തൂവെള്ള നിറത്തെ നെഞ്ചോട് ചേര്‍ത്ത പൂരണം മുഹമ്മദലിച്ച

മരണത്തിന് സമയമോ സന്ദര്‍ഭമോ ഇല്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന് വെള്ളിയാഴ്ച വിടപറഞ്ഞ പൂരണം മുഹമ്മദലിച്ചയുടെ മരണം നമ്മോട് പറയുന്നു. ജുമുഅ നിസ്‌ക്കാരവും പ്രാര്‍ത്ഥനകളും കഴിഞ്ഞ ശേഷം അവിടെ നടന്ന മയ്യത്ത് നിസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനെയും ആദ്യ അവസാനം വരെ ഉറൂസിന്റെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മദ്ഹ് ഗാനം പാടി വിശ്വാസികളെ കൈയ്യിലെടുത്തിരുന്ന മുഹമ്മദലിച്ച ഈ വര്‍ഷം നടക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ തിയതി നിശ്ചയിക്കാന്‍ നിസ്‌ക്കാരം കഴിഞ്ഞ് നടക്കുന്ന യോഗത്തിന് തൊട്ട് മുമ്പായിരുന്നു വിയോഗം. അതൊരു നിമിത്തമായിരുന്നു. ആ യോഗത്തില്‍ പങ്കെടുക്കണമെന്നും ഇത്തവണത്തെ ഉറൂസില്‍ തന്റെ സജീവ സാന്നിധ്യം വേണമെന്നും ആഗ്രഹിച്ചിരുന്നുവെങ്കിലും അല്ലാഹുവിന്റെ വിളിക്കുത്തരം കേട്ട് പോയിരിക്കുന്നു. ഒരാഴ്ച മുമ്പ് കണ്ടപ്പോള്‍ കൊപ്പല്‍ അബ്ദുല്ലയുടെ പേരില്‍ പുറത്തിറക്കുന്ന സ്മരണികയിലേക്ക് ഒരു കുറിപ്പ് തരാനുണ്ടെന്നും പറഞ്ഞിരുന്നുവെങ്കിലും ആ കുറിപ്പ് തരാതെ പോയിരിക്കുന്നു. കലയെയും കായികത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനാഘോഷത്തിന് എത്തും. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തളങ്കരയിലും മേല്‍പറമ്പിലും ഉണ്ടെങ്കില്‍ അവിടെയും ഓടി എത്തും. മുഹമ്മദ് റഫിയെയും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളെയും മാപ്പിളപ്പാട്ടിനെയും ഏറെ നെഞ്ചോട് ചേര്‍ത്തു. മാപ്പിളപ്പാട്ട്, ഗാനമേള എന്നിവയുണ്ടെങ്കില്‍ പരിപാടി അവസാനിക്കുന്നത് വരെ ഇരിക്കും. കലാ-സാഹിത്യ സദസുണ്ടെങ്കിലും അവിടെയെത്തും.

നെല്ലിക്കുന്ന്-ദുബായ് മുസ്ലീം ജമാഅത്ത് രൂപീകരണത്തിലും അതിന്റെ ആദ്യകാല പ്രസിഡണ്ടും നിലവില്‍ ഉപദേശക സമിതി അംഗവുമായിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങളിലും പൂരണത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. വെള്ള ഷര്‍ട്ട്, വെള്ള പാന്റ്, വെള്ള ചെരുപ്പും തൊപ്പിയും. എന്തിനേറേ പറയുന്നു, കൈയില്‍ കെട്ടുന്ന വാച്ചിന്റെ സ്ട്രാപ്പ് പോലും വെള്ളയായിരുന്നു. ഒരുകാലത്ത് നെല്ലിക്കുന്നിലെ നിത്യവസന്തമായിരുന്ന പൂരണം മരണം വരെ നിത്യവസന്തമായി തന്നെ കഴിഞ്ഞു. നെല്ലിക്കുന്ന് യു.പി. സ്‌കൂളിലെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായി എപ്പോഴുമുണ്ടാവും. പ്രവാസിയായിരുന്ന കാലത്ത് നിരവധി ഗായകരും സിനിതാ താരങ്ങളുമായി സൗഹാര്‍ദ്ദം ഉണ്ടാക്കിയിരുന്നു. യാത്രാ പ്രിയനായിരുന്നു. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പള്ളി റോഡിലെ തലയുയര്‍ത്തി നില്‍ക്കുന്ന ഓടിട്ട വലിയ വീടിന് പുറത്ത് മുഹമ്മദലിച്ചയെ കാണുമ്പോള്‍ തന്നെ പ്രൗഢി ഒന്ന് വേറെ തന്നെയായിരുന്നു. ഇത്തവണത്തെ ഉറൂസിന് മാത്രമല്ല നെല്ലിക്കുന്നിലെ ഒരു പരിപാടിയിലും ഇനി പൂരണം മുഹമ്മദലിച്ച ഉണ്ടാവില്ലെന്നറിയുമ്പോള്‍ ഞങ്ങള്‍ക്ക് വേദന തോന്നുന്നു. എല്ലാവരും ആഗ്രഹിച്ചുപോകുന്ന എന്നാല്‍ ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് അദ്ദേഹത്തിന് ലഭിച്ചത്. അല്ലാഹുവിന്റെ ഭവനത്തില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ മരിക്കണമെന്ന്. മരണം തന്നെ അദ്ദേഹം ധരിക്കുന്ന തൂവെള്ള വസ്ത്രത്തിന്റെ പരിശുദ്ധിയെ വിളിച്ചോതുന്നു. നിനച്ചിരിക്കാതെയുള്ള വിടവാങ്ങലായി പോയി പൂരണം മുഹമ്മദലിച്ചയുടേത് കണ്ണുനിറഞ്ഞുപോയി...

മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു...

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it