ഉബൈദ് സാഹിത്യ പ്രവര്‍ത്തനത്തിനപ്പുറം നവോത്ഥാന പ്രക്രിയ

1908ല്‍ ജനിച്ച് 1972ല്‍ വിട വാങ്ങിയ ടി. ഉബൈദ് എന്ന അസാധാരണ കവിയുടെ അനുസ്മരണങ്ങള്‍ അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷം ഓരോ ഒക്‌ടോബര്‍ മാസത്തിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് കാസര്‍കോട് സാംസ്‌കാരിക സംഘടനകള്‍ വിച്ഛേദം കൂടാതെ നടത്തി വരികയാണ്. ഈ കവിയെ നേരില്‍ കാണുകയും അടുത്തിടപഴകുകയും ചെയ്തവരില്‍ അധികമാരും ഇന്നില്ല. പുതിയ തലമുറ ഉബൈദിന്റെ ചിത്രം മാത്രം കണ്ടവരാണ്. ഈ കവിയുമായി സംസാരിക്കാനും സംവദിക്കാനും അവസരങ്ങള്‍ കിട്ടിയിരുന്നു എന്നത് ഈ ലേഖകന്‍ വിനയത്തോടെ ഓര്‍ക്കുകയാണ്. […]

1908ല്‍ ജനിച്ച് 1972ല്‍ വിട വാങ്ങിയ ടി. ഉബൈദ് എന്ന അസാധാരണ കവിയുടെ അനുസ്മരണങ്ങള്‍ അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷം ഓരോ ഒക്‌ടോബര്‍ മാസത്തിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് കാസര്‍കോട് സാംസ്‌കാരിക സംഘടനകള്‍ വിച്ഛേദം കൂടാതെ നടത്തി വരികയാണ്. ഈ കവിയെ നേരില്‍ കാണുകയും അടുത്തിടപഴകുകയും ചെയ്തവരില്‍ അധികമാരും ഇന്നില്ല. പുതിയ തലമുറ ഉബൈദിന്റെ ചിത്രം മാത്രം കണ്ടവരാണ്. ഈ കവിയുമായി സംസാരിക്കാനും സംവദിക്കാനും അവസരങ്ങള്‍ കിട്ടിയിരുന്നു എന്നത് ഈ ലേഖകന്‍ വിനയത്തോടെ ഓര്‍ക്കുകയാണ്. അവസാനമായി ഞങ്ങളുടെ കൂടിക്കാഴ്ച കവിയുടെ വേര്‍പാടിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ തളങ്കര പള്ളിക്കാലിലുള്ള വസതിയിലായിരുന്നു. അന്നദ്ദേഹം അധികം വാചാലനായത് വിവിധ സമുദായങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സംഘടനകള്‍ക്കുമിടയില്‍ സജീവമായിരുന്ന അനാവശ്യ തര്‍ക്കങ്ങളെക്കുറിച്ചും സംവാദങ്ങളെക്കുറിച്ചുമായിരുന്നു. തീപിടിച്ച പള്ളിയിലൂടെയും മറ്റും കടന്നുപോകുമ്പോള്‍ അനുവാചകനിലുളവാക്കുന്ന വിചാര വിക്ഷുബ്ധതയുണ്ടല്ലോ. കവിയും വിവര്‍ത്തകനും ഗവേഷകനും അധ്യാപകനുമൊക്കെയായ ആ ഭാഗ്യവാനുമായുള്ള സംഭാഷണത്തിനാകട്ടെ, മാധുര്യം കൂടിക്കൂടി വരും. സാധാരണ കവികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഉബൈദിനെക്കുറിച്ച് 'ഉബൈദോര്‍മ്മകള്‍' എന്ന ശീര്‍ഷകത്തില്‍ ഒരു കൃതി രചിക്കാന്‍ ഈ ലേഖകനെ ഉത്തേജിപ്പിച്ച ഘടകങ്ങളിലൊന്ന് ആ കൂടിക്കാഴ്ചയായിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു മുന്തിയ സാഹിത്യശാഖയെ-മാപ്പിള സാഹിത്യത്തെ-മലയാള സാഹിത്യ മണ്ഡലത്തിലെ ഉന്നത മേഖലയിലെത്തിച്ചു എന്നതാണ് ഉബൈദിന്റെ ഏറ്റവും വലിയ സംഭാവന. മോയില്‍കുട്ടി വൈദ്യരെപ്പറ്റിയും വൈദ്യര്‍കൃതികളെപ്പറ്റിയും കനപ്പെട്ട പല ലേഖന
ങ്ങളും വിവിധ ആനുകാലിക കൃതികള്‍ക്ക് ഉബൈദ് നല്‍കിയിട്ടുണ്ട്. മുഹമ്മദ് ശെറൂലിനെപ്പറ്റി അദ്ദേഹമെഴുതിയ നാല്‍പ്പതുപുറങ്ങളുള്ള കൊച്ചു പുസ്തകത്തില്‍ നിന്ന് മറ്റെവിടെ നിന്നും ലഭിക്കാത്ത പലതും മനസ്സിലാക്കാം. ഇന്നതു കാണാനില്ല. സ്‌കൂളില്‍ കര്‍ണാടകം പഠിച്ച ഉബൈദ് സ്വപ്രയത്‌നങ്ങള്‍ കൊണ്ട് മലയാളഭാഷയിലും സാഹിത്യത്തിലും വലിയ അവഗാഹം നേടി. മുഖ്യധാരാ സാഹിത്യത്തെ കിടപിടിക്കുന്ന ഉബൈദ് രചനകള്‍ ചരിത്രത്താളുകളില്‍ തിളങ്ങുന്നു എന്നത് അത്ഭുതമാണ്. ഉബൈദിന്റെ തൂലികയ്ക്കും വാക്കുകള്‍ക്കും വല്ലാത്ത ഒരു മാന്ത്രികശക്തി ഉണ്ടായിരുന്നു. മലയാളത്തിലായാലും കന്നഡയിലായാലും കവിതക്കും പാട്ടിനും യഥാക്രമം ഹൃദ്യമായ വൃത്തവും വശ്യമായ ഈണവും അനിവാര്യമാണെന്നായിരുന്നു ഉബൈദിന്റെ മതം. കാസര്‍കോട് സൗത്ത് കാനറയിലായിരുന്ന കാലത്ത് എല്ലാം കൊണ്ടും പിന്നോക്കാവസ്ഥയിലായിരുന്ന മാപ്പിളമാര്‍ക്കു ഒരുണര്‍ത്തുപാട്ടായിമാറിയ കന്നഡപ്പാട്ടിലെ ഏതാനും വരികള്‍ ഉദാഹരണം. ഈണത്തില്‍ പാടുമ്പോള്‍ എന്തെന്നില്ലാത്ത കൗതുകമായിരുന്നു ആ പാട്ടു കേള്‍ക്കാന്‍. ഉബൈദ് തന്നെ പാടിക്കേള്‍പ്പിക്കുമ്പോള്‍ പ്രതേ്യകിച്ചും.
'ഏളിരേളിരി മുസല്‍മാനറേ
നവ്യ ലോകവ നോഡിരീ
കാലചക്രദ റഭെസക്കനുഗുണ
ദിവ്യസേവെയ മാഡിരീ
ദിവ്യസേവെയ മാഡിരീ'
(ആലസ്യത്തില്‍ ആണ്ടുപോയ മുസ്ലിമുകളേ ഉണരുവീന്‍. കാലം മാറി. പുതിയൊരു ലോകം! കാലചക്രം ശീഘ്രം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിന്നനുഗുണമാംവിധം ദിവ്യസേവയില്‍ വ്യാപകരാകുവീന്‍).
അല്ലാമാ ഇഖ്ബാല്‍, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, ഇസ്മായില്‍ സാഹിബ്, ഖാദി അബ്ദുല്ല ഹാജി, ഖാദി മുഹമ്മദ് മുസ്ല്യാര്‍, മുഹമ്മദ് ശെറൂല്‍, സി.എച്ച്. മുഹമ്മദ് കോയ മുതലായ മഹാരഥന്മാര്‍ ഉബൈദിനെ ഏറെ സ്വാധീനിച്ചിരുന്നു എന്നൂഹിക്കാം. മുസ്ലിം സമൂഹത്തിന്റെ-പ്രതേ്യകിച്ച് സ്ത്രീ സമൂഹത്തിന്റെ-വിദ്യാഭ്യാസമുന്നേറ്റത്തിന് അദ്ദേഹം നടത്തിയ ത്യാഗങ്ങളും പോരാട്ടങ്ങളും അവ ഉല്‍പ്പാദിപ്പിച്ച നേട്ടങ്ങളും ചരിത്രത്തില്‍ ഇടം നേടി. കാസര്‍കോട്ടെ വ്യവസായ-രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് മുബാറക് ഹാജി ഏഴാം ക്ലാസ് കഴിഞ്ഞ് പഠിത്തം നിര്‍ത്തി. ഭൂവുടമയും കൃഷിക്കാരനും വ്യവസായിയുമായിരുന്ന പിതാവിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മുഹമ്മദ്. ഇതറിഞ്ഞ വി.കെ. ഇസ്സുദ്ദീന്‍ മൗലവി അബ്ദുല്‍ ഖാദിര്‍ ഹാജിയെ സമീപിക്കുകയും മകനെ പഠനം തുടരുവാന്‍ അയക്കണമെന്ന് നിരന്തരം ഉപദേശിക്കുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയുമുണ്ടായി. അതൊന്നും ഒട്ടും ഏശിയില്ല.
അവസാനം ഫലിച്ചത് ഉബൈദിന്റെ ഇടപെടലായിരുന്നു. യാത്രാസൗകര്യം തീരെ കുറവായിരുന്ന കാലം. ഉബൈദിന്റെ ഉപദേശങ്ങള്‍ ഏശിയ അബ്ദുല്‍ ഖാദിര്‍ ഹാജി യാത്രക്കും കച്ചവടത്തിനും ഉപയോഗിച്ചിരുന്ന സ്വന്തം കാളവണ്ടിയില്‍ മകനെ ആലംപാടിയില്‍ നിന്ന് തളങ്കരയിലെ മുസ്ലിം ഹൈസ്‌കൂളില്‍ തുടര്‍പഠനത്തിനു ചേര്‍ക്കാന്‍ ചെല്ലുന്നു. ഇതറിഞ്ഞ് ഉന്മേഷവാനായ ഉബൈദ് സ്‌കൂളിലെത്തി അവരെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. വിദ്യഭ്യാസം ആര്‍ജ്ജിക്കുമ്പോള്‍ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന കാസര്‍കോട്ടെ രണ്ടു പെണ്‍കുട്ടികളായിരുന്നു സാറാ അബൂബക്കറും ഡോ. സുഹ്‌റാ ഹമീദും. സാറ സ്‌കൂളിലേക്ക് പോകുന്നത് സഹിക്കവയ്യാതെ പിതാവായ പി. അഹ്മദ് വക്കീലിന്റെ ബോര്‍ഡില്‍ ചില പാമരര്‍ ചാണകം തളിക്കുകയുണ്ടായി.
ശല്യമായപ്പോള്‍ സാറയെ അവളുടെ സഹോദരനായ പി. ഹമീദിന്റെ കൂടെയാണ് സ്‌കൂളില്‍ അയച്ചത്. ഡോ. സുഹ്‌റയാകട്ടെ ആരിക്കാടിയില്‍ നിന്ന് പിതാവിന്റെ കൂടെ റെയില്‍പാളത്തിലൂടെ മൂന്നുകിലോമീറ്ററിലധികം നടന്നാണ് റോഡില്ലാത്ത ആ കാലത്ത് സ്‌കൂളില്‍ പോയത്. തുടര്‍പഠനം മംഗലാപുരത്തായപ്പോള്‍ പുലര്‍ച്ചെ നാലു മണിക്ക് വീട്ടില്‍ നിന്നു പുറപ്പെടണം കുമ്പള തീവണ്ടിയാപ്പീസില്‍ എത്താന്‍ (അന്ന് തീവണ്ടിയായിരുന്നു).
ഇമ്മാതിരി കഷ്ടപ്പാടുകളെപ്പറ്റി സാംസ്‌കാരിക നവോത്ഥാനം വിവരിക്കുമ്പോള്‍ യശശ്ശരീരനായ ഷംനാട് സാഹിബ് എടുത്തുപറയാറുണ്ടായിരുന്നു. എം.ഡിയില്‍ ഒന്നാം റാങ്ക് നേടുമ്പോള്‍ സുഹ്‌റക്ക് മുലയൂട്ടുന്ന കുഞ്ഞുണ്ടായിരുന്നു. പിന്നീട് ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലും സംസ്ഥാനത്തെ ഒന്നാം റാങ്കുകാരി. നായകത്വം വഹിച്ച ഉബൈദ് സാഹിബിന്റെ ത്യാഗങ്ങള്‍ക്കൊപ്പം നവോഥാനം പ്രവൃത്തി പഥത്തില്‍ എത്തിച്ചവരുടെ കയ്പാര്‍ന്ന അനുഭവങ്ങളുടെ ഓര്‍മ്മകള്‍ക്കും ഇരട്ടിമധുരം. സ്ത്രീ വിദ്യാഭ്യാസം ഉള്‍പ്പെടെ കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്തെ ഉണര്‍വുകള്‍ക്ക് ഉബൈദിന്റെ പ്രവര്‍ത്തനങ്ങള്‍ നാഴികകല്ലുകളാണ്. സമുദായത്തിന്റെ പരിഷ്‌കരണത്തിനായി രചനയിലൂടെയും പ്രഭാഷണങ്ങളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും നിരന്തരം ഉബൈദ് പരിശ്രമിച്ചുകൊണ്ടിരുന്നു.
സാഹിത്യത്തിനൊപ്പം തിളക്കമാര്‍ന്നതാണ് ഉബൈദ് മാഷിന്റെ സാംസ്‌കാരിക
പരിശ്രമങ്ങള്‍.

-അഡ്വ. ബി.എഫ്. അബ്ദുല്‍റഹ്മാന്‍

Related Articles
Next Story
Share it