കാഞ്ഞങ്ങാട്: അനധികൃതമായി പൂഴി കടത്തുവാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങള്‍ പിടികൂടി സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ മേല്‍പറമ്പ് പൊലീസ് റിപ്പോര്‍ട്ട് നല്കി. കീഴൂര്‍, ചെമ്പരിക്ക, കളനാട് ഭാഗങ്ങളിലാണ് പൂഴി കടത്തുന്നതിനിടയില്‍ ഇരുചക്രവാഹനങ്ങള്‍ പിടികൂടിയിരുന്നത്..
പൊലീസ് പരിശോധന ശക്തമായതോടെ പ്രധാന റോഡുകളില്‍ നിന്ന് മാറി പൂഴി കടത്തുകാര്‍ ഊടുവഴികള്‍ തിരഞ്ഞെടുത്തിരുന്നു.
മൂന്നോ നാലോ പ്ലാസ്റ്റിക് ചാക്കുകളില്‍ പൂഴി നിറച്ച് സ്കൂട്ടികള് ഉപയോഗിച്ചാണ് പൂഴി കടത്തുന്നത്. ഒരു ചാക്ക് പൂഴി എത്തിച്ചു കൊടുത്താല്‍ നൂറ് മുതല്‍ ഇരുന്നൂറ് രൂപ വരെ കടത്തുകാര്‍ക്ക് നല്കുവാന് ആവശ്യക്കാരുമുണ്ട്.
പൊലീസിനെ കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് കടത്തുകാര്‍ രക്ഷപ്പെടും. ഇത്തരക്കാരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചാല്‍ അപകടമുണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് പൊലീസ് പരിശോധന നടത്തി വരുന്നത്. മേല്‍പറമ്പ് പൊലീസും കീഴൂര്‍ ഔട്ട് പോസ്റ്റിലെ ഫ്ളയിംഗ് സ്ക്വാഡിലെ പൊലീസുകാരും നിരവധി വാഹനങ്ങള്‍ പിടികൂടിയിരുന്നു.
അതേസമയം പൊലീസ് പിടികൂടുന്ന പല വാഹനങ്ങള്‍ക്കും മതിയായ രേഖകളോ നമ്പറുകളോ പോലും ഉണ്ടാവാറില്ല. വാഹനങ്ങളുടെ ഉടമസ്ഥരെ പിന്നീട് തിരിച്ചറിയുമ്പോള്‍ പലരും നേരത്തേ വില്പന നടത്തിയവയായിരിക്കും.
എന്നാല്‍ ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ ആര്‍സി മാറ്റാത്ത വാഹന ഉടമകളുടെ പേരിലും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിടികൂടുന്ന വാഹനങ്ങള്‍ സര്‍ക്കാറിലേക്ക് കണ്ടു കെട്ടാന്‍ റിപ്പോര്‍ട്ട് നല്കി വരുന്നതായും മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ് പറഞ്ഞു.