കവിതയില്‍ തിളങ്ങി റിദ

ഗഹനമായ ആശയങ്ങളെ ചെറുവാക്കുകളാല്‍ കോറിയിടുന്ന കവിതകള്‍ക്ക് വിശ്വസാഹിത്യത്തില്‍ പ്രബലമായ സ്ഥാനമുണ്ട്. കവിതയുടെ പുതുവഴിയും നവഭാവുകത്വവുമൊക്കെ തനതുവഴിയില്‍ മുന്നേറുന്നുണ്ടെന്ന് തന്നെ പറയാം. കാലിക പ്രശസ്തമായ ഏതൊരു വിഷയത്തെയും കാമ്പുള്ള പരികളിലൂടെ ഇംഗ്ലീഷ് കവിതകളാക്കി ശ്രദ്ധേയയാവുകയാണ് കാസര്‍കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ മറിയം റിദ. തന്റെ ചുറ്റുവട്ടത്തുമുള്ള കാര്യങ്ങളും സംഭവങ്ങളും സസൂഷ്മം നിരീക്ഷിക്കുകയും അവയിലെ പ്രത്യേകതകളെ കണ്ടെത്തുകയും തന്റെ ഭാവനയും വര്‍ണ്ണനയും കൊണ്ട് അവയെ അക്ഷരങ്ങളാക്കി മാറ്റുകയുമാണ് ഈ മിടുക്കി. ഇതിനോടകം 56 […]

ഗഹനമായ ആശയങ്ങളെ ചെറുവാക്കുകളാല്‍ കോറിയിടുന്ന കവിതകള്‍ക്ക് വിശ്വസാഹിത്യത്തില്‍ പ്രബലമായ സ്ഥാനമുണ്ട്. കവിതയുടെ പുതുവഴിയും നവഭാവുകത്വവുമൊക്കെ തനതുവഴിയില്‍ മുന്നേറുന്നുണ്ടെന്ന് തന്നെ പറയാം. കാലിക പ്രശസ്തമായ ഏതൊരു വിഷയത്തെയും കാമ്പുള്ള പരികളിലൂടെ ഇംഗ്ലീഷ് കവിതകളാക്കി ശ്രദ്ധേയയാവുകയാണ് കാസര്‍കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ മറിയം റിദ.
തന്റെ ചുറ്റുവട്ടത്തുമുള്ള കാര്യങ്ങളും സംഭവങ്ങളും സസൂഷ്മം നിരീക്ഷിക്കുകയും അവയിലെ പ്രത്യേകതകളെ കണ്ടെത്തുകയും തന്റെ ഭാവനയും വര്‍ണ്ണനയും കൊണ്ട് അവയെ അക്ഷരങ്ങളാക്കി മാറ്റുകയുമാണ് ഈ മിടുക്കി. ഇതിനോടകം 56 കവിതകള്‍ എഴുതി.
'ദി ലൈറ്റ് ഓഫ് സ്പാര്‍ക്ക്സ്' എന്ന പേരില്‍ റിദയുടെ കവിതകള്‍ പ്രസിദ്ധീകൃതമായി. നോഷന്‍ പ്രസ്.കോമാണ് റിദയുടെ കവിതകളെ പുസ്തകമാക്കിയത്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമായ റിദയുടെ കവിതാ സമാഹാരത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പലരും സന്ദേശമയച്ചും വിളിച്ചും അഭിനന്ദനമറിയിക്കുന്നു.
കാസര്‍കോട് സിറ്റി ഗോള്‍ഡ് ജ്വല്ലറി ഡയറക്ടര്‍ ചൂരിയിലെ നൗഷാദിന്റെയും റംസീനയുടെയും മകളാണ് റിദ.
10വരെ ചെട്ടുംകുഴി കെ.എസ്.അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് കവിതാ രചനാ മത്സരത്തില്‍ പങ്കെടുക്കുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടിയതോടെ തന്റെയുള്ളില്‍ കവിതയോടുള്ള അഭിരുചി ഒളിച്ചിരിപ്പുണ്ടെന്ന് റിദ മനസിലാക്കി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളിലും മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. അതോടൊപ്പം അന്താരാഷ്ട്ര പ്രശസ്തമായ പുസ്തകങ്ങളും കവിതകളും നോവലുകളും വായിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുകയും ഒഴിവ്‌സമയം കിട്ടുമ്പോഴൊക്കെ വരികള്‍ കുറിച്ചുവെക്കുകയും ചെയ്തു.
ആഴത്തിലുള്ള വായനയോടൊപ്പം എഴുത്തിനോടും ഭ്രമം തോന്നിയതോടെ മൂന്നു വര്‍ഷക്കാലയളവില്‍ 56 കവിതകള്‍ വിരിഞ്ഞു.
കവിതകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകരും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ നിറഞ്ഞ പിന്തുണ നല്‍കിയപ്പോള്‍ എഴുതാനുള്ള ത്വര വര്‍ധിച്ചതായി റിദ പറയുന്നു.
കോവിഡ് മഹാമാരി തളച്ചിടപ്പെട്ട ലോക്ഡൗണ്‍ വേളയിലാണ് തന്റെ കവിതകള്‍ പുസ്തക രൂപത്തിലാക്കണമെന്ന മോഹം റിദയിലുണ്ടാവുന്നത്. അതിനിടെ കവിതകള്‍ ഇന്‍സ്റ്റാഗ്രാം പേജിലും പോസ്റ്റ് ചെയ്തു. ഇത് പ്രസിദ്ധീകരണ രംഗത്ത് പ്രശസ്തരായ നോഷന്‍ പ്രസ്.കോമിന്റെ ശ്രദ്ധയില്‍ പെട്ടതോടെ റിദയുടെ ആഗ്രഹം പൂവണിയുകയായിരുന്നു.
കവിതയില്‍ കൂടുതല്‍ ശോഭിച്ച്, അക്ഷരങ്ങള്‍ കൊണ്ട് സമൂഹത്തിന് കുറെ സന്ദേശങ്ങള്‍ നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് റിദ പറയുന്നു.

Related Articles
Next Story
Share it