കാഞ്ഞങ്ങാട്: ആവിക്കര ഗാര്‍ഡര്‍ വളപ്പില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മുന്‍ പ്രവാസി ഹസ്സന് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടരക്കും രാത്രി എട്ടരക്കുമിടയിലാണ് സംഭവം.
പതിനാലര പവന് സ്വര്‍ണ്ണാഭരണങ്ങളും 27,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഹസ്സന് കുഞ്ഞി വീട് പൂട്ടി കുടുംബ സമേതം മംഗളൂരുവില്‍ ഡോക്ടറെ കാണാന്‍ പോയതായിരുന്നു. രണ്ടരക്കാണ് പോയത്. രാത്രി എട്ടരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
വീട് തുറന്ന് അകത്തു കയറിയപ്പോള്‍ കിടപ്പുമുറിയിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തി. അലമാര കുത്തിത്തുറന്ന നിലയിലും കണ്ടു. പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായി. വീടിന്റെ പിറകുവശത്ത് വീടിനോട് ചേര്‍ന്നുള്ള തെങ്ങിലൂടെ ടെറസിനു മുകളില്‍ കയറി, അവിടെയുള്ള വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സംഭവസ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും ഉച്ചയോടെ സ്ഥലത്തെത്തി.