കെ.എം സീതി സാഹിബിനെ ഓര്‍ക്കുമ്പോള്‍...

1961 ഏപ്രില്‍ 17. അന്നായിരുന്നു കെ.എം സീതി സാഹിബ് കേരളത്തിന്റെ നിയമസഭാ സ്പീക്കറായിരിക്കെ ഈ ലോകത്തോട് വിട പറഞ്ഞത്. സര്‍ സയ്യിദിന്റെ ചിന്തയില്‍ നിന്ന് ആവേശം കൊള്ളുകയും ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ക്യാമ്പസില്‍ നിന്ന് ദേശീയ സ്വാതന്ത്ര്യ സമരമുഖത്തേക്ക് എടുത്ത് ചാടുകയും നിയമ വിദ്യാര്‍ത്ഥിയായിരിക്കെ ഗൗരി ശങ്കര്‍ മിശ്രയുടെ പരിഭാഷകനായി കോളേജിനകത്തും പുറത്തും ചര്‍ച്ചാ വിഷയമാവുകയും ഏറെ താമസിയാതെ ഗാന്ധിജിയുടെ പരിഭാഷകനായി ഇംഗ്ലീഷ് കവിതക്ക് പോലും ഭാഷാന്തരം ചമച്ച് സദസ്സിനേയും ഗാന്ധിജിയേയും കയ്യിലെടുക്കുകയും ചെയ്ത പരിഭാഷകന്‍. എസ്.എന്‍.ഡി.പിയുടെ സമ്മേളനത്തിനെത്തിയ കെ.എല്‍ ഗൗബയുടെ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രഭാഷണം തീരും വരെ കാത്തുനിന്ന് ഒരു മണിക്കൂര്‍ കൊണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണം മനസ്സില്‍ ഒപ്പിയെടുത്ത് വള്ളിപുള്ളി തെറ്റാതെ മലയാളി മനസ്സില്‍ കോപ്പി പേസ്റ്റ് ചെയ്ത് അത്ഭുത പരതന്ത്രനാക്കുകയും ചെയ്ത കെ.എം സീതി സാഹിബ് 1929ലെ ലാഹോര്‍ എ.ഐ.സി.സി സമ്മേളനത്തിലേക്ക് കേരളത്തില്‍ നിന്ന് പോയ പ്രതിനിധികളില്‍ ഒരാളായിരുന്നു അദ്ദേഹം.

1940 ഏപ്രില്‍ 29ന് മലബാര്‍ ജില്ലാ മുസ്ലിംലീഗ് സമ്മേളനം കോഴിക്കോട് നടക്കുകയാണ്. ബംഗാള്‍ പ്രധാനമന്ത്രിയായിരുന്ന ഫസലുല്‍ ഹഖ് പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്നു. തൊട്ടടുത്ത് കെ.എം സീതി സാഹിബും എഴുന്നേറ്റു നിന്നതോടെ ജനസഹസ്രങ്ങള്‍ ആവേശത്തോടെ കരഘോഷം മുഴക്കി. അവര്‍ക്കറിയാമായിരുന്നു പരിഭാഷകനായി സീതി സാഹിബുണ്ടെങ്കില്‍ പ്രസംഗം മനസ്സിലാക്കാന്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടാവില്ലെന്ന്. പ്രസംഗം തുടങ്ങി പത്ത് മിനിട്ട് കഴിഞ്ഞ് ഫസലുല്‍ ഹഖ് പരിഭാഷകനെ നോക്കി. അദ്ദേഹം ഒന്നുമറിയാത്ത പോലെ ജനങ്ങളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു. തന്നെ ശ്രദ്ധിക്കുന്നേയില്ല. താങ്കള്‍ പ്രസംഗം തുടര്‍ന്നോളൂ പരിഭാഷകന്‍ മിടുക്കനാണെന്ന് വേദിയിലുണ്ടായിരുന്ന സത്താര്‍ സേട്ട് സാഹിബ് ആശ്വസിപ്പിച്ചെങ്കിലും അദ്ദേഹം പിന്നെയും കുറെ പ്രാവശ്യം പരിഭാഷകന് വേണ്ടി പ്രസംഗം നിര്‍ത്തി കാത്തുനിന്നു. പക്ഷെ, സീതി സാഹിബിന് കുലുക്കമില്ലായിരുന്നു. ഫസലുല്‍ ഹഖ് അസ്വസ്ഥനായിരുന്നു. തന്റെ മണിക്കൂറിലധികം നീളുന്ന പ്രസംഗം ഈ കുറിയ മനുഷ്യന്‍ എങ്ങനെ ജനങ്ങളെ തര്യപ്പെടുത്തും എന്നതായിരുന്നു ആധി. അദ്ദേഹത്തിന്റെ പ്രസംഗം മുഴുമിപ്പിച്ച ശേഷം സീതി സാഹിബ് പരിഭാഷ. ആരംഭിക്കുമ്പോഴേക്കും മഗ്‌രിബ് ബാങ്ക് മുഴങ്ങി. യോഗ നടപടികള്‍നമസ്‌കാര ശേഷം പുനരാരംഭിക്കുമെന്ന അറിയിപ്പോടെ എല്ലാവരും പളളിയിലേക്ക് പോയി. നിസ്‌ക്കാരം കഴിഞ്ഞ് തിരിച്ച് വന്ന സീതി സാഹിബ് പരിഭാഷ തുടങ്ങി. ഫസലുല്‍ ഹഖിന്റെ ഓരോ വാചകങ്ങളും വിടാതെ തര്‍ജ്ജമ ചെയ്തു എന്നു മാത്രമല്ല, ഓരോ സമയത്തേയും അദ്ദേഹത്തിന്റെ ശരീര ഭാഷ പോലും വിട്ടു പോകാതെ കയ്യുയര്‍ത്തേണ്ടിടത്ത് ഉയര്‍ത്തിയും അംഗുലീ ചലനങ്ങള്‍ പോലും അപ്പടി പകര്‍ത്തിയും പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ നിലക്കാത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഫസലുല്‍ ഹഖും ആവേശഭരിതനായി.

സീതി സാഹിബിനെ ചേര്‍ത്തുനിര്‍ത്തി ജനങ്ങളോടായി അദ്ദേഹം പ്രഖ്യാപിച്ചു; ഇതാണ് കാല്‍നൂറ്റാണ്ട് കാലത്തെ പൊതു ജീവിതത്തില്‍ ഞാന്‍ കണ്ട മനോഹരമായ പരിഭാഷ എന്ന്. ജനറല്‍ ഓഫ് ഇന്ത്യ കേവലം പരിഭാഷകന്‍ മാത്രമായിരുന്നില്ല അദ്ദേഹം സര്‍ സയ്യിദിന്റെയും മൗലാന മുഹമ്മദലിയുടേയും കേരളീയ പതിപ്പായി വിദ്യാഭ്യാസ-സാമൂഹ്യ-രാഷ്ടീയ മണ്ഡലത്തില്‍ നവോത്ഥാനത്തിന്റെ വിത്തു പാകിയ മഹാവിപ്ലവകാരി കൂടിയായിരുന്നു.

തിരുകൊച്ചിയിലും മദിരാശിയിലും കേരള നിയമസഭയിലും അംഗമായിരുന്ന സീതി സാഹിബ് അവകാശ പോരാട്ടങ്ങള്‍ക്കും ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു. വിഭജനാനന്തര ഇന്ത്യയില്‍ മസ്ലിംലീഗിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഭ്രൂണഹത്യ നടത്താന്‍ ശ്രമിച്ചവരുടെ മോഹങ്ങളെ തല്ലിക്കെടുത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് ജന്മം നല്‍കാനും അതുവഴി അഭിമാനകരമായ അസ്ഥിത്വവുമായി ഉയര്‍ന്നു നില്‍ക്കാനും സമുദായത്തെ പ്രാപ്തമാക്കുന്നതില്‍ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനൊപ്പം ചേര്‍ത്ത് വെക്കേണ്ട നാമമാണ് സീതി സാഹിബിന്റേത്. ബാഫഖി തങ്ങള്‍ പ്രസിഡണ്ടായ സംസ്ഥാന മുസ്ലിംലീഗിന്റെ നയരൂപീകരണങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്‌കരിച്ചത് സീതി സാഹിബ് ആയിരുന്നു.

കേരളത്തിലെ ഫറൂഖ് കോളേജ് ഉള്‍പ്പടെ ഉയര്‍ന്നുവന്ന മത ഭൗതീക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം സംസ്ഥാപനത്തിലും വളര്‍ച്ചയിലും സീതി സാഹിബിന്റെ ചിന്തയും വിയര്‍പ്പും മുറ്റി നില്‍ക്കുന്നത് കാണാന്‍ കഴിയും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it