അറേബ്യന്‍ മണലാരണ്യത്തില്‍ അവസാന വിജയം ആര്‍ക്കൊപ്പം? അഞ്ചാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും കന്നിക്കിരീടത്തിന് കോപ്പ് കൂട്ടി ഡെല്‍ഹി ക്യാപിറ്റല്‍സും

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ചൊവ്വാഴ്ച ദുബൈയില്‍ തിരശ്ശീല വീഴുമ്പോള്‍ അവസാന അങ്കത്തിന് കോപ്പ് കൂട്ടി തയ്യാറായി നില്‍ക്കുന്നത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ശ്രേയസ് അയ്യരുടെ ഡെല്‍ഹി ക്യാപിറ്റല്‍സും. ഐപിഎല്‍ കിരീടങ്ങളുടെ എണ്ണത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള മുംബൈ ലക്ഷ്യം വെക്കുന്നത് അഞ്ചാം കിരീടമാണെങ്കില്‍ ഡെല്‍ഹിക്കിത് കന്നിക്കിരീടമാണ്. ഡെല്‍ഹി ഫൈനലില്‍ എത്തുന്നതും ആദ്യമായാണ്. മുംബൈ ഇതിന് മുമ്പ് അഞ്ച് തവണ ഫൈനല്‍ കളിച്ചു. നാലിലും ചാമ്പ്യന്മാരായി. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബൈ അന്താരാഷ്ട്ര […]

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ചൊവ്വാഴ്ച ദുബൈയില്‍ തിരശ്ശീല വീഴുമ്പോള്‍ അവസാന അങ്കത്തിന് കോപ്പ് കൂട്ടി തയ്യാറായി നില്‍ക്കുന്നത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ശ്രേയസ് അയ്യരുടെ ഡെല്‍ഹി ക്യാപിറ്റല്‍സും. ഐപിഎല്‍ കിരീടങ്ങളുടെ എണ്ണത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള മുംബൈ ലക്ഷ്യം വെക്കുന്നത് അഞ്ചാം കിരീടമാണെങ്കില്‍ ഡെല്‍ഹിക്കിത് കന്നിക്കിരീടമാണ്. ഡെല്‍ഹി ഫൈനലില്‍ എത്തുന്നതും ആദ്യമായാണ്. മുംബൈ ഇതിന് മുമ്പ് അഞ്ച് തവണ ഫൈനല്‍ കളിച്ചു. നാലിലും ചാമ്പ്യന്മാരായി.

ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ഒമ്പതും ജയിച്ച് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈ ഒന്നാം ക്വാളിഫയറില്‍ ഡെല്‍ഹിയെ തന്നെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി എത്തിയ ഡെല്‍ഹി ആദ്യ ക്വാളിഫയറില്‍ മുംബൈയോട് തോറ്റെങ്കിലും തുടര്‍ച്ചയായ വിജയവുമായി എത്തിയ ഹൈദരാബാദിനെ എലിമിനേറ്ററില്‍ പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

കണക്കും ചരിത്രവും മുംബൈയ്ക്ക്

ഐപിഎല്‍ കണക്കുപട്ടികയില്‍ ഏതാണ്ട് എല്ലായ്‌പ്പോഴും മുംബൈ തന്നെയാണ് മുന്നിലുണ്ടാവാറുള്ളത്. ഇന്നും അതിന് മാറ്റമൊന്നുമില്ല. ഐപിഎല്ലില്‍ ഇരുടീമുകളും 27 തവണ പരസ്പരം ഏറ്റമുട്ടിയപ്പോള്‍ 15 തവണയും മുംബൈ ജയിച്ചു. 12 ജയം ഡെല്‍ഹിക്കൊപ്പവും. സീസണ്‍ തുടങ്ങുമ്പോള്‍ 24ല്‍ 12 വീതം ജയമായിരുന്നു ഇരുടീമുകളും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ക്വാളിഫയറടക്കം മൂന്ന് തവണ ഏറ്റമുട്ടിയപ്പോള്‍ മൂന്നും മുംബൈ വിജയം നേടി.

താരാധിപത്യം

ഇരുടീമുകളും മികച്ച താരനിരയെ ആണ് അണിനിരത്തുന്നത്. പക്ഷേ ഡെല്‍ഹി താരങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നതും മുംബൈ ഓരോരുത്തരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നുവെന്നതാണ് വ്യത്യാസം. ശക്തരായ ഇന്ത്യന്‍ യുവനിരയാണ് ഡെല്‍ഹിക്കുള്ളത്. പൃഥ്വി ഷാ, അയ്യര്‍, പന്ത്, അക്ഷര്‍ പട്ടേല്‍ എന്നിവരോടൊപ്പം പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍, രഹാനെ, സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരെല്ലാമുണ്ട്. ധവാന്റെ ഫോമിനെ വിശ്വസിക്കാനും അവിശ്വസിക്കാനും സാധിക്കാത്ത സാഹചര്യമാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടി ഞെട്ടിച്ച താരം പിന്നീട് ആറ് കളികളില്‍ നാലിലും രണ്ടക്കം കടന്നില്ലെന്ന് മാത്രമല്ല, മൂന്ന് തവണ വട്ടപ്പൂജ്യമാവുകയും ചെയ്തു. രണ്ട് കളികള്‍ അര്‍ധസെഞ്ചുറിയും നേടി. ഇതുവരെ നാല് ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയുമായി 603 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ്. 67 റണ്‍സ് കൂടി നേടാനായാല്‍ കെ എല്‍ രാഹുലിനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് ധവാന് സ്വന്തമാക്കാം. ഓപ്പണിംഗില്‍ പലപ്പോഴും നിറംമങ്ങിയ പൃഥ്വി ഷായ്ക്ക് പകരം ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഓപ്പണിംഗ് റോളില്‍ എത്തിയത് ഡെല്‍ഹിക്ക് കഴിഞ്ഞ കളിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും വെല്ലുവിളി സൃഷ്ടിക്കാന്‍ പോന്ന ഒരു ഇന്നിംഗ്‌സ് കാഴ്ചവെക്കാനായിട്ടില്ല.

മുംബൈയ്ക്ക് ക്വിന്റണ്‍ ഡീകോക്ക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ 483 റണ്‍സ് വീതം സീസണില്‍ അടിച്ചുകൂട്ടി. തൊട്ടുപിന്നാലെ 461 റണ്‍സ് നേടി സൂര്യകുമാര്‍ യാദവുമുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 11 മത്സരങ്ങളില്‍ നിന്ന് 264 റണ്‍സ് മാത്രമാണ് സമ്പാദ്യം. 80, 70, 35, 35, 12 എന്നിങ്ങനെ നാല് മത്സരങ്ങള്‍ ഒഴിച്ചാല്‍ ആറ് മത്സരങ്ങളില്‍ രണ്ടക്കം പോലും കാണാന്‍ താരത്തിനായില്ല. ക്വാളിഫയറില്‍ ഡെല്‍ഹിക്കെതിരെ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. പരിക്ക് മൂലം മൂന്ന് മത്സരങ്ങള്‍ പുറത്തിരുന്ന ശേഷമാണ് അവസാന ലീഗ് മത്സരത്തില്‍ താരം തിരിച്ചെത്തിയത്.

രോഹിതിന്റെ ഫോമില്ലായ്മ മുംബൈയെ ഒരു തരത്തിലും അലട്ടുന്നില്ല എന്നതാണ് ടീമിന്റെ ആശ്വാസം. ഈ സീസണില്‍ ഒരാള്‍ മങ്ങിയാല്‍ മറ്റൊരാള്‍ തീയായി മാറുന്ന കാഴ്ചയാണ് മുംബൈ ബാറ്റിംഗ് നിരയില്‍ കാണുന്നത്. ഒരു കളിയെങ്കിലും മിന്നും പ്രകടനം കാഴ്ച വെക്കാത്ത ഒരു താരവും മുംബൈ ഇലവനില്‍ ഇല്ല എന്നതും പ്രത്യേകതയാണ്. ക്രുണാല്‍, ഹര്‍ദിക്, പൊള്ളാര്‍ഡ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ബോളിഗ് ഒപ്പത്തിനൊപ്പം

ബോളിംഗില്‍ ഇരുടീമുകളും പിന്നിലല്ല. ബുംറ-ബോള്‍ട്ട് സഖ്യമാണ് മുംബൈയുടെ വജ്രായുധങ്ങളെങ്കില്‍ റബാദ-നോര്‍ട്യ സഖ്യമാണ് ഡെല്‍ഹിയുടെ കുന്തമുന. ഇരു സഖ്യവും 49 വിക്കറ്റുകള്‍ വീതമാണ് സീസണില്‍ കൊയ്തത്. കഗിസോ റബാദ 29 വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങള്‍ കുറവ് കളിച്ച ബുംറ 27 വിക്കറ്റ് നേടി തൊട്ടുപിന്നിലുമുണ്ട്. പര്‍പ്പിള്‍ ക്യാപ്പ് ലക്ഷ്യമിടുന്ന ഇരുവരും ഫൈനലില്‍ ശ്രദ്ധാകേന്ദ്രമാകും. റബാദ വിക്കറ്റ് നേട്ടത്തില്‍ ഒന്നാമനാണെങ്കിലും അവസാന ഓവറുകളിലാണ് താരം നേട്ടം കൊയ്യുന്നത് എന്നതിനാല്‍ ടീമിന് പലപ്പോഴും ഗുണം ചെയ്യാത്ത അവസ്ഥയാണ്. 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് നേടിയ ബോള്‍ട്ട് മൂന്നാമതാണ്. നോര്‍ട്യക്ക് 20 വിക്കറ്റുകളുണ്ട്. സ്പിന്നര്‍മാരുടെ ക്വാട്ടയില്‍ ഡെല്‍ഹി താരം അശ്വിനും മുംബൈയില്‍ ചാഹറും മോശമല്ല.

ബുംറ-ബോള്‍ട്ട് സഖ്യം പവര്‍ പ്ലേകളില്‍ പോലും ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്നുവെന്നത് മുംബൈയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഒന്നാം ക്വാളിഫയറില്‍ ആദ്യ രണ്ട് ഓവറിനുള്ളില്‍ ഡെല്‍ഹിയുടെ മൂന്ന് പേരെയാണ് ബോള്‍ട്ടും ബുംറയും ചേര്‍ന്ന് കൂടാരം കയറ്റിയത്. അതും വട്ടപ്പൂജ്യത്തിന്. അതിഗംഭീരമായി പന്തെറിയുന്ന അശ്വിനിലാണ് ഡെല്‍ഹിക്ക് പവര്‍പ്ലേയില്‍ പ്രതീക്ഷ.


അണിയറയിലും താരനിര

ഇരുടീമുകളും കളത്തിലിറങ്ങുമ്പോള്‍ അണിയറയില്‍ കളി വീക്ഷിക്കുന്നതും വിലയിരുത്തുന്നതും വമ്പന്‍ താരനിരയാണ്. ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം റിക്കി പോണ്ടിംഗ് ആണ് ഡെല്‍ഹിയുടെ ഹെഡ് കോച്ച്. നേരത്തെ മുംബൈയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. സഹപരിശീലകനായി മുഹമ്മദ് കൈഫുമുണ്ട്. ഓസീസ് മുന്‍ താരം റയാന്‍ ഹാരിസ് ബോളിംഗിന് മൂര്‍ച്ച കൂട്ടുമ്പോള്‍ സ്പിന്‍ പരിശീലിപ്പിക്കുന്നത് മുന്‍ വിന്‍ഡീസ് താരം സാമുവല്‍ ബദ്രി.

ഒരു പടി കൂടി കടന്ന് ദൈവത്തെ തന്നെ പ്രതിഷ്ടിച്ചാണ് മുംബൈ പാഡണിയുന്നത്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അനുഗ്രഹാശിസ്സുകളോടെ ഇറങ്ങുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് മഹേല ജയവര്‍ധനെയാണ്. ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയി സഹീര്‍ ഖാന്‍ കൂടിയുണ്ട്. ബാറ്റിംഗ് ഗുരു റോബിന്‍ സിംഗ്. മുന്‍ ന്യൂസിലാന്‍ഡ് എക്‌സ്പ്രസ് ഷെയ്ന്‍ ബോണ്ടിന്റെ ശിക്ഷണം കൂടിയാകുമ്പോള്‍ ബുംറയും ബോള്‍ട്ടും വിക്കറ്റ് കൊയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

Rohit Sharma or Shreyas Iyer? Who Will Walk Away With IPL 2020 Trophy? Fans Excited

Related Articles
Next Story
Share it