ഇരമ്പുന്ന കടലും ഇരുളുന്ന കാലവും...
കവികള്‍ക്കും കഥാകാരന്മാര്ക്കും പ്രിയപ്പെട്ടതാണ് കടല്‍, സുന്ദരമാണത്. കണ്ടിരിക്കുക എന്നത് മനസ്സില്‍ കുളിര്‍മയുണ്ടാക്കും. കടലിനും വിവിധ ഭാവങ്ങളുണ്ട്. ശാന്തമായതും കലിപൂണ്ടതും. രണ്ടും ആസ്വാദ്യകരമാണ്. പ്രകൃതിയുടെ നീതി അതാണ്. ഞാന്‍ ഈയിടെ ഒഴിവു ദിനങ്ങള്‍ കടലോരത്ത് ചെലവഴിച്ചു. കടലിന്റെ ഇരമ്പലിനു പോലും എന്തൊരു സൗന്ദര്യം. കുറച്ചകലെ നിന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് നിറയും. താളപ്പിഴവുകളില്ലാത്ത പ്രകൃതിയുടെ സംഗീതം, കടലിന്റെ പാട്ട്, അനുഭൂതിയാണ് ആനന്ദമാണത്.കുറെ കൊല്ലങ്ങള്‍ക്ക് മുമ്പ്, മകന് ഞാനൊരു പുസ്തകം സമ്മാനിച്ചിരുന്നു. The flowing River… ഒഴുകുന്ന പുഴ. സ്പാനിഷ് എഴുത്തുകാരനും […]
കവികള്‍ക്കും കഥാകാരന്മാര്ക്കും പ്രിയപ്പെട്ടതാണ് കടല്‍, സുന്ദരമാണത്. കണ്ടിരിക്കുക എന്നത് മനസ്സില്‍ കുളിര്‍മയുണ്ടാക്കും. കടലിനും വിവിധ ഭാവങ്ങളുണ്ട്. ശാന്തമായതും കലിപൂണ്ടതും. രണ്ടും ആസ്വാദ്യകരമാണ്. പ്രകൃതിയുടെ നീതി അതാണ്. ഞാന്‍ ഈയിടെ ഒഴിവു ദിനങ്ങള്‍ കടലോരത്ത് ചെലവഴിച്ചു. കടലിന്റെ ഇരമ്പലിനു പോലും എന്തൊരു സൗന്ദര്യം. കുറച്ചകലെ നിന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് നിറയും. താളപ്പിഴവുകളില്ലാത്ത പ്രകൃതിയുടെ സംഗീതം, കടലിന്റെ പാട്ട്, അനുഭൂതിയാണ് ആനന്ദമാണത്.കുറെ കൊല്ലങ്ങള്‍ക്ക് മുമ്പ്, മകന് ഞാനൊരു പുസ്തകം സമ്മാനിച്ചിരുന്നു. The flowing River… ഒഴുകുന്ന പുഴ. സ്പാനിഷ് എഴുത്തുകാരനും […]
കവികള്‍ക്കും കഥാകാരന്മാര്ക്കും പ്രിയപ്പെട്ടതാണ് കടല്‍, സുന്ദരമാണത്. കണ്ടിരിക്കുക എന്നത് മനസ്സില്‍ കുളിര്‍മയുണ്ടാക്കും. കടലിനും വിവിധ ഭാവങ്ങളുണ്ട്. ശാന്തമായതും കലിപൂണ്ടതും. രണ്ടും ആസ്വാദ്യകരമാണ്. പ്രകൃതിയുടെ നീതി അതാണ്. ഞാന്‍ ഈയിടെ ഒഴിവു ദിനങ്ങള്‍ കടലോരത്ത് ചെലവഴിച്ചു. കടലിന്റെ ഇരമ്പലിനു പോലും എന്തൊരു സൗന്ദര്യം. കുറച്ചകലെ നിന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് നിറയും. താളപ്പിഴവുകളില്ലാത്ത പ്രകൃതിയുടെ സംഗീതം, കടലിന്റെ പാട്ട്, അനുഭൂതിയാണ് ആനന്ദമാണത്.
കുറെ കൊല്ലങ്ങള്‍ക്ക് മുമ്പ്, മകന് ഞാനൊരു പുസ്തകം സമ്മാനിച്ചിരുന്നു. The flowing River… ഒഴുകുന്ന പുഴ. സ്പാനിഷ് എഴുത്തുകാരനും നൂറ്റാണ്ടിലെ ഇതിഹാസ രചനകളിലൊന്നുമായ ആല്‍കെമിസ്റ്റിന്റെ കര്‍ത്താവായ പൊയ്ലൊ കൊയിലോയുടെത്. പ്രസ്തുത പുസ്തകത്തില്‍ ഒരു കുറിപ്പില്‍ പോലും ആ തലക്കെട്ട് കടന്നുവരുന്നില്ല. പക്ഷെ എല്ലാം ശാന്തമായൊഴുകുന്ന പുഴ പോലുള്ള ചിന്തകളും പ്രതിഫലനങ്ങളുമാണത്. അതിലൊരു കുറിപ്പ് ഒരു മണ്‍കൂനയുടെ പ്രണയമാണ്. പ്രണയം ദൈവികവും അനശ്വരവുമാണല്ലോ. പ്രണയവും കാല്പനികതയുമാണ് ഭൂമിയുടെ സംന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് എന്ന് തന്നെ വേണം പറയാന്‍. അത്തരത്തിലുള്ള ഒരു കുറിപ്പ്. മരുഭൂമിയിലെ ഒരു ചെറിയ മണ്‍കൂനക്ക് കുഞ്ഞു മേഘത്തിനോട് തോന്നുന്ന പ്രണയം, അതു പോലെ തിരിച്ചും. മേഘം മഴ ത്തുളളിയായി മണ്‍കൂനയില്‍ ലയിച്ച് രണ്ടും ഒന്നായി പച്ചത്തുരുത്തായി പരിണമിക്കുന്നു. എന്നെന്നും നിലനില്ക്കുന്നു. അതാണ് പ്രണയവും പ്രപഞ്ചവും
ഞാന്‍ ശാന്തമായ കടലിനോടും തിരമാലകളോടും പ്രണയത്തിലായിരുന്നു. ചക്രവാളസീമകള്ക്കപ്പുറത്ത് നിന്നും ഒളിഞ്ഞു നോക്കുന്ന കുഞ്ഞു മേഘത്തുണ്ടുകളുണ്ടായിരുന്നവിടെ. ഓരോ തിരകളും എത്ര പെട്ടെന്നാണ് മാഞ്ഞു പോകുന്നത് . ഓരോന്നും മറ്റൊരു തിരയുടെ തുടക്കവുമാണല്ലോ? ഇവയെല്ലാം ഒന്നായി ചേര്‍ന്ന് ചിന്നി ച്ചിതറുമ്പോള് മനസ്സിന്റെ വാതില്‍ തട്ടിത്തുറന്ന് സന്തോഷത്തിന്റെ കുളിര് മഴ പെയ്യിക്കുന്നു.
കടലിനോടുള്ള എന്റെ പ്രണയം തീവ്രമാവുകയാണ്. തിരകള്‍ക്ക് പിറകില്‍ തിരകള്‍ വന്നടിച്ചു പോകുന്നതെത്ര പെട്ടെന്നാണ്. ഓരോന്നും ആദി കാലം മുതല്ക്കുള്ള ഓര്‍മ്മകളുടെ താളുകള്‍ മറിച്ചു പോവുന്നത് പോലെ. എന്റെ മനസ്സിലും ഓര്‍മ്മ പുസ്തകത്തിന്റെ താളുകള്‍ മറിഞ്ഞു പോകുന്നു. ഞാനും തിരമാലകളും ഒന്നായി. ഓര്‍മ്മകള്‍ ഒന്നായി. പച്ചത്തുരുത്തും മരുഭൂമികളും രൂപം കൊണ്ടു. ചിലപ്പോള്‍ തീക്ഷ്ണമായ അനുഭവങ്ങളും.
കടലിരമ്പുന്നു... പൊങ്ങി വരുന്ന തിരമാലകള്‍ കരയോടടുത്തെത്തി ഛിന്നഭിന്നമായി ചിതറി ഇല്ലാണ്ടാവുന്നതും കാണുന്നുണ്ട്. ഞാന്‍ ആസ്വദിക്കുകയായിരുന്നു. തിരമാലകളുടെ പുനര്‍ജനിയും കടലിന്റെ ഭംഗിയും. അതിന്റെ ഇരമ്പല്‍ പ്രകൃതിയുടെ മോഹിപ്പിക്കുന്ന ഈണമാണെന്നുള്ള തിരിച്ചറിവ് എന്നെ ഉന്മാദത്തിലാക്കി. സന്ധ്യയായി. കടല്‍ പരപ്പിന് ശോഭ പകരുകയാണ്. വര്‍ണ്ണക്കൂട്ടുകള്‍ ആകാശത്ത് വിതറിയിരിക്കുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള സുര്യന് ചക്രവാളസീമയിലേക്ക് പതിയെ താഴ്ന്നിറങ്ങുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള രശ്മികള്‍ ഒരു തൊപ്പി പോലെ കടല്‍ പരപ്പിനെ പൊതിയുകയാണ്, എന്നെയും. മനസ്സില്‍ ഓര്‍മ്മകള്‍ മഴവില്ലിന് നിറങ്ങള്‍ പോലെ നിറം പിടിച്ചതായി. ഓരോ നിറങ്ങളും ഓരോന്നായി വിഘടിച്ചു നിന്നു. ഓരോന്നും ഓരോ ഓര്‍മ്മകളായിരുന്നു. സ്കൂളും കോളേജും മദ്രസയും ലൈബ്രറിയും കളിമൈതാനങ്ങളും കഴിഞ്ഞു പോയ ജീവിതം തന്നെയും ചെറു ഓളങ്ങള്‍ വന്നു മറയുന്നത് പോലെ മനസ്സിലൂടെ തെന്നിപ്പോയി. ഞാന്‍ ഓര്‍മ്മകളുടെ കടലിലായിരുന്നു. തിരമാലകള്‍ പോലെ ഓര്‍മ്മകളുടെ സൗന്ദര്യവും കടലോരത്തിരുന്നു ആസ്വദിച്ചു. തിരകളോട് മല്ലിട്ട വെള്ളാരം കല്ലുകളും മനസ്സില്‍ കടന്നുവന്നു. കല്ലുകള്‍ മാര്‍ദ്ദവമുള്ളതും മോഹിപ്പിക്കുന്നതുമായത് പോലെ ജീവിതവും സുന്ദര മാണെന്നും ഞാന്‍ തിരിച്ചറിയുന്നു. മാനം ഇരുണ്ടു. കടലിന്റെ സംഗീതമാസ്വദിച്ച് പതുക്കെ ഞാന്‍ താമസസ്ഥലത്തേക്ക് നീങ്ങി.
പിറ്റെ ദിവസം എത്തുന്നത് മറ്റൊരു കടല്‍ തീരത്ത്. കാപ്പാട്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാസ്ഗോഡഗാമ വന്നിറങ്ങിയ തീരം. ഇവിടെയും തിരകള്‍ സുന്ദരമാണ്. പാറക്കല്ലുകളിലേക്ക് തിരകള്‍ വന്നടിക്കുമ്പോഴുള്ള താളവും തിരകളുടെ ശക്തമായ ഇടിയില്‍ കാലങ്ങളായി തനിക്കൊന്നും സംഭവിക്കുന്നില്ല എന്ന ഗര്‍വ്വോടെ തലയുയര്‍ത്തി നില്ക്കുന്ന പാറക്കല്ലുകളും എന്നില്‍ അത്ഭുതമുളവാക്കി.
കേരള തീരത്തണിഞ്ഞ പോര്‍ച്ചുഗീസുകാര്‍ പടയോട്ടങ്ങള്‍ നടത്തുമ്പോഴും തിരകളും പാറക്കൂട്ടങ്ങളും നിശ്ശബ്ദം ദൃക്സാക്ഷികളായിരുന്നു. അവര്‍ക്ക് കഴിഞ്ഞ കാലത്തിന്റെ ധാരാളം കഥകളുണ്ടാവാം. ഞാന്‍ മെല്ലെ പാറപ്പുറത്ത് കയറിയിരുന്നു. തിരകളുടെയും പാറക്കല്ലുകളുടെയും കഥ കേള്‍ക്കാനായി...
അതിനിടയില്‍ എന്റെ മനസ്സ് വഴുതി. മുമ്പെങ്ങോ ഞായറാഴ്ച വാരാദ്യ മാധ്യമത്തില്‍ വായിച്ച ലൂഷൂണ്‍ എന്ന പ്രസിദ്ധ ചൈനീസ് എഴുത്ത് കാരന്റെ 'പുതിയ പാഠങ്ങള്‍ക്കപ്പുറത്ത്' എന്ന വിവര്‍ത്തന കഥ ഓര്‍മ്മയില്‍ വന്നു. 1917ലെ ഒരു തണുപ്പുകാലത്ത് കഥാകാരന് വിജനമായ റോഡിലൂടെ റിക്ഷാ വണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. അതു വഴി പോവുകയായിരുന്ന മധ്യവയസ്കയായ സ്ത്രീ റോഡു മുറിച്ചു കടക്കുമ്പോള്‍ റിക്ഷ തട്ടിവീണു. പിന്നീട് നടന്ന കാര്യങ്ങള്‍ കഥാകൃത്തിന്റെ ജീവിതത്തിലെ പുതിയ പ്രതീക്ഷകളാവുകയും ആത്മബോധമുയര്ത്തുകയും ലജ്ജിക്കുവാന്‍ പഠിക്കുകയും ചെയ്തു എന്നെഴുതിയിട്ടുണ്ട്. റിക്ഷ വണ്ടി തട്ടിവീണ സ്ത്രീക്ക് ഒന്നും സംഭവിച്ചിരുന്നില്ല. റിക്ഷക്കാരന് ഇറങ്ങി അവരെ കൈപിടിച്ചെഴുന്നേല്പ്പിച്ചു. കഥാകാരനാണെങ്കില്‍ തിരക്കുണ്ട്. റിക്ഷക്കാരനോട് ശക്തമായി കയര്‍ക്കുന്നു. അവരെ ഒഴിവാക്കി തന്നെ വേഗം കൊണ്ടു വിടാന്‍. ദൃക്സാക്ഷിയായിട്ട് ഒരാള്‍ പോലും പരിസരത്തെങ്ങുമില്ല. റിക്ഷക്കാരന് കേട്ട ഭാവവുമില്ല. അയാള്‍ ആ സ്ത്രീയുടെ കൈ പിടിച്ചു മുമ്പോട്ട് നടക്കുകയാണ് പൊലീസ് സ്റ്റേഷന് അന്വേഷിച്ച്. അപ്പോഴും റോഡ് വിജനവും മൂകവുമായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഒരു പൊലീസ് കാരന് വന്നു കഥാകാരനോട് പറഞ്ഞു-താങ്കള്‍ക്ക് പോകാം, റിക്ഷാക്കാരന് ഇപ്പോള്‍ വരാനാവില്ല. ഇതു കേട്ട കഥാകാരന് കുറെ ചില്ലറത്തുട്ടുകള്‍ എടുത്തു പൊലീസ് കാരന്റെ കയ്യില്‍ കൊടുത്തു. അയാള്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. പിന്നീടങ്ങോട്ട് കഥയുടെ ഗതിമാറ്റം കണ്ടു. കഥാകാരന്റെ ആത്മഗതമായിരുന്നു. തന്നെ കുറിച്ചുള്ള ചിന്തകളില്‍ അഭിരമിക്കുവാന്‍ തന്നെ ഭയപ്പെടുന്നുവെന്നും എഴുതി. ആ യാത്ര അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുകയായിരുന്നു.
തിരകള്‍ പാറക്കല്ലുകളില്‍ അടിച്ചു ചിന്നിച്ചിതറുകയാണ്. എന്റെ ഓര്‍മ്മകളും. 1917ല്‍ നിന്നും നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ കഥാകാരന് തോന്നിയ ലജ്ജയും ആത്മബോധവും പുതിയ പ്രതീക്ഷയും മനുഷ്യ കുലത്തിന് നഷ്ടപ്പെടുന്നുവോ എന്ന തോന്നല്‍ എന്നെ അസ്വസ്ഥനാക്കുന്നു. പുതിയ പാഠങ്ങള്‍ നൊമ്പരപ്പെടുത്തുന്നു. പുതിയൊരാളെ കിട്ടിയപ്പോള്‍ കാമുകനെ വിഷം കൊടുത്തു കൊല്ലുന്നു, അമ്മ മക്കളെ കിണറ്റിലെറിയുന്നു. ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊല്ലുന്നു, ഭാര്യ ഭര്‍ത്താവിന്റെ കഴുത്തു ഞെരിക്കുന്നു, മക്കള്‍ അച്ഛനമ്മമാരെ കഴുത്തറുക്കുന്നു. ഭൂമിയില്‍ സ്നേഹം നിഷേധിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. നമ്മെ കുറിച്ചുള്ള ചിന്തകളിലെല്ലായിടത്തും ഭയപ്പാടുകള്‍ മാത്രം.
പുതിയ കാലം വല്ലാതെ ആസുരമാവുകയാണ്. നാം പഠിക്കേണ്ടുന്ന പാഠങ്ങളില്‍ അലിവിന്റെയും ആര്‍ദ്രതയുടെയും സ്പര്‍ശമുണ്ടാവണം. പ്രതീക്ഷകളും ആത്മ ബോധവുമുണ്ടാവണം. ചിന്തകളുമായി അഭിരമിക്കുമ്പോള്‍ ആനന്ദമുണ്ടാവണം. അങ്ങനെയുള്ള ഒരു കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
നേരം ഇരുളുന്നു. അയ്യപ്പപ്പണിക്കരുടെ വരികള്‍ ഉള്ളില്‍ മൂളിക്കൊണ്ട് ഞാന്‍ പാറക്കല്ലില്‍ നിന്നുമിറങ്ങി.
'നീ തന്നെ ജീവിതം
സന്ധ്യേ
നീ തന്നെ മരണവും
സന്ധ്യേ.
നീ തന്നെ ഇരുളുന്നു,
നീ തന്നെ മറയുന്നു,
നീ തന്നെ
നീ തന്നെ സന്ധ്യേ
നിന് കണ്ണില്‍ നിറയുന്നു
നിബിഢാന്ധകാരം.'
-ഡോ. അബ്ദുല്‍ സത്താര്‍ എ.എ