സൂര്യ തേജസ് വിടവാങ്ങി

ഭിഷഗ്വരന്‍ എന്ന വാക്കിനെ അര്‍ത്ഥവത്താക്കിയുള്ള സേവനവുമായി പതിറ്റാണ്ടുകളോളം ജന മനസുകളില്‍ സ്ഥാനമുറപ്പിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. മൊയ്തീന്‍ കുഞ്ഞി.

കുട്ടികളുടെ വിദഗ്ധ ഡോക്ടറായി കോഴിക്കോട് മെഡിക്കല്‍ കോളജ്, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് ഫ്രൊഫസറുമായിരുന്നു. അത്യാഹിതം സംഭവിച്ചതിനാല്‍ നട്ടെല്ലിന് പരിക്ക് പറ്റിയ ഡോക്ടര്‍ പിന്നീടുള്ള സേവനം വീല്‍ചെയറിലായിരുന്നു. ചട്ടഞ്ചാല്‍ മുണ്ടോള്‍ റോഡില്‍ സ്വവസതിയില്‍ ക്ലിനിക്ക് ആരംഭിച്ച ഡോക്ടര്‍ വീല്‍ ചെയറില്‍ ഇരുന്നായിരുന്നു രോഗികളെ പരിശോധിച്ചിരുന്നത്. വീട്ടിലെ ക്ലിനിക്കില്‍ അദ്ദേഹത്തിന്റെ അടുത്ത് വരുന്നത് കേവലം കുട്ടികള്‍ മാത്രമായിരുന്നില്ല. വലിപ്പചെറുപ്പമില്ലാതെ എല്ലാ പ്രായക്കാരും അവരുടെ രോഗശമനത്തിന് വേണ്ടി അവിടെ വരുമായിരുന്നു. ഒരു ജനറല്‍ ഡോക്ടറായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരാളുടെ രോഗം എന്താണെന്ന് നിര്‍ണ്ണയിക്കുകയെന്നത് വലിയൊരു വെല്ലുവിളിയായി മാറിയ ഇന്നത്തെ കാലഘട്ടത്തില്‍ തന്റെ മുന്നില്‍ എത്തുന്ന ഏതൊരു രോഗിയെയും സ്റ്റെതസ്‌കോപ്പ് വെച്ച് തന്നെ രോഗം പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഡോക്ടര്‍ എന്നതിനപ്പുറമായി എല്ലാവരുടെയും ഡോക്ടറായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ ശാരിരിക പ്രയാസങ്ങളെ അറിയാവുന്ന ആളുകള്‍ എത്ര വൈകിയാലും അദ്ദേഹത്തെ കണ്ട് മാത്രമേ തിരിച്ച് പോകാറുള്ളൂ. എന്നും പുഞ്ചിരിക്കുന്ന മുഖവുമായി നല്ല ശബ്ദത്തില്‍ എളിമയോടെ വീല്‍ചെയറില്‍ ഇരുന്നു രോഗികളെ പരിശോധിക്കുമ്പോള്‍ രോഗിക്ക് തന്റെ അസുഖത്തിന്റെ പകുതിയും അവിടെ വെച്ച് മാറുമായിരുന്നു. സ്റ്റെതസ്‌കോപ്പ് പടവാളാക്കിയ മഹാരഥന്‍ പടിയിറങ്ങുമ്പോള്‍ നീണ്ട പതിറ്റാണ്ടുകള്‍ നിസ്വാര്‍ത്ഥ സേവനവുമായി പതിനായിര കണക്കിന് മനുഷ്യരുടെ അസുഖത്തിന് തണയേകിയ വലിയൊരു പടു വൃക്ഷമാണ് നഷ്ട്ടമാകുന്നത്.

Related Articles
Next Story
Share it