'മലയാളി ഫ്രം ഇന്ത്യ'യുടെ ഒറിജിനല്‍ കഥ തന്റേതെന്ന് സാദിഖ് കാവില്‍

ദുബായ്: ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന നിവിന്‍ പോളി ചിത്രം റിലീസായതോടുകൂടി ഒരുപാട് വിവാദങ്ങളാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ആശയവും തന്റേതാണെന്ന് ഉന്നയിച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയതോടെയാണ് വിവാദത്തിന്റെ തുടക്കം. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകന്‍ ഡിജോ ജോസും ഇത് പൂര്‍ണ്ണമായും അവഗണിച്ചു.അതിനിടെയാണ് ചിത്രത്തിന്റെ പ്രമേയവും അതിലെ കുറെ ഭാഗങ്ങളും താന്‍ എഴുതിയ ആല്‍ക്കമിസ്റ്റ് എന്ന തിരക്കഥയില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്ന് വ്യക്തമാക്കി കാസര്‍കോട് സ്വദേശിയായ മാധ്യമ […]

ദുബായ്: ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന നിവിന്‍ പോളി ചിത്രം റിലീസായതോടുകൂടി ഒരുപാട് വിവാദങ്ങളാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ആശയവും തന്റേതാണെന്ന് ഉന്നയിച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയതോടെയാണ് വിവാദത്തിന്റെ തുടക്കം. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകന്‍ ഡിജോ ജോസും ഇത് പൂര്‍ണ്ണമായും അവഗണിച്ചു.
അതിനിടെയാണ് ചിത്രത്തിന്റെ പ്രമേയവും അതിലെ കുറെ ഭാഗങ്ങളും താന്‍ എഴുതിയ ആല്‍ക്കമിസ്റ്റ് എന്ന തിരക്കഥയില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്ന് വ്യക്തമാക്കി കാസര്‍കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ രംഗത്ത് വന്നത്. 2020 മുതല്‍ താന്‍ വളരെയധികം കഠിനാധ്വാനം ചെയ്ത എഴുതിയ ആല്‍ക്കമിസ്റ്റ് എന്ന തിരക്കഥയിലെ ഭാഗങ്ങളാണ് സിനിമയില്‍ കാണാന്‍ സാധിക്കുന്നതെന്ന് സാദിഖ് പറയുന്നു. അടുത്തിടെ മരണപ്പെട്ട സംവിധായകന്‍ നിസാം റാവുത്തറുമൊത്ത് താന്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇതെന്നും സാദിഖ് പറയുന്നു. നിസാമിന്റെ മരണമടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സാദിഖ് പറയുന്നു.
അബുദാബിയിലെ ഒരു ദ്വീപായിരുന്നു തന്റെ തിരക്കഥയുടെ പശ്ചാത്തലം. അവിടെ ഒരേ മുറിയില്‍ ജീവിക്കുന്ന ഒരു മലയാളിയും പാക്കിസ്ഥാനിയും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു പ്രമേയം. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളായിരുന്നു ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ഫീല്‍ഗുഡ് മൂവിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേ ആശയമാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലേതും എന്ന് സിനിമ കണ്ടവര്‍ക്ക് മനസിലാകുമെന്ന് സാദിഖ് പറയുന്നു. സമയക്കുറവുകള്‍ മൂലം നിസാം റാവുത്തര്‍ സംവിധാനത്തില്‍ നിന്ന് പിന്‍മാറിയതോടെ ജിബിന്‍ജോസ് സംവിധാനം ചെയ്യാന്‍ രംഗത്തു വന്നു. 2022ല്‍ തന്റെ പരിചയക്കാരനായ ഒരു സംവിധായകനുമായി പ്രമേയം പങ്കുവെച്ചിരുന്നുവെന്നും ഇതേ പോലുള്ളൊരു കഥ മറ്റൊരാള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അദ്ദേഹം പറയുകയും ചെയ്തതായും സാദിഖ് പറഞ്ഞു. പിന്നീട് ജിബിന്‍ ജോസ് തന്റെ ജോലിത്തിരക്ക് കാരണം മുന്നോട്ടുപോകാന്‍ പ്രയാസമാണെന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ സിനിമയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ വേണ്ടി തയ്യാറാവുകയായിരുന്നു.
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഇതിനകം റിലീസിന് തയ്യാറായി എന്നറിഞ്ഞപ്പോള്‍ ഒരേ ആശയത്തിര്‍ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് തല്‍ക്കാലത്തേക്ക് ഡ്രോപ് ചെയ്യുകയായിരുന്നു. അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് മലയാളി ഫ്രം ഇന്ത്യ റിലീസാകുന്നത്. തന്റെ തിരക്കഥയുടെ പ്രമേയം അറിയാവുന്നവര്‍ ഈ സിനിമയ്ക്ക് അതുമായുള്ള സാമ്യം അറിയിച്ചു. ഷാരിസ് മുഹമ്മദിന്റെ അഭിമുഖത്തില്‍ തിരക്കഥ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അതില്‍ ആല്‍ക്കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമായതെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.
ഇതൊരു വ്യക്തിയുടെ നഷ്ടമോ പ്രശ്‌നമോ ആയി ചുരുക്കിക്കാണരുത്. ഒരു തിരക്കഥ പൂര്‍ത്തിയാക്കാന്‍ എത്രമാത്രം സര്‍ഗശേഷിയും ഊര്‍ജവും ഉപയോഗിക്കേണ്ടി വരുമെന്ന് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ഇത്തരം പ്രവണത സിനിമാ മേഖലയ്ക്ക് തന്നെ ശാപമാണെന്നും അത് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും സാദിഖ് ദുബായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ക്യാമറാമാന്‍ ജിബിന്‍ ജോസ്, ഫിറോസ് ഖാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it