ക്രിക്കറ്റ് ഇതിഹാസത്തിന്റെ നാവും അമിത് ഷായുടെ പണയപ്പെട്ടിയിലോ? ഇന്ത്യക്കാരുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തം; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ലോകകപ്പ് മാറോട് ചേര്‍ക്കുമ്പോള്‍ പരിശീലകന്‍ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റണ്‍ ആയിരുന്നുവെന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകസമരത്തെ പിന്തുണച്ച വിദേശ താരങ്ങള്‍ക്കെതിരെ സച്ചിന്‍ സംസാരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ക്രിക്കറ്റ് ഇതിഹാസത്തെയും ഫാസിസം വിലക്കെടുത്തുവെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് മറുപടിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ രംഗത്തെത്തിയത്. ഇന്ത്യക്കാരുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെ […]

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകസമരത്തെ പിന്തുണച്ച വിദേശ താരങ്ങള്‍ക്കെതിരെ സച്ചിന്‍ സംസാരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ക്രിക്കറ്റ് ഇതിഹാസത്തെയും ഫാസിസം വിലക്കെടുത്തുവെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് മറുപടിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ രംഗത്തെത്തിയത്.

ഇന്ത്യക്കാരുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെ എതിര്‍ത്ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സച്ചിന്‍ 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് മാറോട് ചേര്‍ക്കുമ്പോള്‍ ഗാരി കേസ്റ്റണായിരുന്നു പരിശീലകനെന്നും അദ്ദേഹം ദക്ഷിണാഫ്രിക്കക്കാരനായിരുന്നുവെന്നും ഒരാള്‍ ഓര്‍മിപ്പിച്ചു. ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെ ഒരേയൊരു ദൈവമായിരുന്ന സചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് പലരുടെയും വേദനയായി മാറി.

"ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍ കാഴ്ചക്കാരായിരിക്കാം. പക്ഷെ, പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഒരുമിച്ചുനില്‍ക്കാം"- ഇങ്ങനെയായിരുന്നു സചിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ നിരവധി കായിക-സിനിമാ താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. എല്ലാം കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ട്വീറ്റുകള്‍ എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

സന്ദീപ് ദാസ് എന്ന ആളുടെ ഫേസ്ബുക്ക് കാണാം.

ഇപ്പോള്‍ ഒരു കാര്യം മനസ്സിലായില്ലേ? ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവര്‍ന്നുനിന്നാല്‍ വിരണ്ടുപോകുന്നവര്‍ മാത്രമാണ് ഇവിടത്തെ ഫാസിസ്റ്റുകള്‍. റിഹാന എന്ന പോപ് ഗായിക ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ-"ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല...?' ഇതോടെ എല്ലാവര്‍ക്കും നിയന്ത്രണം നഷ്ടപ്പെട്ടു. റിഹാനക്കെതിരെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ വരിവരിയായി രംഗത്തുവന്നു. കങ്കണ റണൗട്ട്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കരണ്‍ ജോഹര്‍ തുടങ്ങിയ സിനിമാക്കാര്‍... സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ, ശിഖര്‍ ധവാന്‍, ആര്‍.പി സിങ്ങ് മുതലായ ക്രിക്കറ്റര്‍മാര്‍. റിഹാനയ്‌ക്കെതിരെ സംസാരിച്ച എല്ലാവര്‍ക്കും ഒരേ ഭാഷയായിരുന്നു. ഏതാണ്ട് ഒരേ വാക്കുകളും. ആരോ പറഞ്ഞുകൊടുത്ത് എഴുതിച്ചതുപോലെ! കര്‍ഷകസമരത്തെക്കുറിച്ച് ഇതേവരെ ഒരു വാക്കുപോലും ഉരിയാടാതിരുന്ന സകല സെലിബ്രിറ്റികളും ഒരുമിച്ച് വായ തുറന്നുവെങ്കില്‍ അതിനുപുറകില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. സിനിമാതാരങ്ങള്‍ക്കും കളിക്കാര്‍ക്കുമെല്ലാം വമ്പിച്ച ഓഫറുകള്‍ ലഭിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം. എന്നിട്ട് ഇവരെല്ലാം ചേര്‍ന്ന് റിഹാനയുടെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നു! അടിപൊളി!

ഇന്ത്യയിലെ കാര്യങ്ങള്‍ ഇന്ത്യക്കാര്‍ നോക്കിക്കോളും എന്നാണ് സച്ചിന്‍ പ്രതികരിച്ചത്. സച്ചിന്‍ ലോകകപ്പ് ജയിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ദക്ഷിണാഫ്രിക്കകാരനായ ഗാരി കേസ്റ്റണായിരുന്നു. ഇംഗ്ലണ്ട് സ്വദേശിയായ ഡേവിഡ് ഷെപ്പേഡ് ആണ് സച്ചിന്റെ ഇഷ്ട അമ്പയര്‍. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ആരാധിച്ചാണ് സച്ചിന്‍ വളര്‍ന്നുവന്നത്. ഇന്ത്യയിലെ കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ല എന്ന സങ്കുചിതയുക്തി മുമ്പൊന്നും സച്ചിന്‍ ഉപയോഗിച്ചിട്ടില്ല എന്ന് സാരം. പെട്ടന്ന് ആ ലോജിക് എങ്ങനെ പൊട്ടിമുളച്ചു? ലിറ്റില്‍ മാസ്റ്ററുടെ നാവ് ഫാഷിസ്റ്റുകള്‍ വാടകയ്‌ക്കെടുത്തതാണ് എന്ന് ഉറപ്പിക്കാം. മനുഷ്യരാണ് ആദ്യം ഉണ്ടായത്. രാജ്യങ്ങളും അതിര്‍ത്തികളുമെല്ലാം പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. ഏറ്റവും പ്രധാനം മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. അത് പറയാന്‍ ദേശീയത ഒരു തടസ്സമേയല്ല. അങ്ങകലെ ജോര്‍ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മലയാളികള്‍ക്ക് വേദനിച്ചില്ലേ? ആ രാഷ്ട്രീയം. നൂറു മില്യണ്‍ ഫോളോവേഴ്‌സുണ്ട് റിഹാനയ്ക്ക്. ആ ലോകത്ത് അഭിരമിച്ചുകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവര്‍ക്ക്. എന്നിട്ടും റിഹാന ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണച്ചില്ലേ? അതാണ് മനുഷ്യത്വത്തിന്റെ രാഷ്ട്രീയം. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത ഔന്നത്യം. റിഹാനയുടെ പ്രസ്താവന ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാഷിസ്റ്റുകളോട് ഒന്നേ പറയാനുള്ളൂ. മിണ്ടാതിരിക്കുന്നതാവും നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ റിഹാനക്കുനേരെ കുരച്ചാല്‍ അവരുടെ ട്വീറ്റ് കൂടുതല്‍ പ്രശസ്തമാവും. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കര്‍ഷകര്‍ക്ക് പിന്തുണയെത്തും. അധികം കളിക്കണ്ട മിത്രങ്ങളേ. ഇത് തീക്കളിയാണ്. കൈ പൊള്ളുന്ന അഭ്യാസമാണ്...

Related Articles
Next Story
Share it