അത്രമേല്‍ ഹൃദ്യമായിരുന്നു ആ പുഞ്ചിരി...

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്നൊരു വെള്ളിയാഴ്ച ദിവസം. ജുമുഅ കഴിഞ്ഞ് ദഖീറത്തുല്‍ ഉഖ്‌റ സംഘത്തില്‍ ഒരു ചടങ്ങുണ്ട്. ഞാന്‍ ആദ്യമായി ദഖീറത്തിന്റെ മെമ്പര്‍മാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടത് ആയിടയ്ക്കാണ്. മെമ്പറായി എന്റെ പേര് നിര്‍ദ്ദേശിച്ചത് സംഘം പ്രസിഡണ്ട് കെ.എസ്. അബ്ദുല്ലയായിരുന്നു. അത് എന്നിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. ഞാന്‍ മെമ്പറായ ശേഷമുള്ള ആദ്യ ചടങ്ങായത്‌കൊണ്ട് കെ.എസ്. അബ്ദുല്ലയെ കണ്ട് സന്തോഷമറിയിക്കണമെന്ന് കരുതി, ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ ഉടനെ ദഖീറത്തിന്റെ കോമ്പൗണ്ടില്‍ ചെന്ന് നിന്നു.
ഒരു ബെന്‍സ് കാര്‍ കടന്നുവന്നു. മുന്‍ സീറ്റില്‍ തൊപ്പിവെച്ച, വെളുത്ത കുപ്പായം ധരിച്ച ഒരാളെ നിഴല്‍പോലെ കാണാം. ഞാന്‍ കരുതി കെ.എസ്. അബ്ദുല്ല ആയിരിക്കുമെന്ന്. കാറിനരികിലേക്ക് നടന്നു. ഡോര്‍ തുറന്ന് കാറില്‍നിന്നിറങ്ങിയത് മറ്റൊരാളായിരുന്നു. അഴകാര്‍ന്ന പുഞ്ചിരിയുമായി അദ്ദേഹം കാറില്‍നിന്നിറങ്ങി വന്ന് എനിക്ക് കൈതന്നു; അത് ടി.കെ. മുഹമ്മദ് ഹാജിയായിരുന്നു.
തളങ്കര സ്വദേശിയാണെങ്കിലും ദീര്‍ഘകാലമായി അദ്ദേഹം മുംബൈയില്‍ ആയിരുന്നതിനാല്‍ എനിക്ക് വ്യക്തിപരമായി അത്ര പരിചയമില്ലായിരുന്നു.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ടി.കെ. മുഹമ്മദ് ഹാജിയെ എനിക്കിഷ്ടമായി. ഹൃദയത്തെ തണുപ്പിക്കുന്ന ആ പുഞ്ചിരി തന്നെയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോള്‍ മറ്റൊരു ബെന്‍സില്‍ കെ.എസ്. അബ്ദുല്ല കടന്നുവന്നു. 'പുതിയ മെമ്പര്‍ക്ക് സ്വാഗതം, ഉഷാറാക്കണം...' - എനിക്ക് കൈ തന്ന് കെ.എസ്. അബ്ദുല്ല ആശീര്‍വദിച്ചു.
ടി.കെ. മുഹമ്മദ് ഹാജി ദഖീറത്തിന്റെ ജനറല്‍ ബോഡി യോഗങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും കൃത്യമായി എത്തുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഓരോ പരിപാടിക്കും കുളിര്‍മ പകര്‍ന്നിരുന്നു. മൃദുവായ സംസാരം. നിറഞ്ഞൊഴുകുന്ന സ്‌നേഹം. മുഖം നിറയെ പുഞ്ചിരി വിടര്‍ന്നിട്ടല്ലാതെ അദ്ദേഹത്തെ കണ്ടിട്ടേയില്ല.
ഒരു വര്‍ഷം മുമ്പ് ദഖീറത്തിന്റെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ വീട്ടില്‍ചെന്ന് ആദരിച്ചിരുന്നു. മുംബൈയില്‍ എത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് വലിയൊരു ആശ്രയമായിരുന്നു ടി.കെ. മുഹമ്മദ്. അവിടെ തന്റെ ബാഗ് വ്യാപാരം പച്ചപിടിപ്പിക്കുമ്പോഴും ജോലി തേടി മുംബൈയിലെത്തുന്ന അനേകം കാസര്‍കോട്ടുകാര്‍ക്ക് അദ്ദേഹം അത്താണിയും ആശ്രയുമായി പ്രവര്‍ത്തിച്ചു.
നടപ്പിലും എടുപ്പിലും ഒരു പ്രതാപം മഹ്മൂദ് ഹാജിയില്‍ പ്രകടമായിരുന്നു. നന്മ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അവസാനകാലത്ത് പലപ്പോഴും ആസ്പത്രി വാസം തേടേണ്ടിവന്നപ്പോഴും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയും നന്മയും മാഞ്ഞുപോയിരുന്നില്ല. ആസ്പത്രിയില്‍ തന്നെ കാണാന്‍ എത്തിയവരെയൊക്കെ വീട്ടിലെത്തിയ അതിഥികളെപ്പോലെയാണ് അദ്ദേഹം സ്വീകരിച്ചത്.

