ഉദുമ: പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പണവും പുറത്ത് സൂക്ഷിച്ച ചെരുപ്പും മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമ ടൗണ്‍ ജുമാമസ്ജിദില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കര്‍ണാടക ബെന്തേരി സ്വദേശി മൗലാനി ജെരെദ(30)യെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. താക്കോലുപയോഗിച്ച് പള്ളിയുടെ മുന്‍ ഭാഗത്തെ ഗ്രില്‍സ് തുറന്ന ശേഷമാണ് പള്ളിക്കകത്ത് കയറിയത്. തുടര്‍ന്ന് ഭണ്ഡാരം കുത്തി തുറന്നു. ശബ്ദം കേട്ട് പള്ളി ഇമാമും അവിടെയുണ്ടായിരുന്നവരുമെത്തിയപ്പോള് മോഷ്ടാവ് രക്ഷപ്പെട്ടു. ഇമാം കെ.എ അനസിന്റെ ചെരുപ്പുമെടുത്താണ് രക്ഷപ്പെട്ടത്. ഭണ്ഡാരം തകര്‍ത്ത് 6000 രൂപയുമെടുത്തിരുന്നു. രക്ഷപ്പെട്ട യുവാവിനെ ഉദുമയില്‍ നിന്നാണ് പിടികൂടിയത്.