കാസര്‍കോട് ജില്ലയിലടക്കം പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ കേസില്‍ അറസ്റ്റിലായ സനല്‍ റിമാണ്ടില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന കവര്‍ച്ചാശ്രമം അടക്കം ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പതിനഞ്ചോളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. നിലവില്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ പടന്നക്കരയില്‍ താമസിക്കുന്ന കോഴിക്കോട് തൊട്ടില്‍പ്പാലം വട്ടപ്പാറ നാലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പ്രതിയെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തതായി ഇന്നലെ ജില്ലാ പൊലീസ് മേധാവി പി. ബിജോയി വാര്‍ത്താ സമ്മേളനത്തില്‍ […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന കവര്‍ച്ചാശ്രമം അടക്കം ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പതിനഞ്ചോളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. നിലവില്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ പടന്നക്കരയില്‍ താമസിക്കുന്ന കോഴിക്കോട് തൊട്ടില്‍പ്പാലം വട്ടപ്പാറ നാലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പ്രതിയെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തതായി ഇന്നലെ ജില്ലാ പൊലീസ് മേധാവി പി. ബിജോയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

ആദ്യം കോടതി, പിന്നെ സ്‌കൂളില്‍,
പിന്നാലെ മരമില്ലില്‍...

ഈ മാസം മൂന്നിന് കാസര്‍കോട് ജില്ലാ കോടതിയിലെ റെക്കാര്‍ഡ് മുറിയുടെ പൂട്ട് പൊളിച്ച് കവര്‍ച്ചാശ്രമം നടത്തിയ ശേഷം തൊട്ടടുത്തുള്ള നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് 500 രൂപ കവര്‍ന്ന സനല്‍ അതേദിവസം രാത്രി നാലാംമൈലിലെ ന്യൂ വെസ്റ്റേണ്‍ മരമില്‍ ഓഫീസ് കുത്തിത്തുറന്ന് 1.80 ലക്ഷം രൂപ കൂടി കവര്‍ന്ന ശേഷം കെ.എസ്.ആര്‍.ടി.സി ബസില്‍ രക്ഷപ്പെടുകയായിരുന്നു. ജില്ലാ കോടതിയിലെയും മറ്റ് വിവിധ കേന്ദ്രങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അങ്കമാലിയിലുണ്ടെന്ന് വ്യക്തമായി. പൊലീസ് സംഘം അങ്കമാലിയിലെത്തി സനലിനെ പിടികൂടുകയായിരുന്നു.
പോസ്റ്റ് ഓഫീസുകള്‍, കോടതികള്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ കൂടുതല്‍ കവര്‍ച്ചകള്‍ നടത്തിയത്. സുല്‍ത്താന്‍ ബത്തേരി, നാദാപുരം കോടതികളിലും സമാന രീതിയില്‍ നേരത്തെ കവര്‍ച്ച നടത്തിയിരുന്നു. കോടതികളിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന ഓഫീസുകളിലാണ് കവര്‍ച്ച. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ജില്ലാ കോടതി സമുച്ചയത്തിലെ താഴത്തെ നിലയില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് റെക്കോഡ് മുറിയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ കോടതിയിലെത്തിയപ്പോഴാണ് റെക്കോഡ് മുറിയുടെ പൂട്ട് തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയത്.
2024 മെയ് 16ന് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയുടെ വരാന്തയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി പഴയ ഫര്‍ണ്ണിച്ചറുകള്‍ സൂക്ഷിച്ച മുറിയുടെ പൂട്ട് തകര്‍ത്ത് മോഷണശ്രമം നടത്തിയതും സനലാണെന്ന് പൊലീസ് പറഞ്ഞു. കോടതികള്‍ക്ക് പുറമെ തപാല്‍ ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കവര്‍ച്ച നടത്താറുണ്ട്. ജൂലൈ 24ന് നീലേശ്വരം മൂന്നാംകുറ്റിയിലെ ബെവ്കോ വിദേശമദ്യവില്‍പ്പനശാലയുടെ പൂട്ട് പൊളിച്ച് താഴത്തെ ഓഫീസ് മുറിയില്‍ നിന്ന് 20,720 രൂപയും സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും കവര്‍ന്നത് സനലാണെന്ന് പൊലീസ് പറഞ്ഞു. ഇവിടത്തെ സി.സി.ടി.വികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമൂലം 30,720 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. മോഷണക്കുറ്റത്തിന് സനല്‍ വിവിധ കാലയളവുകളില്‍ അഞ്ച് വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

പ്രതിയെ ദിവസങ്ങള്‍ക്കകം പിടികൂടി പൊലീസ്
പ്രതിയെ പിടികൂടിയ കാര്യം വിവരിക്കാന്‍ ജില്ലാ പൊലീസ് മേധാവി പി. ബിജോയി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എ.എസ്.പി എ. ബാലകൃഷ്ണന്‍ നായര്‍, ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍ എന്നിവര്‍ അടക്കമുള്ള അന്വേഷണ സംഘാംഗങ്ങളും സംബന്ധിച്ചു. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്.ഐമാരായ വി. രാമകൃഷ്ണന്‍ പരവനടുക്കം, വിജയന്‍ മേലത്ത്, സി.സി ബിജു, എ.എസ്.ഐ വി.കെ പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.എം അബ്ദുല്‍ സലാം, പി. റോജന്‍, എം.ടി രജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.സി ഷിനോയ്, വി.വി ശ്യാംചന്ദ്രന്‍, കെ. ഗണേഷ്‌കുമാര്‍, കെ.വി അജിത്ത്, കെ.വി ഹരിപ്രസാജ്, വിരലടയാള വിദഗ്ധന്‍ പി. നാരായണന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ജില്ലാ കോടതി സമുച്ചയത്തിലെ റെക്കോഡ് റൂമിന്റെ
പൂട്ട് തകര്‍ത്തത് തൊണ്ടിമുതലുകള്‍ കടത്തിക്കൊണ്ടുപോകാന്‍

്കാസര്‍കോട്: പതിനഞ്ചോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ് എന്ന സനല്‍ കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തിലെ റെക്കോഡ് റൂമിന്റെ പൂട്ട് തകര്‍ത്തത് മുറിക്കകത്തുണ്ടായിരുന്ന തൊണ്ടിമുതലുകള്‍ കടത്തിക്കൊണ്ടുപോകാനാണെന്ന് വ്യക്തമായി. അറസ്റ്റിലായ സനലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കേസ് സംബന്ധമായ രേഖകളും ഫയലുകളും പ്രതി ലക്ഷ്യമിട്ടിരുന്നില്ല. തൊണ്ടിമുതലുകളില്‍ സ്വര്‍ണ്ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുണ്ടാകും. സ്വര്‍ണ്ണവും മറ്റും റെക്കോഡ് റൂമിലുണ്ടെങ്കില്‍ അത് കടത്തിക്കൊണ്ടുപോകാന്‍ തീരുമാനിച്ചാണ് രാത്രി ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് കോടതിക്കകത്ത് കയറിയതെന്ന് പ്രതി വെളിപ്പെടുത്തി. കോഴിക്കോട്ടെ ഒരു കോടതിയിലെ റെക്കോഡ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന സനലിന് തൊണ്ടിമുതലായ നാലുപവന്‍ സ്വര്‍ണ്ണം ലഭിച്ചിരുന്നു. ഇതോടെയാണ് കോടതികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച തുടരാന്‍ കാരണമെന്ന് സനല്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി വിദ്യാനഗറിലെ കോടതി പരിസരത്തേക്ക് ബസ്സ്റ്റാന്റില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ചാണ് സനല്‍ എത്തിയത്. തുടര്‍ന്ന് കോടതി സമുച്ചയത്തിലെ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറുകയും റെക്കോഡ് റൂമിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് കോടതിയില്‍ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എത്തിയതോടെയാണ് സനല്‍ ഓടി രക്ഷപ്പെട്ടത്. പിന്നീട് നായന്‍മാര്‍മൂലയിലെ ടി.ഐ.എച്ച്.എസ്.എസില്‍ സ്‌കൂളിലെത്തിയ പ്രതി ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മേശവലിപ്പിലുണ്ടായിരുന്ന പണം കൈക്കലാക്കുകയായിരുന്നു. ചെങ്കള നാലാംമൈലിലെ മരമില്ലിലെത്തി പൂട്ട് പൊളിച്ച് അകത്തുകടന്നാണ് മേശവലിപ്പിലുണ്ടായിരുന്ന 1.80 ലക്ഷം രൂപ കവര്‍ന്നത്. ഇതിന് ശേഷം വസ്ത്രം മാറി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു.
ഗൂഗിള്‍ മാപ്പ് വഴിയാണ് സനല്‍ കോടതികളുടെ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നത്. കവര്‍ച്ചക്ക് പദ്ധതി ആസൂത്രണം ചെയ്താല്‍ അടുത്ത രാത്രിയില്‍ തന്നെ അവിടെയെത്തും. കെ.എസ്.ആര്‍.ടി.സി ബസിലാണ് കൂടുതലും യാത്ര ചെയ്യാറുള്ളത്. കവര്‍ച്ചക്ക് ശേഷം വസ്ത്രം മാറി കിട്ടുന്ന ബസ്സില്‍ തിരിച്ചുപോകും. കവര്‍ച്ചാക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കാസര്‍കോട് സ്വദേശി റിയാസ്, ഫാറൂഖ് എന്നിവരുമായി സൗഹൃദത്തിലാവുകയും ഇവര്‍ക്കൊപ്പം കാസര്‍കോട്ടെ ഒരു മില്ലില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ സനല്‍ ഒന്നരവര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം കോയമ്പത്തൂരില്‍ പോയി അവിടത്തെ ഹോട്ടലില്‍ ജോലിയാരംഭിച്ചു.
കോയമ്പത്തൂരിലും മോഷണം നടത്തി. വയനാട് വെള്ളമുണ്ട, കണ്ണൂര്‍ ധര്‍മ്മടം എന്നിവിടങ്ങളില്‍ സ്‌കൂളുകളും തപാല്‍ ഓഫീസുകളും കുത്തിത്തുറന്ന് മോഷണം നടത്തിയതായും സനല്‍ പൊലീസിനോട് സമ്മതിച്ചു. തലശേരിയിലെ മോഷണക്കേസില്‍ രണ്ടരവര്‍ഷവും വടകരയിലെ കേസില്‍ ഒരുമാസവും ജയിലില്‍ കിടന്നിട്ടുണ്ട്.

Related Articles
Next Story
Share it