വിട പറഞ്ഞത് ഞങ്ങള്‍ പിരിശത്തോടെ വിളിച്ചിരുന്ന 'ആമുച്ച'

ഓരോ വ്യക്തിയേയും കൂടുതല്‍ അടുക്കുമ്പോഴാണ് അവരുടെ സ്വഭാവ ഗുണങ്ങള്‍ മനസിലാവുന്നത്. 1983 കാലഘട്ടം മുതല്‍ 91വരെ തളങ്കരയില്‍ ഏറെ പ്രശസ്തമായിരുന്ന ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ സേവനമനുഷ്ടിച്ചിരുന്ന കാലത്തായിരുന്നു ഞാന്‍ ആമുച്ചയുമായി കൂടുതല്‍ അടുക്കുന്നത്.

കമ്പനി ഉടമയായിരുന്ന കെ.എസ് ഹബീബ് ഹാജിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു ആമുച്ച. വളരെ കൃത്യനിഷ്ഠയോടെ ജോലി ചെയ്തിരുന്ന വ്യക്തി. ചെവിക്ക് ചെറിയൊരു തകരാറുണ്ടെങ്കിലും നമ്മള്‍ പറയുന്നത് വ്യക്തമായില്ലെങ്കില്‍ അത് വ്യക്തമാക്കിയിട്ടേ ആമുച്ച അടുത്ത പടിപോവുകയുള്ളു. കമ്പനിയില്‍ എന്നും രാവിലെ ഒമ്പത് മണിക്ക് ഹബീബ് ഹാജിയുടെ തളങ്കരയിലെ വസതിയില്‍ നിന്ന് അദ്ദേഹത്തേയും കൊണ്ട് ഫിയറ്റ് കാറില്‍ എത്തും. ഹബീബ് ഹാജി എവിടെയെങ്കിലും കാറില്‍ പോകുന്നത് വരെ ആമുച്ച കമ്പനി ഓഫീസില്‍ തന്നെ ഇരിക്കും. ഇടക്ക് ഹബീബ് ഹാജിയെ കാണാന്‍ വലിയ പ്രമാണിമാര്‍ എത്തും. അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഹബീബ് ഹാജിയെ പുറത്ത് കൊണ്ടുപോയാല്‍ പിന്നെ ആമുച്ചക്ക് ജോലിയുണ്ടാവില്ല. പിന്നീട് ഞങ്ങളോട് തമാശ പറയും. തമാശ പറയാനും ആമുച്ച മിടുക്കനാണ്. പുള്ളി ആളൊരു രസികനാണ്. ഒരു രസകരമായ സംഭവം പറഞ്ഞ് ഈ അനുസ്മരണ കുറിപ്പ് അവസാനിപ്പിക്കാം.

ഒരു ദിവസം ഹബീബ് ഹാജിയേയും കൊണ്ട് കാറില്‍ രാവിലെ കമ്പനി ഓഫീസില്‍ എത്തി. അക്കാലത്ത് ഹബീബ് ഹാജി നല്ല രസമുള്ള രോമത്തൊപ്പി ധരിക്കാറുണ്ടായിരുന്നു. ഒരു ദിവസം കാറില്‍ നിന്നിറങ്ങി ഹബീബ് ഹാജി ഓഫീസില്‍ വന്നു. കമ്പനി കാര്യങ്ങള്‍ നോക്കുന്നതിനിടയില്‍ കമ്പനി ഫോണില്‍ ഒരു അര്‍ജന്റ് കോള്‍ വന്നു. ടൗണിലേക്ക് പോകാന്‍ അദ്ദേഹം കാറില്‍ കയറി. രോമത്തൊപ്പി എടുക്കാന്‍ വിട്ടുപോയി. തിരിച്ച് കാറില്‍ നിന്നിറങ്ങി തൊപ്പി എടുക്കാന്‍ വന്നു. ഈ സമയം ആമുച്ച ഡ്രൈവിംഗ് സീറ്റില്‍ തന്നെയായിരുന്നു. കാറില്‍ നിന്നിറങ്ങി തൊപ്പി എടുക്കാനായി കാറിന്റെ പിന്നിലെ ഡോര്‍ അടച്ച് കമ്പനിയിലേക്ക് കയറുന്നതിനിടയില്‍ കാറെടുത്ത് ആമുച്ച മുന്നോട്ട് ഒറ്റപ്പോക്ക്. കാറിന്റെ പിന്‍സീറ്റില്‍ ഹബീബ് ഹാജി കയറിയെന്ന ധാരണയില്‍ ആമുച്ച ശരവേഗത്തില്‍ കാറോടിച്ചുപോയി. ഞങ്ങളൊക്കെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അന്ന് മൊബൈല്‍ഫോണ്‍ നിലവില്‍ വരാത്ത കാലമായിരുന്നു. ഹബീബ് ഹാജിക്ക് അത്യാവശ്യത്തിന് പോകാനുള്ളതിനാല്‍ ഒരു ഓട്ടോ പിടിച്ചാണ് ടൗണിലേക്ക് പോയത്. ആമുച്ച അരമണിക്കുറിനുള്ളില്‍ തിരിച്ച് വന്നു. പുള്ളിക്ക് കാറിന്റെ ബാക്ക് ഡോര്‍ അടച്ചത് കേട്ടതോടെ ഹബീബ് ഹാജി കാറില്‍ കയറിയെന്ന ധാരണയില്‍ വിടുകയായിരുന്നുവത്രെ. ഇക്കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ കുറേക്കാലം ഓഫീസില്‍ ആമുച്ചയെ ഇരിക്കാനും നടക്കാനും വിട്ടിരുന്നില്ല. ചിരിയോട് ചിരിയായിരുന്നു. ഇതൊക്കെ ഇന്നലെയെന്ന പോലെ ഓര്‍മ്മകളില്‍ ഓടിയെത്തുകയാണ്.

കമ്പനിയില്‍ നിന്ന് സേവനം മതിയാക്കി കുറേക്കാലം കുമ്പോല്‍ തങ്ങളുടെ കൂടെ ഡ്രൈവറായും സേവനമനുഷ്ടിച്ചു. ഗള്‍ഫിലും ജോലി ചെയ്ത ആമുച്ച അവസാനകാലം തായലങ്ങാടിയില്‍ ഫുട്പാത്തില്‍ കച്ചവടം ചെയ്തിരുന്നു. ഓട്ടോക്ക് കാത്തുനിന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഞാന്‍ സ്‌കൂട്ടറില്‍ അവിടെ കൊണ്ടുവിട്ടിരുന്നു.

പഴയകാല രസകരമായ അനുഭവങ്ങളൊക്കെ പങ്കുവെച്ചിരുന്നു. ആരോടും പരിഭവവും പരാതിയും ഒന്നും പറയാത്ത ആമുച്ച മിതമായിട്ടാണ് സംസാരിച്ചിരുന്നത്.

നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന തളങ്കരയിലെ ഇസ്ലാമിയ ടൈല്‍സ് കമ്പനി ഇന്നില്ല. അവിടെ ജോലിചെയ്തിരുന്ന പലരും കെ.എസ്. ഹബീബ് ഹാജി എന്ന വലിയ മനസിന്റെ ഉടമയും ഒപ്പം ഞങ്ങളൊക്കെ സ്‌നേഹത്തോടെ വിളിച്ചിരുന്ന ആമുച്ചയും ജീവിതത്തിന്റെ പടി കടന്ന് പോയിരിക്കുന്നു.

അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെ... ആമീന്‍...

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it