ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സചിതാ റൈ റിമാണ്ടില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അധ്യാപിക ഷേണി സ്വദേശിനി സചിതാറൈ(27)യെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ കോടതി പരിസരത്തുനിന്നാണ് സചിതയെ കസ്റ്റഡിയിലെടുത്തത്. സചിതാറൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ കോടതിയില്‍ കീഴടങ്ങാനാണ് സചിതാറൈ വിദ്യാനഗറിലെത്തിയത്. കൈക്കുഞ്ഞുമായി കോടതി വളപ്പില്‍ കാറിലിരിക്കുകയായിരുന്ന സചിതയെ പൊലീസ് […]

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അധ്യാപിക ഷേണി സ്വദേശിനി സചിതാറൈ(27)യെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ കോടതി പരിസരത്തുനിന്നാണ് സചിതയെ കസ്റ്റഡിയിലെടുത്തത്. സചിതാറൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ കോടതിയില്‍ കീഴടങ്ങാനാണ് സചിതാറൈ വിദ്യാനഗറിലെത്തിയത്. കൈക്കുഞ്ഞുമായി കോടതി വളപ്പില്‍ കാറിലിരിക്കുകയായിരുന്ന സചിതയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ സചിതയെ എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി വിനോദ്കുമാറും സംഘവും സ്ഥലത്തെത്തി. വിദ്യാനഗര്‍ പൊലീസ് സചിതാറൈയെ കൈമാറിയതോടെ കുമ്പള പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്നാണ് പ്രതിയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാണ്ട് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കിദൂരിലെ നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സചിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷത്തോളം രൂപയാണ് നിഷ്മിതയില്‍ നിന്ന് സചിത തട്ടിയെടുത്തത്. നിഷ്മിതയാണ് സചിതാറൈക്കെതിരെ ആദ്യം പരാതി നല്‍കിയത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബദിയടുക്ക, മഞ്ചേശ്വരം, മേല്‍പ്പറമ്പ്, ആദൂര്‍, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലും സചിതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെയായി 11 കേസുകളാണ് സചിതക്കെതിരെയുള്ളത്. കാസര്‍കോട് സി.പി.സി.ആര്‍.ഐ, കേന്ദ്രീയ വിദ്യാലയം, കര്‍ണ്ണാടക എക്സൈസ് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സുഹൃത്തുക്കളില്‍ നിന്നും അടുത്ത പരിചയക്കാരില്‍ നിന്നുമാണ് സചിത പണം വാങ്ങിയത്. നിരവധി കേസുകളുണ്ടായിട്ടും സചിത പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു. ഇതോടെയാണ് സചിതയെ കണ്ടെത്താന്‍ കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്.

Related Articles
Next Story
Share it