കളിക്കാരുടെ അമിതഭാരം കുറക്കാന്‍ ശ്രമിക്കുകയും വിശ്രമം യഥാസമയം നല്‍കുകയും ചെയ്തുകൊണ്ട് ഇഞ്ച്വറി കൂടാതെ താരങ്ങളെ പ്രാപ്തമാക്കാന്‍ മുഹമ്മദ് നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല. ചില നേരങ്ങളില്‍ കഠിനാധ്വാനം തന്നെ വേണം.
സന്തോഷ് ട്രോഫിയിലെ സെമിഫൈനല്‍ മത്സരം. ഒരു പ്രധാന താരത്തിന് പരിക്കേറ്റു.
അദ്ദേഹം ഇല്ലാതെ ഫൈനല്‍ മത്സരത്തിനിറങ്ങാനാവില്ല. കേരള മാനേജറും ടീം അംഗങ്ങളുമൊക്കെ ടെന്‍ഷനിടിച്ച് നില്‍ക്കുകയാണ്. ഫൈനലിന് മൂന്ന് ദിവസത്തെ സമയമുണ്ട്. മുഹമ്മദ് താരത്തിന്റെ പരിക്ക് ഭേദമാക്കിയെടുത്ത് ഫൈനലില്‍ കളിക്കാന്‍ സജ്ജനാക്കി.
ഫുട്‌ബോള്‍ ക്യാമ്പ് നടക്കുമ്പോള്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുക പതിവ് സംഭവമാണ്. അവരെയൊക്കെ യഥാസമയം പ്രാപ്തരാക്കി എടുക്കാന്‍ വേണ്ടിവരുന്ന അധ്വാനം ചെറുതല്ല. കേരളം പോലുള്ള ടീമുകളില്‍ ഫിസിയോതെറാപ്പിസ്റ്റിന് സഹായികളില്ല. എങ്കിലും തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്ന അഭിമാനവും സന്തോഷവും മുഹമ്മദിനുണ്ട്. സന്തോഷ് ട്രോഫിയില്‍ കേരളം കപ്പ് നേടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ആദ്യ റൗണ്ട് മത്സരത്തില്‍ തന്നെ ബംഗാളിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതോടെ കേരളം കപ്പ് നേടുമെന്ന് ഞങ്ങളെല്ലാവരും ഉറപ്പിച്ചിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. ആദ്യ കളിയില്‍ രാജസ്ഥാനെ തകര്‍ത്ത് മുന്നേറിയ കേരളം രണ്ടാം മത്സരത്തില്‍ ബംഗാളിനേയും തോല്‍പ്പിച്ചതോടെ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.
'ക്യാപ്റ്റന്‍ ജിജോ ജോസഫ് തന്നെയായിരുന്നു കളിയിലെ താരവും ആകര്‍ഷണ കേന്ദ്രവും. ജിജോയുടെ കളിമികവ് ഞങ്ങളില്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ജെസിന്‍ ടി.കെ ഒറ്റമത്സരത്തില്‍ അഞ്ചുഗോളുകള്‍ നേടിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷ പിന്നേയും വളര്‍ന്നു.
ഫൈനലില്‍ ബംഗളിനോട് തോല്‍ക്കുമോ എന്ന ഒരു സംശയം പലരും പ്രകടിപ്പിച്ചുവെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ തന്നെ അവര്‍ക്കെതിരെ വിജയം നേടാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം മുഴുവന്‍ കളിക്കാര്‍ക്കുമുണ്ടായിരുന്നു'-മുഹമ്മദിന്റെ വാക്കുകളില്‍ ആഹ്ലാദത്തിന്റെ ഗോളുകള്‍ നിറഞ്ഞു.

അന്ന് പി.സി ആസിഫ്
കേരളം ഏഴാമതും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത് മലയാളികളികളുടെ ഹൃദയത്തിലാകെ ആഹ്ലാദത്തിന്റെ ഗോള്‍വലയം കുലുക്കുമ്പോള്‍ 2018ല്‍ കൊല്‍ക്കത്തയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം ചൂടിയതിന്റെ ആഹ്ലാദം അന്നത്തെ ടീം മാനേജറായിരുന്ന മൊഗ്രാല്‍ സ്വദേശി പി.സി ആസിഫിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും മധുരം നിറയ്ക്കുന്നു. കൊല്‍ക്കത്തയിലെ സാന്‍ഡ് ലാക് സ്റ്റേഡിയത്തിലായിരുന്നു അന്ന് മത്സരം. 2018 ഏപ്രില്‍ ഒന്നിന് കേരളം സന്തോഷ് ട്രോഫി കിരീടം നെഞ്ചോട് ചേര്‍ത്ത് പിടിച്ച ആ നിമിഷം ആസിഫിന്റെ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായില്ല. ടീം മാനേജറായി ആസിഫ് മാത്രമല്ല കളിക്കാരനായി പിലിക്കോട് സ്വദേശി രാഹുല്‍ കെ.പിയും അന്ന് ടീമിലുണ്ടായിരുന്നു.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല ഫുട്‌ബോള്‍ താരവും മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന പി.സി ആസിഫ് അന്ന് കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു. ആ നിലയില്‍ തന്നെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ക്ഷണിതാവുമായി. സംഘടനാമികവും ചടുലമായ നീക്കങ്ങളും കൊണ്ട് ശ്രദ്ധേയനായിരുന്ന ആസിഫിനെ കെ.എഫ്.എ അന്ന് പല ജോലികളും ഏല്‍പ്പിക്കുമായിരുന്നു. അതിനിടയിലാണ് സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിന് ഒരു സ്‌പോണ്‍സറെ വേണമെന്നുള്ള ആലോചനകള്‍ കെ.എഫ്.എയില്‍ മുറുകിയത്. നേരത്തെ റാംകോ സിമന്റ്‌സായിരുന്നു ടീമിന്റെ മെയിന്‍ സ്‌പോണ്‍സര്‍. എന്നാല്‍ കുറേ വര്‍ഷങ്ങളായി കേരളത്തിന് ചാമ്പ്യന്‍ പട്ടം കിട്ടാത്തതിനാല്‍ റാംകോ സിമന്റ്‌സ് പതുക്കെ പിന്മാറിയിരുന്നു. പുതിയ സ്‌പോണ്‍സറെ താന്‍ കണ്ടെത്താമെന്ന് ആസിഫ് കെ.എഫ്.എ ഭാരവാഹികളെ അറിയിച്ചു. ആസിഫിന്റെ ശ്രമഫലമായാണ് ഐ.സി.എല്‍ പിന്‍കോര്‍പ് കേരള ടീമിന്റെ മുഖ്യസ്‌പോണ്‍സറാവുന്നത്. ആസിഫ് നാട്ടിലെത്തി മൂന്ന് നാള്‍ കഴിഞ്ഞപ്പോള്‍ കെ.എഫ്.എ സെക്രട്ടറി അനില്‍കുമാറിന്റെ ഫോണ്‍ കോള്‍; താങ്കളെ കേരള ടീമിന്റെ മാനേജറാക്കണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ടീമുമായി ആസിഫ് സൗത്ത് സോണ്‍ മത്സരത്തിന് ബംഗളൂരുവില്‍ പോയി. കേരളം ജേതാക്കളാവുകയും ചെയ്തു. സന്തോഷ് ട്രോഫിക്കുള്ള ഫൈനല്‍ റൗണ്ടില്‍ കൊല്‍ക്കത്തയിലേക്ക് തിരിക്കുമ്പോള്‍ വമ്പന്മാരായ ബംഗാളിനെ പുലിമടയില്‍ ചെന്ന് തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആസിഫിനും ടീം കോച്ചിനും പ്രതീക്ഷ വാനോളമുണ്ടായിരുന്നു.
ബഗല്‍പൂരിലെ മിലിട്ടറി കോംപൗണ്ട് പലിശീലനത്തിന് വിട്ടുകിട്ടി. അത് ടീമിന് വലിയ ഗുണം ചെയ്തു. മണിപ്പൂരിനേയും ചണ്ഡിഗഡിനേയും ബംഗാളിനേയും തോല്‍പ്പിച്ച് ആദ്യ റൗണ്ട് മത്സരങ്ങളില്‍ തന്നെ കേരളം മുന്നേറിയപ്പോള്‍ പ്രതീക്ഷക്ക് പിന്നേയും ചിറക് മുളച്ചു.
ബംഗാളിനെ രണ്ടുതവണ പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്. ഇത്തവണത്തേത് പോലെ ബംഗാള്‍ തന്നെയായിരുന്നു ഫൈനല്‍ പോരാട്ടത്തില്‍ എതിരാളി. ഇത്തവണത്തേത് പോലെ തന്നെ ടൈബ്രേക്കറില്‍ തന്നെയായിരുന്നു വിജയവും. അന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിനാന്‍സ് കണ്‍ട്രോള്‍ വൈസ് പ്രസിഡണ്ടായ ഉല്‍പല്‍ദായെ കാണാന്‍ കഴിഞ്ഞതും ഉത്തരദേശത്തിന് വേണ്ടി അഭിമുഖം നടത്താന്‍ കഴിഞ്ഞതും ജീവിതത്തിലെ വലിയ അഭിമാനമായി ആസിഫ് കരുതുന്നു.
കിരീടം നേടിയ കേരള ടീമിന് സംസ്ഥാന സര്‍ക്കാറും സ്‌പോര്‍ട്‌സ് കൗണ്‍സിലുമൊക്കെ നല്‍കിയ സ്വീകരണം തന്റെ ജീവിതത്തിലെ വലിയ അഭിമാനമായാണ് അദ്ദേഹം കാണുന്നത്. 11 കളിക്കാര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കി. കാസര്‍കോട്ടുകാരനായ കെ.പി രാഹുലിന് വീടും നിര്‍മ്മിച്ചുകൊടുത്തു. രാഹുല്‍ ഇപ്പോള്‍ കൊല്‍ക്കത്ത മുഹമ്മദന്‍സിന് വേണ്ടി കളിക്കുകയാണ്. ഇത്തവണ കേരളത്തിന് വേണ്ടി ജേഴ്‌സി അണിഞ്ഞവരില്‍ ഏറെയും പുതുമുഖങ്ങളാണെങ്കിലും രണ്ടുപേര്‍ അന്ന് കൊല്‍ക്കത്തയില്‍ കേരളത്തിന് വേണ്ടി കളിച്ചവരായിരുന്നു. ഗോള്‍കീപ്പര്‍ മിഥുനും സെക്കന്റ് ഗോള്‍കീപ്പര്‍ അജ്മലും.

Related Articles
Next Story
Share it