ഇവിടെ ഇനി എത്ര കാലം പുഴയൊഴുകും?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല ഏതാണെന്ന ചോദ്യമുയര്‍ന്നാല്‍ നിസംശയം പറയാനാകും അത് കാസര്‍കോടാണെന്ന്. പുഴകളും തോടുകളും ചാലുകളും ഉള്‍പ്പെടെ നീരൊഴുക്കിന്റെ കാര്യത്തില്‍ പ്രകൃതിയുടെ അളവറ്റ അനുഗ്രഹം ലഭിച്ച നമ്മുടെ നാട്ടില്‍ ആര്‍ത്തിപൂണ്ട മനുഷ്യരുടെ പ്രകൃതിധ്വംസനം മാറ്റമില്ലാതെ തുടരുമ്പോള്‍ ഈ ക്രൂരവിനോദത്തില്‍ ഹൃദയം വിങ്ങുന്ന ഏതൊരാളുടെയും മനസില്‍ ഉയരുന്ന ചോദ്യമുണ്ട്. ഇവിടെയിനി എത്രനാള്‍ പുഴയൊഴുകും. ഒ.എന്‍.വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഉയരുന്ന ആശങ്ക പോലെ അടുത്ത തലമുറക്ക് കാസര്‍കോട് ജില്ലയില്‍ പേരിനെങ്കിലും […]
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല ഏതാണെന്ന ചോദ്യമുയര്‍ന്നാല്‍ നിസംശയം പറയാനാകും അത് കാസര്‍കോടാണെന്ന്. പുഴകളും തോടുകളും ചാലുകളും ഉള്‍പ്പെടെ നീരൊഴുക്കിന്റെ കാര്യത്തില്‍ പ്രകൃതിയുടെ അളവറ്റ അനുഗ്രഹം ലഭിച്ച നമ്മുടെ നാട്ടില്‍ ആര്‍ത്തിപൂണ്ട മനുഷ്യരുടെ പ്രകൃതിധ്വംസനം മാറ്റമില്ലാതെ തുടരുമ്പോള്‍ ഈ ക്രൂരവിനോദത്തില്‍ ഹൃദയം വിങ്ങുന്ന ഏതൊരാളുടെയും മനസില്‍ ഉയരുന്ന ചോദ്യമുണ്ട്. ഇവിടെയിനി എത്രനാള്‍ പുഴയൊഴുകും. ഒ.എന്‍.വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഉയരുന്ന ആശങ്ക പോലെ അടുത്ത തലമുറക്ക് കാസര്‍കോട് ജില്ലയില്‍ പേരിനെങ്കിലും […]
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല ഏതാണെന്ന ചോദ്യമുയര്‍ന്നാല്‍ നിസംശയം പറയാനാകും അത് കാസര്‍കോടാണെന്ന്. പുഴകളും തോടുകളും ചാലുകളും ഉള്‍പ്പെടെ നീരൊഴുക്കിന്റെ കാര്യത്തില്‍ പ്രകൃതിയുടെ അളവറ്റ അനുഗ്രഹം ലഭിച്ച നമ്മുടെ നാട്ടില്‍ ആര്‍ത്തിപൂണ്ട മനുഷ്യരുടെ പ്രകൃതിധ്വംസനം മാറ്റമില്ലാതെ തുടരുമ്പോള്‍ ഈ ക്രൂരവിനോദത്തില്‍ ഹൃദയം വിങ്ങുന്ന ഏതൊരാളുടെയും മനസില്‍ ഉയരുന്ന ചോദ്യമുണ്ട്. ഇവിടെയിനി എത്രനാള്‍ പുഴയൊഴുകും. ഒ.എന്‍.വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഉയരുന്ന ആശങ്ക പോലെ അടുത്ത തലമുറക്ക് കാസര്‍കോട് ജില്ലയില്‍ പേരിനെങ്കിലും ഒരുപുഴ കാണാനുള്ള ഭാഗ്യമുണ്ടാകുമോയെന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രക്കും ദയനീയവും പരിതാപകരവുമാണ് ജില്ലയിലെ പുഴകളുടെ അവസ്ഥയെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
കാസര്‍കോട് ജില്ലയില്‍ ചെറുതും വലുതുമായി പന്ത്രണ്ട് പുഴകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 105 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചന്ദ്രഗിരിപുഴ തന്നെയാണ് കാസര്‍കോട്ടെ പുഴകളുടെ രാജാവ്. ഗതകാലപ്രതാപത്തിന്റെ കിരീടവുമായി അന്തസോടെ കാലാകാലങ്ങളായി ഒഴുകിയിരുന്ന ചന്ദ്രഗിരിപുഴയുടെ രാജപദവി ഇപ്പോള്‍ പതിയെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് . വിധിവൈപരീത്യത്താല്‍ രാജസിംഹാസനത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് തെരുവിലേക്ക് ഭിക്ഷയാചിച്ച് ഇറങ്ങേണ്ടി വന്ന മനുഷ്യന്റെ ദൈന്യതയും നിസഹായതയുമാണ് ചന്ദ്രഗിരിപ്പുഴയുടെ പുതിയകാലത്തെ സ്ഥായിഭാവങ്ങള്‍. ചന്ദ്രഗുപ്ത സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചന്ദ്രഗുപ്തമൗര്യന്‍ തന്റെ സിംഹാസനം ഉപേക്ഷിച്ച് ജൈന്യസന്യാസിയായി മാറുകയും ഭൗതികസുഖസൗകര്യങ്ങളൊക്കെ വെടിഞ്ഞ് അവസാനനാളുകള്‍ ഈ പ്രദേശത്ത് ചെലവഴിച്ചുവെന്നും അതിനാലാണ് ചന്ദ്രഗിരിപ്പുഴക്ക് ആ പേര് ലഭിച്ചതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. കാസര്‍കോടിന്റെ സംസ്‌കാരവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന ചന്ദ്രഗിരിപ്പുഴ കൊടുംവരള്‍ച്ചയുണ്ടായിരുന്ന കാലത്തുപോലും ജലസമൃദ്ധമായിരുന്നുവെന്ന് പഴയതലമുറയില്‍പെട്ടവര്‍ പറയുന്നു. എന്നാല്‍ നാളുകള്‍ കടന്നുചെല്ലുന്തോറും ചോരയും നീരും വറ്റിയ എല്ലുന്തിയ ശരീരം പോലെ ശോഷിച്ച് കിടപ്പുരോഗിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ചന്ദ്രഗിരിപ്പുഴ ഉറ്റവര്‍ ഉപേക്ഷിച്ച വയോധികനെപ്പോലെ ഇനിയെന്ത് എന്ന ചോദ്യവുമായി നിശബ്ദമായിപകലും രാത്രിയും തള്ളിനീക്കുന്നു. കൂര്‍ഗിലെ പട്ടിമലയില്‍ നിന്നാരംഭിച്ച് തളങ്കരയില്‍ കടലിനോട് ചേരുന്ന ചന്ദ്രഗിരിപുഴ പ്രയാണം തുടരുന്ന വഴികളിലെല്ലാം ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. ജില്ലയിലെ മറ്റ് പുഴകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ അനധികൃത മണല്‍ഖനനം നടക്കുന്നത് ചന്ദ്രഗിരിപ്പുഴയിലാണ്. അനധികൃതകടവുകളുണ്ടാക്കി രാത്രിയും പകലും ഇടതടവില്ലാതെ മണല്‍ഖനനം നടത്തുന്നതുകാരണം ചന്ദ്രഗിരിപുഴയില്‍ അപകടതുരുത്തുകള്‍ രൂപപ്പെടുന്നു. മഴക്കാലത്ത് ഈ മണല്‍ക്കുഴികള്‍ ജലനിരപ്പിനടിയിലാകുമ്പോള്‍ പുഴയിലൂടെ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പെടുന്നു. പുഴയില്‍ നീരൊഴുക്ക് കുറയാനും വേനലിന് കാഠിന്യം കൂടുന്നതിനുമുമ്പ് തന്നെ വറ്റിവരളാനും നിയമവിരുദ്ധമായ മണല്‍ഖനനം കാരണമാകുന്നുണ്ട്. ജില്ലയില്‍ 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാമത്തെ വലിയ പുഴയായ കാര്യങ്കോട് പുഴയും ത്വരിതഗതിയിലുള്ള മണലൂറ്റിന്റെ ഇരയായി ഊര്‍ധശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. തേജസ്വിനി എന്ന പേരിലും അറിയപ്പെടുന്ന കാര്യങ്കോട് പുഴയുടെ പാലം പോലും മണലൂറ്റ് കാരണം അപകടാവസ്ഥയിലാണ്. ഷിറിയ, ഉപ്പള, കുമ്പള, മൊഗ്രാല്‍, ചിത്താരി, നീലേശ്വരം, കവ്വായി, മഞ്ചേശ്വരം, ബേക്കല്‍, കളനാട് പുഴകളുടെ അവസ്ഥയും വിഭിന്നമല്ല.പുഴമണല്‍ക്കടത്തിനെ കവര്‍ച്ചയുടെ വകുപ്പില്‍പ്പെടുത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത്തരം കേസുകള്‍ കൂടുന്നതില്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. മുമ്പ് ഇത്തരം കേസുകളില്‍ പിഴ രണ്ടായിരവും മൂവായിരവും ആയിരുന്നെങ്കില്‍ ഇപ്പോള്‍ കോടതികളുടെ പിഴശിക്ഷ പത്തായിരത്തിനും മുകളിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ പൊലീസിലെയും റവന്യൂവിഭാഗത്തിലെയും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പുഴമണല്‍ഖനനവും കടത്തും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നീരൊഴുക്കുകള്‍ തടഞ്ഞും ഗതിമാറ്റിയുമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പരിണിതഫലം പ്രളയമായും വരള്‍ച്ചയായും മനുഷ്യജീവിതത്തില്‍ പ്രകൃതിയുടെ വിഹ്വലമായ പ്രത്യാക്രണമമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ഒരു അനുഭവവും നമുക്ക് പാഠമാകുന്നില്ലെന്നതാണ് ഖേദകരം.
പുഴകളുടെ നാശത്തിന് മറ്റൊരു പ്രധാനകാരണം തീരദേശനിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള വ്യാപകമായ കയ്യേറ്റങ്ങളാണ്. പുഴയോരങ്ങള്‍ മണ്ണിട്ട് നികത്തി വന്‍കിട റിസോര്‍ട്ടുകള്‍ പോലും നിര്‍മിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക ആഘോതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നു. കുളിക്കാനും അലക്കാനും മാത്രമല്ല കുടിക്കാന്‍ പോലും പുഴവെളളത്തെ ആശ്രയിക്കുന്ന കാലഘട്ടം കൂടിയാണിത്. കിണറുകളും കുഴല്‍ക്കിണറുകളും മറ്റ് ജലസ്രോതസുകളും വറ്റുമ്പോള്‍ പുഴവെള്ളം ശുദ്ധീകരിച്ച് സംഭരണികളിലാക്കി പൈപ്പുകളിലൂടെ ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുകളില്‍ വിതരണത്തിനെത്തിക്കുന്നു. വരള്‍ച്ച രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളില്‍ ഈ പദ്ധതിയാണ് ദാഹമകറ്റാനും മറ്റ് പ്രാഥമികദൈനംദിന ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഒരുപരിധിവരെയെങ്കിലും ഉപകരിക്കുന്നത്. എന്നാല്‍ പുഴവെള്ളം മലിനമാക്കുന്നതില്‍ മറ്റേത് ജില്ലയിലെന്നതുപോലെ കാസര്‍കോട് ജില്ലയിലെ പരിസ്ഥിതി വിരുദ്ധരും മത്സരിക്കുകയാണ്. അറവുശാലകളില്‍ നിന്നും കൊണ്ടുവരുന്ന മൃഗാവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുഴകളില്‍ തള്ളുന്നവരെ സാമൂഹ്യദ്രോഹികള്‍ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ല. ഇതിനുപുറമെ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും വിവാഹവീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമൊക്കെ കൊണ്ടുവരുന്ന സകലമാലിന്യങ്ങളും സൗകര്യമായി തള്ളാനുള്ള ഇടങ്ങളായി പുഴകളെയാണ് പലരും കാണുന്നത്. ഇത് നമ്മള്‍ നമ്മളോടുതന്നെ ചെയ്യുന്ന കൊടിയ ദ്രോഹമാണെന്ന് മനസിലാക്കണം. വിദേശരാജ്യങ്ങളില്‍ അവിടത്തെ പുഴകളും തടാകങ്ങളും മറ്റ് ജലാശയങ്ങളും എത്ര വൃത്തിയായാണ് സംരക്ഷിക്കുന്നതെന്നതിനെക്കുറിച്ച് അത്തരം രാജ്യങ്ങളില്‍ യാത്ര ചെയ്ത മലയാളികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.പളുങ്കുപോലുള്ള ജലാശയങ്ങള്‍. മുത്തുമണികള്‍പോലെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്ന കല്‍ത്തരികള്‍. സംരക്ഷണത്തിന്റെ സകലസൗഭാഗ്യങ്ങളും അനുഭവിക്കുന്ന ആ ജലസമ്പത്തുകള്‍ തിരിച്ച് അവിടത്തെ മനുഷ്യജീവിതത്തെയും അവരുടെ ആരോഗ്യത്തെയും ഉത്തേജിപ്പിക്കുന്ന ഐശ്വര്യദായകമായ മധുവാഹിനികളായി മാറുന്നു. വായുവും വെള്ളവും ഭക്ഷണവും ശുദ്ധവും അണുവിമുക്തവുമാകണമെന്ന വിദേശികളുടെ തിരിച്ചറിവാണ് ഇതിന് അടിസ്ഥാനം. കടലും പുഴയുമൊക്കെ വൃത്തിഹീനമായാലും നമ്മുടെ വീടിന്റെ അകവും പുറവും തൊടിയും മാത്രം ശുചിയായാല്‍ മതിയെന്ന സ്വാര്‍ഥചിന്തയാണ് കേരളത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നയിക്കുന്നത്. എന്നാല്‍ പൊതുവായ പ്രകൃതിദത്ത നീരുറവകളും ജലാശയങ്ങളും അശുദ്ധമായാല്‍ അത് മൊത്തം ജനസമൂഹത്തിന്റെ ആരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന വിപത്തായി മാറുമെന്നതിനെക്കുറിച്ച് ഒരു ധാരണയും നമ്മള്‍ക്കില്ല. പ്രകൃതിയും പരിസ്ഥിതിയും മാലിന്യമുക്തവും ചൂഷണവിമുക്തവും ആയാല്‍ മാത്രമേ നല്ല വെള്ളവും ശുദ്ധമായ വായുവും ഗുണകരമായ ഭക്ഷണവും സുഖദായകമായ കാലാവസ്ഥയും നമുക്ക് ലഭിക്കുകയുള്ളൂ. ഇതൊന്നുമില്ലെങ്കില്‍ എത്ര നിലയില്‍ മാളിക പണിതാലും സ്വസ്ഥമായ ജീവിതം നയിക്കാനാകില്ല. നമ്മുടെ നാട്ടിലെ ജലസമ്പത്തുകളുടെ സുരക്ഷയ്ക്ക് വേണ്ടി നിയമം കര്‍ശനമായി നടപ്പാക്കുന്നതോടൊപ്പം അതിന്റെ പ്രസക്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാവശ്യമായ സാമൂഹിക ഇടപെടലും അനിവാര്യമാണ്. വിദ്യാര്‍ത്ഥികളുടെ പഠനയാത്രകളില്‍ നമ്മുടെ നാട്ടിലെ പുഴകളുടെ അവസ്ഥകളെക്കുറിച്ച് മനസിലാക്കാനുള്ള അവസരങ്ങള്‍ കൂടി ഒരുക്കികൊടുക്കണം. പരിസ്ഥിതിചൂഷണത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഒരുതലമുറ വാര്‍ത്തെടുക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതുപോലെ സാമൂഹ്യസംഘടനകളുടെയും പരിസ്ഥിതിസംഘടനകളുടെയും കൂടുതല്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഈ വിഷയത്തിലുണ്ടാകണം.