എല്ലാവര്‍ക്കും ഓര്‍ക്കാനുള്ളത് സ്‌നേഹവാത്സല്യത്തിന്റെ മധുരം മാത്രം...

പുലിക്കുന്നിലെ ചൂരി കോമ്പൗണ്ട് ഇനിയുറങ്ങും. അവിടത്തെ ആരവങ്ങള്‍ നിലച്ചിരിക്കുന്നു. താങ്ങാവാനും തണലാവാനും സൈനബ ഹജ്ജുമ്മ എന്ന ഉമ്പിച്ചിഞ്ഞ ഇനി അവിടെ ഇല്ല. തഹജൂദ് നിസ്‌കാരം കഴിഞ്ഞ് സുബ്ഹി ബാങ്ക് വിളിയുടെ കാതൊച്ച കേള്‍ക്കാന്‍ പുലര്‍ച്ചെ നാലര മണി മുതല്‍ പൂമഖത്തെ കസേരയില്‍ നമസ്‌കാര കുപ്പായത്തില്‍, തസ്ബിഹ് മാലയും വിരലുകള്‍ക്കിടയില്‍ പിടിച്ച്, തസ്ബിഹ് ചൊല്ലിയിരിക്കുന്ന ഉമ്പിച്ചിഞ്ഞയെ ഇനി അയല്‍ക്കാര്‍ കാണില്ല.

പ്രായം എഴുപത്തെട്ടാണെങ്കിലും സേവന താല്‍പര്യം ആ മനസിനെ തളര്‍ത്തിയിരുന്നില്ല. ചെറുപ്രായത്തിലെ തളങ്കര ജദീദ് റോഡിലെ പിടേക്കാരന്‍ മുഹമ്മദ് ഹാജിയുടെ മണവാട്ടിയായി തളങ്കരയിലേക്ക് വന്നതാണ്. ആ പ്രദേശത്തുകാരുടെ ഹൃദയത്തിലെല്ലാം കൂടുകൂട്ടിയാണ് നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് പുതിയ വീട് വെച്ച് താമസം മാറിയത്. കുറഞ്ഞ കാലത്തിനുള്ളില്‍ ആ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായി, ഒരു നാട് ഇഷ്ടപ്പെടുന്നവളായി.

നഗരത്തിലെ കച്ചവട സ്ഥാപനത്തിലേക്ക് ഭര്‍ത്താവിനും മക്കള്‍ക്കും വന്ന് ചേരാനും മറ്റുമുള്ള സൗകര്യാര്‍ത്ഥം പിന്നീട് പുലിക്കുന്നിലെ ടൗണ്‍ ഹാള്‍ പരിസരത്ത് സ്ഥലം വാങ്ങി വീട് വെച്ച് സ്ഥിരം താമസമാക്കി. അവിടെയും ഏറെയും വിളമ്പിയത് സ്‌നേഹം മാത്രമായിരുന്നു.

എല്ലാവരും അവര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. മക്കളുടെയും പേരമക്കളുടെയും കൂട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ആ വീടിന്റെ വാതില്‍ എന്നും തുറന്നുതന്നെ കിടന്നു. വരുന്നവര്‍ക്കൊക്കെ അവരെന്നും വീട്ടിലെ രുചികരമായ ഭക്ഷണം വിളമ്പി വയറും മനസ്സും നിറച്ചാണ് പറഞ്ഞയക്കാറ്. അവരങ്ങനെയാണ്. ഒരിക്കലും വീട്ടുകാര്‍ക്ക് മാത്രം കണക്കാക്കി ഭക്ഷണം പാകം ചെയ്യാറില്ല.

ആരെങ്കിലും വരും, വരാതിരിക്കില്ല എന്ന കാത്തിരിപ്പായിരുന്നു എന്നും. വീടും പറമ്പുമായോ മറ്റു കെട്ടിടങ്ങള്‍ സംബന്ധിച്ചോ രേഖകള്‍ക്കും മറ്റുമായി സര്‍ക്കാര്‍ ഓഫീസുകളിലോ മറ്റോ ആരെയും പറഞ്ഞയച്ച് ചെയ്യിപ്പിക്കുന്നത് അവര്‍ക്കിഷ്ടമല്ലായിരുന്നു. ഏത് കാര്യത്തിനും ഏത് കാര്യാലയത്തിലും സ്വയം കയറിച്ചെന്ന് ചെയ്ത് തീര്‍ക്കാനായിരുന്നു അവര്‍ക്കിഷ്ടം. അതുകൊണ്ട് തന്നെയാവാം, നഗരത്തിലെ വില്ലേജ് ഓഫീസടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി ആ കാലത്ത് ഏറ്റവും നല്ല സൗഹൃദങ്ങളായിരുന്നു അവര്‍ കാത്തുസൂക്ഷിച്ചത്.

മരണവിവരം അറിഞ്ഞത് മുതല്‍ ഈ നിമിഷം വരെയും പുലിക്കുന്നിലെ നൂര്‍ വില്ലയിലെത്തുന്നവര്‍ക്കെല്ലാം പറയാനും പാടാനുമുള്ളത് ആ സ്‌നേഹ വാത്സല്യത്തിന്റെ മധുരം തന്നെയാണ്.

ഓര്‍ക്കാനും ഓമനിക്കാനുമുള്ള ഒരുപിടി നല്ല മധുരോര്‍മ്മകള്‍ മനുഷ്യ ഹൃദയങ്ങങ്ങളില്‍ ബാക്കി വെച്ച് ശുഭ്ര വസ്ത്രത്തില്‍ തസ്ബിഹ് മാലയും കൈയില്‍ പിടിച്ച് ദിക്ക്‌റ് പാടിയാണ് ഒരു വിഴ്ചയിലൂടെ അവര്‍ മയക്കത്തിലേക്ക് നീങ്ങിയത്. നാല് ദിവസത്തെ മയക്കത്തിനൊടുവില്‍ കുടുംബത്തേയും നാടിനെയും കണ്ണീരിലാഴ്ത്തി അവരെന്നെന്നേക്കുമായി നാഥനിലേക്ക് മടങ്ങി.

പ്രാര്‍ത്ഥന മാത്രം. പരലോക ജീവിതം ഇതിലും ധന്യമാകട്ടെ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it