പൊവ്വലിന്റെ സ്‌നേഹ സാന്നിധ്യം

പൊവ്വല്‍ ഗ്രാമത്തിന് ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിച്ച് പ്രിയങ്കരനായ മുക്രി മഹമൂദ് മുസ്ലിയാര്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. തൂവെള്ള വസ്ത്രവും തലപ്പാവും ധരിച്ച് ഒരു പുഞ്ചിരിയോടെ സൈക്കിളില്‍ വരുന്ന അദ്ദേഹത്തിന്റെ ചിത്രം പൊവ്വലിലെ ഓരോ മനസ്സിലുമുണ്ട്. കഴിഞ്ഞ 42 വര്‍ഷം പൊവ്വലിലെ പള്ളികളില്‍ ഇമാമായും നൗളത്തുല്‍ ഉലൂം മദ്രസയില്‍ അധ്യാപകനായും അദ്ദേഹം നടത്തിയ സേവനങ്ങള്‍ അളവറ്റതാണ്.

എന്നെപ്പോലുള്ള ആയിരക്കണക്കിന് കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്. മദ്രസ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ തമാശകളും എന്നാല്‍ ഗൗരവമേറിയ ഉപദേശങ്ങളും ഓരോ ശിഷ്യന്റെയും മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. സൈക്കിളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന യാത്രാമാര്‍ഗം. അടുത്തിടെ മാത്രമാണ് അദ്ദേഹം ഇരുചക്ര വാഹനത്തിലേക്ക് മാറിയത്. നാടിന്റെ ഓരോ കോണും അദ്ദേഹത്തിന് മനപാഠമായിരുന്നു. ആളുകളുടെ സര്‍വേ നമ്പര്‍ പോലും കാണാതെ പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നത് അതിശയോക്തിയായി തോന്നാം, പക്ഷേ അത് സത്യമാണ്.

പള്ളിയിലെ റാത്തീബിന് ഓരോ കുടുംബത്തിനും കിട്ടുന്ന ഭക്ഷണ ഓഹരിയുടെ അവകാശി ആരാണെന്ന് പോലും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഓരോ കുടുംബത്തെയും അവരുടെ തലമുറകളെയും വീട്ടുപേരുകളെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ, ഓരോ കുടുംബത്തിലെയും സന്തോഷത്തിലും ദുഃഖത്തിലും അദ്ദേഹം പങ്കുചേര്‍ന്നു. കുട്ടി ജനിക്കുമ്പോള്‍ മുടി കളയുന്നതും, തൊട്ടില്‍ കെട്ടുന്ന സമയത്ത് ബൈത്ത് ചൊല്ലുന്നതും, കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കാര്‍മികത്വം വഹിക്കുന്നതുമെല്ലാം അദ്ദേഹമായിരുന്നു. ഒരു നാട് മുഴുവന്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയല്ല. മതപരവും സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു.

മഗ്‌രിബ് നിസ്‌കാര ശേഷം കവലയില്‍ വെറുതെ നില്‍ക്കുന്ന കുട്ടികളെ കണ്ടാല്‍ സ്‌നേഹത്തോടെ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ മുഖം ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല. ഒരു അധ്യാപകനെന്നതിലുപരി ഒരു പിതാവിന്റെ വാത്സല്യം അദ്ദേഹത്തിന് എല്ലാവരോടും ഉണ്ടായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആത്മീയശക്തി അദ്ദേഹത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തി. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന ഉസ്താദിനെ പൊവ്വലിലെ ആരും അത്ര പെട്ടെന്ന് മറക്കില്ല. ഈ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, ഞങ്ങളെപ്പോലുള്ള ആയിരക്കണക്കിന് ശിഷ്യന്മാര്‍ക്കും പൊവ്വല്‍ ഗ്രാമത്തിനും ഒരു വലിയ നഷ്ടമാണ്.

ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഡോ. ഷെരീഫ് പൊവ്വല്‍

Related Articles
Next Story
Share it