പ്രിയ ഗുരുനാഥന് അക്ഷരപ്പൂക്കളോടെ വിട...

ഞെട്ടല്‍ മാറുന്നില്ല. ചില പ്രഭാതങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത് വെളിച്ചത്തിലേക്കല്ല, താങ്ങാനാവാത്ത ഇരുട്ടിലേക്കാണ്. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ ഇന്നലെ രാത്രി നമ്മള്‍ ഉറങ്ങാന്‍ കിടന്നത്. എന്റെ പ്രിയപ്പെട്ട ഗോപി മാഷ്... ആ സ്‌നേഹത്തണല്‍ ഇനി ഓര്‍മ്മ മാത്രം. യാത്രകളെ പ്രണയിച്ചയാള്‍, മറ്റൊരു യാത്രയുടെ ഇടയില്‍, നിലമ്പൂരിന്റെ മണ്ണില്‍ വെച്ച്, പ്രിയപ്പെട്ട ശ്രീമതി ടീച്ചറുടെ അടുത്ത് വെച്ച്, ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഒരു യുഗം അവസാനിച്ചത് പോലെ തോന്നുന്നു.

2003ല്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെ പടികള്‍ കയറിയ ഒരു സാധാരണ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പക്ഷെ, എന്റെ ഇടനാഴികള്‍ എപ്പോഴും അവസാനിച്ചിരുന്നത് ജിയോളജി ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു. അവിടെ, എനിക്കൊരു മെന്ററെക്കാള്‍ ഉപരി, ഒരു കളിക്കൂട്ടുകാരനെപ്പോലെ ഗോപി മാഷ് ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ ഞാന്‍ എരിയുമ്പോള്‍, സമരങ്ങളുടെ ആരവം അടങ്ങുമ്പോള്‍, മാഷിന്റെ സ്‌നേഹമുള്ള വിളി വരും: 'ഇന്നെന്താടോ പുതിയ പ്രശ്‌നം? മര്യാദയ്ക്ക് പഠിച്ചൂടെ?'. ആ ശാസനയില്‍ ഒരച്ഛന്റെ കരുതലുണ്ടായിരുന്നു.

ഒരു ശനിയാഴ്ചയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. 'ജിയോളജി കുട്ടികള്‍ കണ്ടല്‍ക്കാട് വെക്കാന്‍ പോകുന്നുണ്ട്, കൂടെ വരുന്നോ?' എന്ന ആ ഒരൊറ്റ ചോദ്യം. ഒരു പണിയുമില്ലാതെ നടന്ന എന്നെയും അദ്ദേഹം ആ യാത്രയില്‍ കൂട്ടി. അന്നാണ്, ആ കണ്ടല്‍ച്ചെടികള്‍ക്കിടയില്‍ വെച്ച്, മാഷ് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്. എന്റെ വീടും, ജീവിതവും, സ്വപ്‌നങ്ങളും എല്ലാം ഒരു സുഹൃത്തിനോട് എന്നപോലെ ചോദിച്ചറിഞ്ഞു. അന്ന് എന്നെ ചേര്‍ത്തുപിടിച്ച ആ കൈകള്‍ പിന്നീട് ഒരിക്കലും അയഞ്ഞിട്ടില്ല.

ക്യാമ്പസിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍, അധ്യാപകരുമായി ഞാന്‍ കൊമ്പുകോര്‍ക്കുമ്പോള്‍, അവര്‍ക്കിടയിലേക്ക് ഒരു സ്‌നേഹത്തിന്റെ പരിചയുമായി മാഷ് വന്ന് നില്‍ക്കും. ആ നടുവ് നില്‍ക്കലില്‍ എല്ലാവരും ശാന്തരാവും. ആര്‍ക്കും ആ മുഖത്ത് നോക്കി കയര്‍ക്കാനാവില്ല. എന്‍.സി.സി. കേഡറ്റായിരുന്ന എന്നെ, 'ഇവനെ നന്നാക്കാന്‍' എന്ന ഒറ്റ ഡയലോഗില്‍ എന്‍.എസ്.എസ്. ക്യാമ്പുകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് മാഷാണ്. 'വിജ്ഞാന്‍' എക്സിബിഷന്‍ വന്നപ്പോള്‍, സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ എന്നെ നിര്‍ബന്ധിച്ച് തളച്ചിട്ടതും മാഷ് തന്നെ. 'ഈ എക്സ്പിരിമെന്റിനെക്കുറിച്ച് കുട്ടികള്‍ ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും മാഷേ?' എന്ന് ചോദിച്ച എന്നെ, ഓരോ ഡിപ്പാര്‍ട്ട്മെന്റിലും കൊണ്ടുപോയി പരീക്ഷണങ്ങള്‍ കാട്ടിത്തന്നു. പിന്നീട്, ജില്ലയിലെ സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഞാന്‍ ആവേശത്തോടെ വിശദീകരിക്കുന്നത് കണ്ട്, ഒരു മൂലയില്‍ നിന്ന് മാഷ് ഊറി ചിരിച്ച ആ ചിരി... അതെന്റെ നെഞ്ചില്‍ മായാതെ കിടപ്പുണ്ട്.

കോളേജ് കഴിഞ്ഞ് ഞാന്‍ തമിഴ്നാട്ടില്‍ പി.ജി.ക്ക് പഠിക്കുമ്പോഴും ആ വിളി മുടങ്ങിയില്ല. എന്റെ ബി.എഡ് കാലത്ത്, ഞാന്‍ പ്രസിഡണ്ടായ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാന്‍ മറ്റാരെയും എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല. അന്ന് മാഷ് അവിടെ വന്ന് നടത്തിയ പ്രസംഗം... ജിയോഗ്രഫി എന്ന 'കഠിന' വിഷയത്തെ എങ്ങനെ ലളിതമായി പഠിപ്പിക്കാമെന്ന് എന്റെ സഹപാഠികള്‍ക്ക് അദ്ദേഹം കാണിച്ചുകൊടുത്തു. 'ഇവന്‍ നാളെ വലിയ അധ്യാപകനാവേണ്ടവനാണ്, കൂടെത്തന്നെ നിര്‍ത്തണം' എന്ന് എന്നെക്കുറിച്ച് പറഞ്ഞപ്പോള്‍, എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു ജിയോഗ്രഫി ലാബ് തുടങ്ങാന്‍ വേണ്ടതെല്ലാം തരാമെന്ന വാഗ്ദാനവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

റിട്ടയര്‍മെന്റിന് ശേഷവും ആ ബന്ധം കൂടുതല്‍ ദൃഢമായി. കേന്ദ്ര സര്‍വ്വകലാശാലയില്‍ എനിക്ക് പി.എച്ച്.ഡി.ക്ക് പ്രവേശനം ലഭിച്ച വാര്‍ത്ത, സ്വന്തം മകന്റെ വിജയമായാണ് മാഷും ടീച്ചറും ആഘോഷിച്ചത്. എനിക്ക് ഡോക്ടറേറ്റ് ലഭിച്ച അന്ന് മാഷ് വിളിച്ചു പറഞ്ഞു: 'എടാ, എന്റെ മോന് ഡോക്ടറേറ്റ് ലഭിച്ച സന്തോഷമാടാ എനിക്കിപ്പോള്‍!' ആ വാക്കുകളേക്കാള്‍ വലിയൊരു അംഗീകാരം എനിക്ക് കിട്ടാനില്ല.

ഞാന്‍ പലപ്പോഴും അഹങ്കരിച്ചിരുന്നു, മാഷിന് എന്നോടാണ് ഏറ്റവും സ്‌നേഹമെന്ന്. പക്ഷെ, ആ സ്നേഹസൂര്യന്‍ എല്ലാവര്‍ക്കും ഒരുപോലെയാണ് വെളിച്ചം നല്‍കിയിരുന്നതെന്ന് ഞാന്‍ വൈകിയാണ് അറിഞ്ഞത്. തന്നോട് ഇടപഴകിയ ഓരോ വിദ്യാര്‍ത്ഥിയോടും 'നീയാണ് എനിക്ക് പ്രിയപ്പെട്ടവന്‍' എന്ന് പറയാതെ പറയുന്ന ഒരു മാന്ത്രികത ആ സ്‌നേഹത്തിനുണ്ടായിരുന്നു.

ഏറ്റവും ഒടുവില്‍... എം.എസ്.എഫ് ജി.സി.കെ അലുംനി നടത്തിയ 'കിനാവിലെ ജി.സി.കെ' എന്ന ആ പരിപാടി. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ വേദി. അന്ന്, ഹനീഫയോടൊപ്പം ആ ഗുരുശ്രേഷ്ഠനെ ആദരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചു. സ്റ്റേജില്‍ വെച്ച് ആ കൈകള്‍ പിടിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ലല്ലോ, അതൊരു യാത്രാമൊഴിയുടെ തുടക്കമായിരുന്നെന്ന്! അതായിരുന്നു അവസാനത്തെ ആദരവെന്ന്!

മാഷേ... നിങ്ങള്‍ പോകുമ്പോള്‍ അനാഥമാകുന്നത് എന്നെപ്പോലെ അനേകം മക്കളാണ്. ശ്രീമതി ടീച്ചറുടെ വേദന എങ്ങനെ വാക്കുകളില്‍ ഒതുക്കും? പരസ്പരം താങ്ങും തണലുമായി ജീവിച്ച നിങ്ങളെ നോക്കി ഞങ്ങള്‍ സ്‌നേഹിക്കാന്‍ പഠിക്കുകയായിരുന്നു. ഈ മഹാസങ്കടം താങ്ങാനുള്ള കരുത്ത് പ്രിയപ്പെട്ട ടീച്ചറിന് നല്‍കണേ നാഥാ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.

നിങ്ങള്‍ പകര്‍ന്നു തന്ന സ്‌നേഹത്തേക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍, കണ്ണീരില്‍ കുതിര്‍ന്ന ഒരായിരം അക്ഷരപ്പൂക്കള്‍...

'ചില മനുഷ്യരുണ്ട്, അവര്‍ മണ്ണില്‍ നട്ടത് മരങ്ങളല്ല, തണലായിരുന്നു... അവര്‍ നമ്മെ പഠിപ്പിച്ചത് പാഠങ്ങളല്ല, ജീവിതമായിരുന്നു... അവര്‍ പോകുമ്പോള്‍ ശൂന്യമാകുന്നത് ഒരു സിംഹാസനമല്ല, ഒരു ഹൃദയമാണ്. ദുഃഖത്തോടെ...


Related Articles
Next Story
Share it