ഹമീദ് കരിപ്പൊടി: നിസ്വാര്‍ത്ഥ സേവകന്‍

അഹ്മദ് സാഹിബ് ഉദ്ദേശിച്ചാല്‍ കാസര്‍കോട്ട് ജില്ല വരും: അതൊരു അട്ടഹാസമായിരുന്നു. മന്ത്രി ഇ. അഹ്മദ് സാഹിബിന് കാസര്‍കോട്ട് നഗരസഭ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങാന്‍ മന്ത്രി ഹാളിലേക്ക് കടന്നുവന്നതും ഹമീദ് കരിപ്പൊടിയുടെ അത്യുച്ചത്തിലുള്ള മുദ്രാവാക്യം ഉയര്‍ന്നു. സദസ്സില്‍ ഉണ്ടായിരുന്ന ഒട്ടുമുക്കാല്‍ യുവാക്കളും ഉച്ചൈസ്തരം അത് ഏറ്റുവിളിച്ചു. യോഗത്തിന് അവര്‍ അന്താളിച്ചു നില്‍ക്കെ മന്ത്രിയുടെ സുരക്ഷക്ക് നിയോഗി ക്കപ്പെട്ട പൊലീസുകാരും ഓടിയെത്തി.
പക്ഷേ കൂടുതല്‍ ഇടപെടലുകള്‍ ഇല്ലാതെ കാസര്‍കോട്ടെ ജനങ്ങളുടെ മനസ്സില്‍ തിങ്ങി നിന്നിരുന്ന ആവേശം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഹമീദിന് കഴിഞ്ഞു. അതായിരുന്നു കാസര്‍കോട് ജില്ലാ സമര സമിതിയുടെ കാഴ്ച ദര്‍ശിയായ ഹമീദ്.
താന്‍ പൊതു ജീവിതത്തില്‍ പ്രവര്‍ത്തിച്ചേടതൊക്കെ പൊതു തൂവല്‍ ചാര്‍ത്തി മാറി നില്‍ക്കുന്നതും ഹമീദിന്റെ മാത്രം കഴിവുകളില്‍ മികച്ചത് ആയിരുന്നു.
കാസര്‍കോട്ടെ കടകള്‍ക്ക് പുറത്ത് ഇറക്കി ശീലമില്ലാതിരുന്ന കച്ചവടക്കാരെ പല ആവശ്യങ്ങള്‍ക്കും വേണ്ടി നിരത്തുകളില്‍ ജാഥ നടത്തുന്നതിനും ധര്‍ണ്ണ നടത്തുന്നതിനും അദ്ദേഹത്തിന്റെ പാടവം ഏറെ സ്വാധീനിച്ചിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്രാന്തദര്‍ശി എന്ന നിലയില്‍ ഹമീദിന്റെ ദീര്‍ഘവീക്ഷണത്തിന് മകുടോദാഹരണമാണ് ഇന്ന് കാണുന്ന വ്യാപാരഭവന്‍. മുസ്ലിംലീഗിന്റെ യുവജനപ്രസ്ഥാനത്തിലും ലീഗിലും, ഇടയ്ക്ക് നാഷണല്‍ ലീഗിലും പ്രവര്‍ത്തിച്ചപ്പോഴൊക്കെ ഹമീദിന്റെ ചാണക്യ സൂത്രങ്ങള്‍ പ്രസ്തുത സംഘടനകള്‍ക്ക് ഏറെ ഉപയോഗപ്രദമായിരുന്നിട്ടുണ്ട്. പ്രവര്‍ത്തന രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴൊക്കെ ക്യാമറയുടെ കണ്ണുകളില്‍ നിന്ന് ഏറെദൂരം കാത്തുസൂക്ഷിക്കുന്നതിനും ഹമീദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉദ്യോഗസ്ഥന്മാരുടെ കടപരിശോധനയുടെയും മറ്റ് ബുദ്ധിമുട്ടുകളുടെയും കാലഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍മാരില്‍ ചിലരുടെ ദുര്‍നടപടികള്‍ക്ക് എതിരെ സമരം നടത്തുന്നതിനും അവര്‍ക്കെതിരെ പ്രസംഗിക്കുന്നതിനും അദ്ദേഹത്തിന് ഒരു കൂസലും ഇല്ലായിരുന്നു.
സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരിലായാലും സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കുന്നതിലായാലും ഹമീദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലീഗിലും യൂത്ത് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു പോന്നിട്ടും ഏറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിന് പോലും ആരുടെയും സമ്മര്‍ദ്ദം ഹമീദ് ചെവി കൊണ്ടില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ കറകളഞ്ഞ സാമൂഹ്യ പ്രവര്‍ത്തനത്തിന് മകുടോദാഹരണമാണ്. ഹമീദിന്റെ വിയോഗം നവതലമുറയിലെ ചെറുപ്പക്കാരായ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഏറെ വെളിച്ചം കാട്ടാമായിരുന്ന ഒരു നിസ്വാര്‍ത്ഥ വഴികാട്ടിയെയാണ് നഷ്ടത്തിലാക്കിയത്.