പിതൃതുല്യനെപോലെ സ്‌നേഹിച്ച ഒരാള്‍...

പിതൃതുല്യം സ്നേഹിച്ച ഒരാളുടെ വേര്‍പ്പാടുണ്ടാക്കിയ വലിയൊരു വേദനയാണ് അന്തായിച്ച എന്ന തളങ്കര ജദീദ്‌റോഡിലെ പി.എ. അബ്ദുല്ലയുടെ വേര്‍പ്പാട് വ്യക്തിപരമായി എന്നിലുണ്ടാക്കിയിട്ടുള്ളത്. കുട്ടിക്കാലം മുതല്‍ക്കേ ആ സ്‌നേഹ ലാളന അനുഭവിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. എന്നോട് വല്ലാത്തൊരു വാത്സല്യമായിരുന്നു അദ്ദേഹത്തിന്. എവിടെ കണ്ടാലും ആ സ്നേഹം നിറഞ്ഞൊഴുകും. എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം നിറഞ്ഞു തുളുമ്പുന്ന ഒരു സ്നേഹക്കുടം അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു. എന്റെ ഓരോ വളര്‍ച്ചയിലും ഏറെ സന്തോഷിക്കുകയും ആ സന്തോഷം നിര്‍ലോഭം പ്രകടിപ്പിക്കുകയും ചെയ്ത ഒരാളുമായിരുന്നു അദ്ദേഹം.

ജദീദ്‌റോഡിന്റെ സര്‍വതോന്മുഖ മേഖലകളിലും സജീവമായ ഒരു സാന്നിധ്യമായി അന്തായിച്ച എന്നുമുണ്ടായിരുന്നു. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി നഗരത്തില്‍ വ്യാപാര സ്ഥാപനം തുടങ്ങിയ അദ്ദേഹം ജന്മനാടിന്റെ എല്ലാ നന്മകള്‍ക്കും വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1970കളിലാണ് അന്തായിച്ച ഖത്തറിലെത്തുന്നത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതംകൊണ്ട് അദ്ദേഹം നേടിയെടുത്തത് ലോകപരിചയമായിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുമായുള്ള സൗഹൃദം അദ്ദേഹത്തില്‍ ജെന്റില്‍മാനായ ഒരു മനുഷ്യനെ രൂപപ്പെടുത്തിയിരുന്നു. സംസാരത്തില്‍ മിതത്വവും പെരുമാറ്റത്തില്‍ തികഞ്ഞ വിനയവും പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ജദീദ്‌റോഡ് പള്ളിയുടെയും മദ്രസയുടെയും വായനശാലയുടെയുമൊക്കെ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവ തല്‍പരനായിരുന്നു അന്തായിച്ച. അദ്ദേഹത്തില്‍ ഞങ്ങള്‍കണ്ട വലിയ നന്മകളിലൊന്ന് വൃത്തിയുടെ കാര്യത്തില്‍ കാണിച്ച ശ്രദ്ധയാണ്. എന്നും പുലര്‍കാലത്ത് ഒരു ചൂലുമായി അദ്ദേഹം ഇറങ്ങും. ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ വീട്ടുവളപ്പ് തൂത്തുവാരി വൃത്തിയാക്കിയ ശേഷം വീട്ടുവളപ്പില്‍ നിന്ന് റോഡിലേക്കിറങ്ങും. വീടിനു പുറത്തേക്ക് നീണ്ട് ആ ശുചീകരണം റോഡിലുമെത്തും. ഇത് പതിവായിരുന്നു. തന്റെ വീട് മാത്രമല്ല താന്‍ ജീവിക്കുന്ന പരിസരവും മനോഹരമായിരിക്കണമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. വെള്ളം അനാവശ്യമായി പാഴാക്കുന്നതും പൊതു സ്ഥാപനങ്ങളില്‍ വെറുതെ ഫാനും ലൈറ്റും ഓണ്‍ ചെയ്ത് വെക്കുന്നതുമൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പള്ളിയിലെ ഔളില്‍ (അംഗശുദ്ധി വരുത്തുന്ന സ്ഥലം) നിന്ന് വെള്ളം അനാവശ്യമായി പാഴാക്കുന്നത് കണ്ടാല്‍ അദ്ദേഹം ഉടന്‍ ഇടപെടും, ഉപദേശിക്കും.

ധാരാളിത്തവും ധൂര്‍ത്തും അദ്ദേഹം വിലക്കിയിരുന്നു. നാളെ വളര്‍ന്ന് വരേണ്ട ഭാവി തലമുറക്ക് വേണ്ടി കൂടിയുള്ളതാണ് ഇന്നത്തെ പ്രകൃതി സമ്പത്തെന്നും അവ ആര്‍ത്തി മൂത്ത് നമുക്ക് മാത്രം ഉപയോഗിച്ച് തീര്‍ക്കാനുള്ളതല്ലെന്നും അന്തായിച്ച നിരന്തരം ഓര്‍മ്മപ്പെടുത്തുമായിരുന്നു.

ശാന്തനും വിനയനുമായിരുന്നുവെങ്കിലും തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ ക്ഷോഭിക്കാനും അദ്ദേഹം മറന്നിരുന്നില്ല. തെറ്റുകള്‍ കണ്ടാല്‍ ഉടനടി ഇടപ്പെട്ട് അത് തിരുത്തിക്കാനുള്ള ഒരു ആര്‍ജ്ജവവും അവസാന കാലംവരെ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

രാഷ്ട്രീയത്തിലും പൊതുകാര്യങ്ങളിലും തല്‍പരനായിരുന്നുവെങ്കിലും സജീവമായിരുന്നില്ല. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്താനായിരുന്നു വലിയ താല്‍പര്യം. മൂത്ത മകന്‍ അസ്ലം കൊച്ചിയില്‍ വ്യാപാര സ്ഥാപനവും ഇളയ മകന്‍ ഹാരിസ് അബൂബക്കര്‍ കോഴിക്കോട്ട് അനേകം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ച ഒരു സംരംഭവും ആരംഭിച്ചു. പെണ്‍മക്കളെ നല്ല രീതിയില്‍ കെട്ടിച്ചയച്ചു.

സാര്‍ത്ഥകമായ ഒരു ജീവിതം നമുക്ക് മുന്നില്‍ കാണിച്ചു തന്നാണ് അന്തായിച്ച വിട പറഞ്ഞത്. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍

Related Articles
Next Story
Share it