ആ പുഞ്ചിരിയും മാഞ്ഞു...

ഈയിടെ നമ്മോട് വിട പറഞ്ഞ ആലംപാടിയിലെ സി.എച്ച്.എം. അബ്ദുല്‍റഹ്മാന്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട മുക്രി അന്തുമാന്‍ച്ചയുടെ വിയോഗം നാടിനും നാട്ടുകാര്‍ക്കും തീരാനഷ്ടമാണ്. വാര്‍ധക്യസഹജമായഅസുഖം മൂലം വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. പുഞ്ചിരിയോടെ മര്‍മ്മം കലര്‍ത്തിയുള്ള സംസാരമാണ് എല്ലാവരെയും ആകര്‍ഷിച്ചിരുന്നത്.

ഒരു കാലത്ത് ആലംപാടിയുടെ മുഖമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായിരുന്നു. പള്ളി പരിപാലനകാര്യത്തില്‍ പരേതനായ മുബാറക് അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും കുറേക്കാലം കൂടെ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയും കൂടിയുമാണ്. ആലംപാടി ഉസ്താദ് നാട്ടില്‍ പോകുന്ന സമയത്ത് മിക്ക ദിവസങ്ങളിലും അന്തുമാന്‍ച്ചയാണ് അദ്ദേഹത്തിന്റെ നാടായ കാഞ്ഞങ്ങാട് കൊണ്ട് വിടാറുള്ളത്.

ആലംപാടി ഖിള്ര്‍ ജുമാമസ്ജിദ് ജോയിന്റ് സെക്രട്ടറിയും ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ ദീര്‍ഘകാല ഭാരവാഹിയും മെമ്പറുമായിരുന്നു. നിലവില്‍ ജമാഅത്ത് ഉപദേശക കമ്മിറ്റിയംഗം കൂടിയായിരുന്നു. ആലംപാടി ഗവ. ഹൈസ്‌കൂളിന്റെ പി.ടി.എ. വൈസ് പ്രസിഡണ്ടായും സേവനം ചെയ്തിരുന്നു. ചെങ്കള പഞ്ചായത്തിന്റെ കരാര്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു.

ബേര്‍ക്ക ട്രാന്‍സ്പോര്‍ട്ടില്‍ പഴയകാല ഡ്രൈവര്‍ കൂടിയായിരുന്ന അദ്ദേഹം പിന്നീട് ബിസ്മില്ല എന്ന ലോറിയുടെ ഉടമയായി. ഈ അടുത്ത കാലത്തോളം ആലംപാടിയില്‍ ബിസ്മില്ല സ്റ്റോറെന്ന വ്യാപാര സ്ഥാപനം നടത്തിയിരുന്നു. ഇപ്പോള്‍ മകന്‍ ഏറ്റെടുത്ത് നടത്തുന്നു. എ ഉപ്പയുടെ (കുറ്റിക്കോല്‍ ഉമര്‍ മൗലവി) അടുത്ത സുഹൃത്തും കൂടിയായിരുന്നു.

ആ സ്‌നേഹം മകനായ എന്നോടും കാണിച്ചിരുന്നു.

നര്‍മ്മം ചാലിച്ച ആ നിറപുഞ്ചിരി ഇനി ഓര്‍മ്മ. അല്ലാഹു അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം വിശാലമാക്കി കൊടുക്കട്ടെ... ആമീന്‍...

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it