തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 91 ശതമാനം ആളുകള്‍ കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് എങ്കിലും എടുത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഒഴിവാക്കി. വാക്സിന് സര്‍ട്ടിഫിക്കറ്റ്, ആര്‍ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഇളവുകള്‍ ബാധകം.
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി നല്കി. ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിന് എടുത്തവരായിരിക്കണം. ആകെ സീറ്റുകളുടെ 50 ശതമാനം മാത്രമേ അനുവദിക്കാവൂ. നിബന്ധനകള്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ബാധകമല്ല. എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്സിനേഷന് സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷന് സ്വീകരിച്ച ആളുകള്‍ക്കായി അനുവദിക്കാവുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം.