കാഞ്ഞങ്ങാട്: നിര്‍മാണം തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ കാഞ്ഞങ്ങാട്ടെ കിഫ്ബി ഓഫീസ് ഉപരോധിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളാണ് പ്രതിഷേധവുമായെത്തിയത്. ബദിയടുക്ക-ഏത്തടുക്ക-സുള്ള്യ പദവ് റോഡ് നിര്‍മ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്. ബദിയഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 19 കിലോമീറ്റര്‍ റോഡാണ് കിഫ്ബി സഹായത്തോടെ നിര്‍മാണം തുടങ്ങിയത്. ബദിയടുക്ക പഞ്ചായത്തിലെ ഏഴ് കിലോമീറ്റര്‍ റോഡ് ടാര്ചെയ്തതൊഴിച്ചാല് ബാക്കി ഭാഗങ്ങള്‍ മെറ്റലിട്ട അവസ്ഥയിലാണുള്ളത്. ഇതു കാരണം നാട്ടുകാര്‍ പൊടിശല്യത്താല്‍ ദുരിതമനുഭവിക്കുകയാണ്. റോഡിന്റെ അവസ്ഥ കാരണം നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. ഉപരോധത്തെതുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചൊവ്വാഴ്ച മുതല്‍ ടാറിങ്ങ് ജോലി നല്കി തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. ഇതേ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. രാവിലെ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടു നിന്നു.
പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധര, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജയകുമാര്‍ ബ്ലോക്കംഗം രവിപ്രസാദ്, പഞ്ചായത്തംഗങ്ങളായ ഗീത ബി.എന്‍, ഗീത, ഭാഗീരഥി, വീരേന്ദ്രകുമാര്‍, ഭാഗീരഥി ആര്. റായി എന്നിവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.