പി.കെ. ജമാല്‍: വിട പറഞ്ഞത് പാണ്ഡിത്യത്തിന്റെ നിറകുടം

പ്രിയങ്കരനായ പി.കെ. ജമാല്‍ സാഹിബ് യാത്രയായി. അത്യന്തം ദു:ഖപൂര്‍ണമായ ഒരു വിടവാങ്ങല്‍. ശാന്തപുരം പൂര്‍വവിദ്യാര്‍ഥികളിലെ പ്രമുഖരില്‍ ഒരാളും വാഗ്മിയും എഴുത്തുകാരനും സംഘാടകനും ഒക്കെയായിരുന്ന അദ്ദേഹം, ഇത്തിഹാദുല്‍ ഉലമാ കേരളയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലാണ് ജമാല്‍ സാഹിബ് ജനിച്ചത്. പിതാവ് മുഹമ്മദ് കോയ. മാതാവ് ഹലീമ. വേങ്ങേരി അല്‍മദ്റസത്തുല്‍ ഇസ്ലാമിയയിലേയും യു.പി. സ്‌കൂളിലേയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1962-1969 ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങള്‍ നേടി. 1969-1971 കാലത്ത് ആലുവ മേഖലയില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഴുസമയ പ്രവര്‍ത്തകനായി. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയില്‍ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായി പ്രവര്‍ത്തിച്ചു. 1973 -ല്‍ വേങ്ങേരിയില്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. കോഴിക്കോട് പട്ടാളപ്പള്ളി, പന്നിയങ്കര അബ്ദു ബറാമി പള്ളി, കോഴിക്കോട് മസ്ജിദ് ലുഅലുഅ എന്നിവിടങ്ങളില്‍ ഖുത്വുബ നിര്‍വഹിച്ചു.

കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. 1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളില്‍ കുവൈത്ത് കെ.ഐ.ജി പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 2015-2017 വര്‍ഷങ്ങളില്‍ കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ കെയര്‍ ഫൗണ്ടേഷനില്‍ ലൈഫ് കോച്ച് ആയി പ്രവര്‍ത്തിച്ചു. 2018 മുതല്‍ ഏതാനും വര്‍ഷം പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി സേവനമനുഷ്ഠിച്ചിരുന്നു. കുവൈത്ത് ഇസ്ലാം പ്രസന്റേഷന്‍ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്.

ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതി അംഗം, ജനറല്‍ സെക്രട്ടറി, ബോധനം പത്രാധിപ സമിതി അംഗം, താനൂര്‍ ബസ്സ്റ്റാന്റ് മസ്ജിദ്, മലപ്പുറം മസ്ജിദുല്‍ ഫത്ഹ് ഖത്തീബ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്നു. ആത്മ സംസ്‌കരണത്തിന്റെ രാജപാത, ചരിത്രത്തിന്റെ താരാപഥങ്ങളില്‍, നവോത്ഥാന ശില്‍പികള്‍, ഇസ്ലാം: സന്തുലിതമതം എന്നിവയാണ് സ്വതന്ത്ര കൃതികള്‍. സ്വര്‍ഗം പൂക്കുന്ന കുടുംബം, വസന്തം വിരിയുന്ന വീടകം, കുടുംബം: സ്‌നേഹ സാഗരം എന്നിവ വിവര്‍ത്തനങ്ങളാണ്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it