നാടിനാകെ സേവന മധുരം വിളമ്പി എത്ര പെട്ടെന്നാണ് സാദിഖ് നമ്മെ വിട്ടുപോയത്

സാദിഖ് രോഗികള്‍ക്കുള്ള വീല്‍ചെയര്‍ എത്തിക്കുന്ന തിരക്കില്‍ (ഫയല്‍ ചിത്രം)
ജില്ലയിലെ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന യുവ നേതാവായിരുന്നു എന്‍.വൈ.എല്‍ ജില്ലാ ട്രഷറര്‍ സാദിഖ് കടപ്പുറം. സാദിഖിനെ പാര്‍ട്ടിയുടെ പതാക പുതപ്പിച്ച് കിടത്തിയ രംഗം ഏറെനേരം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകളുടെ തിരകള്‍ ഒന്നൊന്നായി മനസില്‍ ഓടിയെത്തി. പ്രസ്ഥാനത്തെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച നിഷ്‌കളങ്കനായ പ്രവര്‍ത്തകനായിരുന്നു സാദിഖ്. നന്മയുടെ നിറകുടം. നാടിനെയും സമൂഹത്തെയും കൂടെ നിര്‍ത്തിയുള്ള സേവനം. യുവതലമുറകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയായിരുന്നു ഈ യുവ നേതാവിന്റെ പ്രവര്‍ത്തന രീതി.
അല്ലാഹു നാളെ ഓരോ മനുഷ്യരോടും ചോദിക്കുന്ന ചോദ്യമുണ്ട്. നിന്റെ യുവത്വം എന്തിന് വേണ്ടി ചെലവഴിച്ചു എന്ന്. സാദിഖിന് അല്ലാഹുവിനോട് പറയാന്‍ ഒരുപാട് നന്മകളുടെയും സേവനങ്ങളുടെയും കഥയുണ്ടാവും. സേവനം ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ആരാധനയുടെ ഭാഗമാണ്.
സാദിഖിനെ സ്‌നേഹിക്കുന്ന, അറിയുന്ന ഒരുപാട് പേരാണ് ആ വിയോഗത്തില്‍ ഹൃദയം നൊന്ത് ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ജാതി-മത ഭേദമന്യേ നാടിനും നാട്ടുക്കാര്‍ക്കും സമൂഹത്തിനും കാസര്‍കോട് ജില്ലക്കും കുടുംബത്തിനും വേണ്ടി സേവനമാര്‍ഗത്തില്‍ കര്‍മ്മ നിരതനായ ചെറുപ്പക്കാരനായിരുന്നു സാദിഖ്. വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടത്. പല സേവനങ്ങളുമായും ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ പലപ്പോഴും വിളിക്കാറുണ്ടായിരുന്നു. നല്ല പ്രതീക്ഷകള്‍ സമ്മാനിക്കുന്ന മറുപടിയും ആത്മാര്‍ത്ഥതയും സാദിഖില്‍ നിന്ന് ലഭിച്ചിരുന്നു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അംഗം കൂടിയായ ഭാര്യ ഷമീമയും സാദിഖിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടായിരുന്നു. നല്ല പുരോഗതിയും വികസനവുമാണ് ചൗക്കി, ബ്ലാര്‍ക്കോട് ഭാഗത്ത് കാണാന്‍ കഴിഞ്ഞത്.
സാദിഖിന്റെ കുടുംബം തന്നെ സേവന രംഗത്ത് എക്കാലത്തും സജീവമാണ്.
പിതാവ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പരേതനായ കെ.കെ അബ്ബാസും മാതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ആയിഷയും ജ്യേഷ്ഠ സഹോദരന്മാരായ ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും ഹനീഫ് കടപ്പുറവും ജനസേവന പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന കാര്യം നമുക്കെല്ലാ അറിയാവുന്നതാണ്.
അല്ലാഹു സാദിഖ് കടപ്പുറത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് സമാധാനം നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

