മംഗളൂരു: മംഗളൂരു നഗരത്തിലെ കെഎസ് റാവു റോഡിലുള്ള നാലപ്പാട് അപ്സര ചേമ്പേഴ്സ് കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളവര്‍ ഷോപ്പ് കുത്തിതുറന്ന് ഒമ്പത് ലക്ഷം രൂപ കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കങ്കനാടി സ്വദേശി ഉമ്മറബ്ബയുടെ ഉടമസ്ഥതയിലുള്ളതാണ് കട. 12 വര്‍ഷമായി പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്നു. ഉമ്മറബ്ബ ദിവസവും പണം കടയില്‍ സൂക്ഷിക്കാതെ വീട്ടില്‍ കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍, അടുത്ത ദിവസം പൂ വിതരണക്കാര്‍ക്ക് പണം നല്കേണ്ടതിനാല് ബുധനാഴ്ച ഒന്‍പത് ലക്ഷം രൂപ മേശയുടെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്നു. വൈകിട്ട് ആറ് മണിയോടെ കട പൂട്ടി വീട്ടിലേക്ക് പോയി.
വ്യാഴാഴ്ച രാവിലെ ഉമ്മറബ്ബയുടെ മകന് റിയാസ് കടയിലെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പിതാവ് ഉമ്മറബ്ബയെ വിളിച്ചറിയിച്ചു. ഉമ്മറബ്ബ എത്തി മേശയിലെ ഡ്രോയര്‍ പരിശോധിച്ചപ്പോള്‍ പണം മോഷണം പോയതായി വ്യക്തമായി. 10,000 രൂപയുടെ സിസിടിവി ക്യാമറയും ഡിവിആറും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്.
ചിത്രദുര്‍ഗ, തുംകൂര്‍ ജില്ലകളില്‍ നിന്ന് തനിക്ക് പൂക്കള്‍ എത്തിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ഉമ്മറബ്ബ പറഞ്ഞു. ബന്തര്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.