കാസര്‍കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തിരയുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഭര്‍ത്താവ് മെഹനാസിനെ കണ്ടെത്താന്‍ ലുക്ഔട്ട് നോട്ടീസിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മെഹനാസിനെ കണ്ടെത്താന്‍ അന്വേഷണം സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം നീലേശ്വരത്ത് എത്തിയിരുന്നുവെങ്കിലും മെഹനാസിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പെരുന്നാള്‍ കഴിഞ്ഞ ടൂര്‍ പോയിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
നിലവില്‍ മെഹനാസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. മെഹനാസില്‍ നിന്ന് കൂടുതല്‍ വിവരങ്ങളറിഞ്ഞാലേ തുടര്‍നടപടികളിലേക്ക് കടക്കാനാവൂ എന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. മെഹനാസ് സംസ്ഥാനാതിര്‍ത്തി കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സംശയിക്കുന്നു.
റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും കിട്ടിയ ശേഷം തുടര്‍നടപടികളെടുത്താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മറവ് ചെയ്ത മൃതദേഹം മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.