മരണം എത്ര അരികിലുണ്ട്... വിട പറഞ്ഞത് വ്യാപാരവളര്‍ച്ചയുടെ ബ്രാന്റായി മാറിയ എ.കെ ബ്രദേഴ്‌സിന്റെ എം.ഡി.

മരണം എത്ര അരികിലുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എ.കെ ബ്രദേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറായ എ.കെ മുഹമ്മദ് അന്‍വറിന്റെ വേര്‍പാട്. രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നതാണ്. പുലര്‍ച്ചെ 5.15ന് അന്‍വര്‍ അടുത്ത ബന്ധുവായ എ.കെ ഫൈസലിനെ വിളിക്കുന്നു.

ചെറിയൊരു നെഞ്ചുവേദന, ഇ.സി.ജി എടുക്കണം, പെട്ടെന്നൊന്ന് വരാമോയെന്ന് തിരക്കുന്നു. ഫൈസല്‍ ഉടന്‍ തന്നെ ഗുത്തു റോഡിലെ അന്‍വറിന്റെ വീട്ടിലേക്ക് ഓടിയെത്തി. കാറില്‍ നിന്നിറങ്ങി, ആസ്പത്രിയിലേക്ക് കയറുമ്പോഴും വലിയ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. സംസാരിക്കുന്നുണ്ടായിരുന്നു. പരിശോധനകള്‍ നടക്കുന്നതിനിടയിലാണ് ചെറിയൊരു ഞെരുക്കത്തോടെ അന്‍വര്‍ കണ്ണടച്ചത്.

നഗരത്തിലെത്തുന്നവര്‍ക്കെല്ലാം ക്ലീന്‍ ഷേവ് ചെയ്ത്, മിക്കപ്പോഴും ഇന്‍ ചെയ്ത് കാണാറുള്ള സുന്ദരനായ അന്‍വര്‍ സുപരിചിതനാണ്. അടുത്തിടപഴകുന്നവരോട് നന്നായി സംസാരിക്കും.

എ.കെ ബ്രദേഴ്‌സിന് കാസര്‍ കോട് ടൗണിലും കാഞ്ഞങ്ങാട്ടും ഉപ്പളയിലും കണ്ണൂരിലുമായി ഏഴ് സ്ഥാപനങ്ങളുണ്ട്. 1970കളില്‍ അടുക്കത്ത്ബയലിലെ എ.കെ മുഹമ്മദും എ.കെ അബ്ദുല്ലയും ചേര്‍ന്നാണ് കാസര്‍ കോട് എം.ജി റോഡില്‍ ബദരിയ ഹോട്ടലിന് സമീപത്തായി എ.കെ ബ്രദേഴ്‌സിന് തുടക്കം കുറിച്ചത്. കൃഷി സംബന്ധമായ ഉപകരണങ്ങളും ജനറേറ്ററും മോട്ടോറുകളും വില്‍ ക്കുന്ന സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എ.കെ ബ്രദേഴ്‌സ് വ്യാപാര മികവിന്റെ ഒരു ബ്രാന്റായി മാറി. പഴയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന സ്ഥല ത്തും ബദരിയ ഹോട്ടലിന് എതിര്‍വശത്തും എയര്‍ ലൈന്‍സ് ജംഗ്ഷനിലും തായലങ്ങാടിയിലുമായി കാസര്‍ കോട്ട് ടൗണില്‍ മാത്രം അഞ്ച് ബ്രാഞ്ചുകള്‍. കാഞ്ഞങ്ങാട്ടേക്കും ഉപ്പളയിലേക്കും എ.കെ ബ്രദേഴ്‌സ് വ്യാപിച്ചു. കാസര്‍കോട്ട് വ്യാപാരം പച്ചപിടിക്കില്ലെന്ന് പരിഭവം പറഞ്ഞവര്‍ക്കിടയില്‍ അരനൂറ്റാണ്ടും പിന്നിട്ട് എ.കെ ബ്രദേഴ്‌സ് തലയുയര്‍ത്തി നിന്നു. എ.കെ അബ്ദുല്ലയുടെ മക്കളായ എ.കെ. അന്‍വറും എ.കെ മന്‍ സൂറും എ.കെ റൗഫുമാണ് സ്ഥാപനങ്ങള്‍ പിന്നീട് ഏറ്റെടുത്ത് നടത്തിയത്. അക്കൂട്ടത്തില്‍ നിന്ന് നിനച്ചിരിക്കാതെയുള്ള അന്‍വറിന്റെ വേര്‍പാട് തെല്ലൊന്നുമല്ല കുടുംബക്കാരെയും കൂട്ടുകാരെയും സങ്കടപ്പെടുത്തുന്നത്.

Related Articles
Next Story
Share it