ഉപ്പള: ഉപ്പളയില്‍ മയക്കുമരുന്ന് ലഹരിയില്‍ കവര്‍ച്ച നടത്തുന്ന സംഘം വിലസുന്നു. ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് നാല് കടകളിലും പള്ളികളിലും കവര്‍ച്ചാശ്രമം നടന്നു. ഉപ്പള ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബി.കെ. മാര്‍ട്ട്, വൈറ്റ് മാര്‍ട്ട്, സിറ്റി ബാഗ്, ബ്യൂട്ടി പാര്‍ലര്‍, ഉപ്പള ബസ്സ്റ്റാന്റിന് സമീപത്തെ ദര്‍വേശ് സുന്നി ജുമാ മസ്ജിദ് എന്നിവിടങ്ങളിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഇന്നലെയാണ് നാല് കടകളുടെ ഷട്ടര്‍ തകര്‍ത്ത് സംഘം അകത്ത് കയറിയത്. എന്നാല്‍ ഒന്നും നഷ്പ്പെട്ടില്ല. ഉപ്പള ജുമാ മസ്ജിദിലെ ഇമാമിന്റെ മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ചാശ്രമമുണ്ടായത്. അലമാര തുറന്ന് വസ്ത്രങ്ങളും മറ്റും വലിച്ച് താഴെയിട്ട നിലയിലായിരുന്നു. മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നല്കാന് പോയ സമയത്താണ് മോഷണശ്രമം നടന്നത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസം ‘ജനപ്രിയ’യില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സാമഗ്രികളും മറ്റും കവര്‍ന്നിരുന്നു. ഇവ കൈക്കമ്പ റോഡരികില്‍ വില്‍പ്പന നടത്തുന്നതിനിടിയില് പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് രാത്രികാലങ്ങളില്‍ മയക്കുമരുന്നുപയോഗിച്ച് ഒരു സംഘം കവര്ച്ചക്കിറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതുപോലെ സംഘം വേറെയും മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഘത്തെ പിടികൂടാന്‍ പൊലീസ് സമീപത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.