ഹനീഫ്, വീണ്ടും കാണാന്‍ കൊതിച്ചവരെല്ലാം കരഞ്ഞു തളരുകയാണല്ലോ...

പുലര്‍ച്ചെ നാലുമണി പിന്നിട്ടതേയുള്ളൂ. തളങ്കര പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ മുഹമ്മദലി മമ്മിയുടെ ഫോണ്‍ കോള്‍. അസമയത്ത് വരുന്ന ഫോണ്‍ കോളുകള്‍ക്ക് വല്ലാത്ത ഭയത്തിന്റെ മണിയടിയാണ്. മമ്മിയുടെ കോളാവുമ്പോള്‍; അത്യാസന നിലയിലാവുന്നവരെ നേരമേതെന്ന് നോക്കാതെ ആസ്പത്രിയിലേക്കും കൊണ്ടോടുന്ന ഒരാളെന്ന നിലയില്‍ ആ ഭയം ഇത്തിരി കൂടുതലാണ്. അതുകൊണ്ട് തന്നെ ഞെട്ടലോടെയാണ് ഞാന്‍ ഫോണെടുത്തത്. മമ്മി വല്ലാതെ വിതുമ്പുന്നു, വാക്കുകള്‍ ഇടറുന്നു. 'എങ്ങനെയാ ഞാന്‍ പറയേണ്ടത്...' ആധി നിറഞ്ഞ മുഖവുര. 'പറഞ്ഞോളൂ മമ്മി, എന്താ പറ്റിയത്... ആര്‍ക്കാ അപകടം...'-ഞാന്‍ തിരക്കി.
'നമ്മുടെ ഹനീഫയെയും കൊണ്ട് ഞാന്‍ ആംബുലന്‍സില്‍ മാലിക് ദീനാര്‍ ആസ്പത്രിയിലേക്ക് കുതിക്കുകയാണ്. പോയെന്നാ തോന്നുന്നത്. ഷാഫിച്ച പെട്ടെന്ന് അങ്ങോട്ട് വരണം'.
ഏത് ഹനീഫയാണ് എന്ന് ഞാന്‍ തിരക്കിയില്ല. ബാല്യകാല സുഹൃത്ത് ഹനീഫ് കൊട്ടയാടി ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. ഒന്നര മാസം മുമ്പ് ചെന്നൈയിലെ ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ. ഹൃദയത്തിന്റെ പമ്പിംഗ് നേര്‍ പകുതിയായതിനാല്‍ ശസ്ത്രക്രിയക്ക് ഒരു ഡോക്ടറും തയ്യാറായിരുന്നില്ല. ഹൈ റിസ്‌ക്കാണെന്ന് പറഞ്ഞ് പലരും ഒഴിഞ്ഞുമാറി. ഹനീഫ് സുന്ദരനാണ്. വെളുത്ത് തുടുത്ത്, ഒത്ത നീളവും വണ്ണവും മുഖം നിറയെ പുഞ്ചിരിയുമുള്ള ചെറുപ്പക്കാരന്‍. ചുണ്ട് അടച്ച് പിടിച്ചാല്‍ പോലും മുഖത്ത് പുഞ്ചിരിയുടെ പ്രകാശം നിറയും. മിതഭാഷി. അല്‍പ്പമെങ്കിലും കൂടുതല്‍ സംസാരിക്കുന്നത് കണ്ടത് സുന്നി, ലീഗ് വിഷയം വരുമ്പോള്‍ മാത്രം. ആരെയും വിമര്‍ശിക്കുന്നത്, വിഷമിപ്പിക്കുന്നത് ഹനീഫയുടെ ശീലമില്ല. എന്നാല്‍ സുന്നി പ്രസ്ഥാനത്തിനും മുസ്ലിംലീഗിനുമെതിരെ ആരെങ്കിലും സംസാരിച്ചാല്‍ ചിരിച്ചുകൊണ്ടാണെങ്കിലും ഹനീഫ് തക്ക മറുപടി നല്‍കും. അല്‍പം കഴിഞ്ഞ് പറഞ്ഞതില്‍ വിഷമമൊന്നുമില്ലല്ലോ എന്ന് പറഞ്ഞ് അങ്ങോട്ട് ചെന്ന് ഇണങ്ങുകയും ചെയ്യും. മത പ്രഭാഷണവും മൗലീദ് പരിപാടികളും ഹനീഫിന് വലിയ താല്‍പര്യമായിരുന്നു. മതപണ്ഡിതരെ വലിയ സ്‌നേഹവും അവരോട് വലിയ കൂട്ടുമായിരുന്നു. സഹോദരന്‍ ഇഖ്ബാല്‍ കൊട്ടയാടിയോടൊപ്പം ദുബായിലെ അല്‍മനാല്‍ സെന്ററില്‍ ചെറിയ തോതില്‍ വ്യാപാരം നടത്തിയിരുന്നു. പക്ഷെ പച്ചപിടിച്ചില്ല. കാശിനോട് വലിയ ആര്‍ത്തിയും ഉണ്ടായിരുന്നില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടും. ആവലാതികള്‍ ആരെയും അറിയിക്കുകയുമില്ല. എപ്പോഴും പ്രസന്നവദനനായി, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ നിരന്തരം വാട്‌സ്ആപ്പ് മെസേജ് അയച്ച് എല്ലാവരോടും സ്‌നേഹ സൗഹൃദം എപ്പോഴും നിലനിര്‍ത്തിയിരുന്ന ഒരു സഹൃദയനായിരുന്നു അവന്‍.
ആ ഹനീഫയെയാണ് വേദന സമ്മാനിച്ച് ഹൃദ്രോഗം കുത്തി നോവിക്കാനെത്തിയത്. ജീവിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ അസുഖ ബാധിതനായപ്പോള്‍ വല്ലാതെ ആകുലതപ്പെട്ടു. ഉറ്റ ബന്ധുക്കള്‍ക്കും ആത്മ സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ച് ചോദിക്കും. 'ഡോക്ടര്‍മാര്‍ പറയുന്നു, പമ്പിംഗ് കുറവായതിനാല്‍ ഓപ്പറേഷന്‍ റിസ്‌ക്കാണെന്ന്... ഞാന്‍ മരിച്ചുപോവുമോ... എല്ലാവരും ദുആ ചെയ്യണം...'
റിസ്‌ക്കാണെന്ന് പറഞ്ഞ് പലരും ഒഴിഞ്ഞപ്പോള്‍ ഓപ്പറേഷന്‍ നടത്താന്‍ തയ്യാറായി പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞി രംഗത്ത് വന്നു. റിസ്‌ക്കാണ് എങ്കിലും സര്‍ജറി ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. മരണത്തിന്റെ വക്കില്‍ നിന്ന് തിരികെ കയറിയതുപോലുള്ള ആശ്വാസമായിരുന്നു ഹനീഫിന്. ഒന്നര മാസം മുമ്പ് ചെന്നൈയിലായിരുന്നു ശസ്ത്രക്രിയ. നല്ല വിശ്രമം വേണമെന്നും സന്ദര്‍ശകരെ അനുവദിക്കരുതെന്നും ഡോക്ടര്‍ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവിക്കാന്‍ കൊതിയുള്ളത് കൊണ്ട് തന്നെ ഹനീഫ് അത് അക്ഷരംപ്രതി അനുസരിച്ചു. 'എനിക്ക് ഒരു സുമിയും(ഭാര്യ) ഒരു ഫിദയും (ഏകമകള്‍) മാത്രമേയുള്ളൂ സര്‍, ഞാന്‍ ഡോക്ടറെ അക്ഷരംപ്രതി അനുസരിച്ച് നില്‍ക്കും'.
കാണാന്‍ വരട്ടേയെന്ന് തിരക്കിയവരെയെല്ലാം ഹനീഫ് വിലക്കി. സഹോദരങ്ങളെ പോലും. അവന്‍ പുറം ലോകത്തെ അറിയിക്കാതെ നായന്മാര്‍മൂല ഐ.ടി റോഡിലെ ഭാര്യ വീട്ടില്‍ 'ഒളിച്ചു' താമസിച്ചു. അവന് ജീവിക്കണമായിരുന്നു. എപ്പോഴും പുഞ്ചിരിച്ച്, നല്ല വര്‍ത്തമാനങ്ങള്‍ മാത്രം പറഞ്ഞ് ഇടപെടാറുള്ള ഹനീഫയെ ഒന്ന് ചെന്ന് കാണണമെന്ന് അതിയായി ആഗ്രഹിച്ച ബന്ധുക്കളും സുഹൃത്തുക്കളും പോലും അവന്‍ ആരോഗ്യവാനായി തിരിച്ചുവരട്ടേയെന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. 40 ദിവസം കഴിഞ്ഞു. എല്ലാ സഹായത്തിനും മരുമക്കളും ഭാര്യാ സഹോദരങ്ങള്‍ അടക്കമുള്ളവരും കാവലായി നിന്നു. ഇതിനിടയില്‍ ശാരീരികമായി അനുഭവപ്പെട്ട പ്രയാസങ്ങളെ കുറിച്ചൊക്കെ ഉറ്റവരോട് പങ്കുവെക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച സഹോദരന്‍ അഹ്‌മദ് കൊട്ടയാടിയും ഷാഫി കൊട്ടയാടിയും അടക്കമുള്ളവര്‍ക്ക് വിളിച്ചിരുന്നു. സഹോദരിമാരെ നിരന്തരം വിളിക്കുമായിരുന്നു. തൊട്ടിളയ സഹോദരന്‍ ഇഖ്ബാലിനോട് മോനെ... മോനേ എന്ന് വിളിച്ച് വളരെ വാത്സല്യത്തോടെയാണ് അവസാന നാളുകളില്‍ സംസാരിച്ചിരുന്നത്. ഞായറാഴ്ച രാത്രി 12 മണി വരെ വീട്ടുകാരുമായി സംസാരിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പക്ഷെ... പുലര്‍ച്ചെ മൂന്നുമണിയോടെ എന്തോ വല്ലായ്ക അറിയിച്ച് അവന്റെ ഉള്ളില്‍ നിന്ന് ഒരലര്‍ച്ച. തീര്‍ന്നു...
ഹനീഫയുടെ പരലോക ജീവിതം സന്തോഷപ്രദമാവട്ടെ. ആമീന്‍.