ഇനി വീല്‍ചെയറിലിരുന്ന് ജുമുഅ നിസ്‌കരിക്കാന്‍ ഫസലു പള്ളിയിലെത്തില്ല

വര്‍ഷങ്ങളായി ആലിയ പള്ളിയില്‍ വീല്‍ചെയറിലായിക്കൊണ്ട് എല്ലാ വെള്ളിയാഴ്ചയും ഹാജരായി ജുമുഅയില്‍ പങ്കെടുക്കുകയും എല്ലാവരേയും കണ്ടു മുസാഫാഹത്തു ചെയ്യാന്‍ ശ്രമിക്കയും ചിരിക്കയും ചെയ്തുകൊണ്ടിരുന്ന ഫസലുറഹ്മാന്‍ തായത്തൊടി എന്ന പ്രിയ ഫസിലു ഇനി നമുക്കൊപ്പമില്ല. നാഥന്‍ കനിഞ്ഞരുളിയ ജീവിതത്തില്‍ ഒരുപാടു കയ്പ്പും വേദനയും മധുരവും അനുഭവിക്കേണ്ടി വന്ന സഹോദരനാണ് ഫസിലു. തനിക്ക് നേര് എന്നറിഞ്ഞതിനെ മാത്രം നെഞ്ചേറ്റിയ, അതിനെ മാത്രം കൈപ്പിടിച്ച ആ സഹോദരന്‍ എടുക്കാത്ത ജോലിയില്ല, സേവനങ്ങളില്ല. ജമാഅത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും അവന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.

പത്ര വിതരണവും ഇലക്രോണിക്‌സ് റിപ്പയറിങ്ങും കൃഷിയുമൊക്കെ അവന്‍ ചെയ്തു. അതിരാവിലെ പത്രവിതരണം ചെയ്തു, തനിക്ക് റിപ്പയര്‍ ചെയ്യാനേല്‍പ്പിച്ച വസ്തുക്കള്‍ സന്തോഷത്തോടെ റിപ്പയര്‍ ചെയ്തു തിരിച്ചേല്‍പ്പിക്കുന്ന ഫസിലുവിന്റെ സര്‍വീസിനോട് ആള്‍ക്കാര്‍ക്ക് നല്ല മതിപ്പായിരുന്നു. ഇലക്ട്രീഷ്യനായി കെയര്‍വെല്‍ ആസ്പത്രിയിലെ നീണ്ട കാലസേവനം മാനേജ്‌മെന്റിനെയും ഡോക്ടര്‍മാരെയും അതിശയിപ്പിച്ചതായിരുന്നു. ക്യാമറ ഒരു ഹരമായിരുന്നു അവന്. നല്ല ഫോട്ടോകളെടുക്കയും വീഡിയോകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജീവിതം ഒന്ന് പച്ചപിടിപ്പിക്കാനായി അവന്‍ എല്ലാവരെയും പോലെ പ്രവാസത്തേക്ക് വിമാനം കയറി. അവന്റെ ജോലി ആസ്പത്രിയിലായിരുന്നു(ഹെല്‍ത്ത് സര്‍വീസ്). തീക്കുണ്ഡം പോലുള്ള ഓട്ടോക്ലേവ് മെഷീനിനിന്റെ അരികിലിരുന്നു വിയര്‍ത്തൊലിച്ചായിരുന്നു അവന്റെ ജീവിതം. ഇത്രയ്ക്കു കഷ്ടപ്പാട് എന്തിനു എന്ന ചോദ്യത്തിന്, ഇതിനെക്കാളും ചൂട് സഹിച്ചു ജീവിക്കുന്ന എത്രയോ പേരുണ്ട് മുജീ, ഇതിനേക്കാള്‍ കനത്ത ചൂടാവില്ലേ മഹ്ശറയിലും നമ്മള്‍ നേരിടേണ്ടി വരിക എന്നായിരുന്നു അവന്റെ ചിരിയോടെയുള്ള ഉത്തരം. സാഹചര്യങ്ങളും ആരോഗ്യപ്രശ്‌നവും കാരണം അവന്‍ പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തി തനിക്കു കഴിയാവുന്ന ജോലികള്‍ ചെയ്തു കഴിഞ്ഞുവരവെയാണ് വീണ്ടും രോഗ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്ക് വരുന്ന അസുഖങ്ങള്‍ അവനെ പലരീതിയിലും പലതവണയായി പരീക്ഷിച്ചു. പലതവണ അവന്‍ മരണത്തെ മുന്നില്‍ കണ്ടു. അപ്പോഴൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന വാക്കുകളുണ്ട്; ഞങ്ങളുടെ ചികിത്സയല്ല, നിങ്ങളുടെയൊക്കെ ക്ഷമയോടെയുള്ള പരിചരണവും പ്രാര്‍ത്ഥനകളും ഒന്നുകൊണ്ട് മാത്രമാണ് ചികിത്സാലോകത്തിന് അത്ഭുതമായി അവന്‍ സുഖപ്പെടുന്നത് എന്ന്. അത്രയ്ക്കും വേദനകള്‍ സഹിച്ചുകൊണ്ടാണ് ഓരൊ അവസ്ഥയും ഫസിലു കടന്നു പോയിക്കൊണ്ടിരുന്നത്.

അപ്പോഴക്കെ അവന്‍ പതിഞ്ഞ സ്വരത്തില്‍ പറയും: 'പടച്ചവന് എന്നെ ഇങ്ങനെ കാണാനാകും ഇഷ്ടം. എന്നെ അവന്‍ ഖൈറായി തന്നെ കൂട്ടിക്കൊണ്ടുപോയാല്‍ മതിയായിരുന്നു. മക്കള്‍ക്ക്, കുടുംബത്തിന് എന്നെത്തൊട്ട് പ്രയാസം ഉണ്ടാവരുതെന്നു മാത്രമാണ് ആഗ്രഹം'. പതറാത്ത ഈമാനോടെ അവന്‍ എല്ലാം നേരിടുകയായിരുന്നു.

ഈ പ്രയാസങ്ങള്‍ക്കിടയിലും ഫസിലു തന്റെ മൂത്തമകനെ പഠിപ്പിച്ചു ഒരു ഡോക്ടറാക്കി. മകള്‍ക്ക് ഉപ്പയെ പരിചരിക്കുന്ന ഒരു നഴ്‌സ് ആകണം എന്നാഗ്രഹം ഉണ്ടായിരുന്നു. വഴി കുറച്ചു ബുദ്ധിമുട്ടായതു കൊണ്ട് അവളതു മാറ്റി ഡിഗ്രിക്ക് ചേര്‍ന്ന്. മൂന്നാമനായിരുന്നു ഫസിലുവിനെ എളേപ്പ അസീസിനൊപ്പം പള്ളിയിലേക്ക് കൊണ്ടുവരികയുമൊക്കെ ചെയ്തിരുന്നത്. അവനെയും പഠിപ്പിക്കാന്‍ ഫസിലു ശ്രമിച്ചു.

തന്റെ പ്രിയതമന്‍ ഇത്രയൊക്കെ വേദന തിന്നു ജീവിക്കുമ്പോഴും പ്രയാസങ്ങളില്ലാത്ത തരത്തില്‍ പ്രിയതമനെ പരിചരിക്കുകയും ചികില്‍സിക്കയും മക്കള്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുകയും ചെയ്ത നല്ല പാതി ഐഡിയല്‍ പ്രസ് അബ്ദുര്‍റഹ്മാന്‍ചാന്റെ മകള്‍ സമീറയ്ക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് പടച്ചവന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനി ഫസിലു ഇല്ല, എന്നാലും ഫസിലുവുമൊത്തുള്ള എന്റെ ഓര്‍മ്മകള്‍ മരിക്കുന്നില്ല.

ഒരുപാട് അവസരങ്ങളില്‍ അവന്‍ എനിക്ക് സഹായിയായിരുന്നു. എന്റെ ജൂനിയറായിരുന്നെങ്കിലും എന്റെ മൂത്ത സഹോദരനെ പോലെ പലപ്പോഴുമവന്‍ എനിക്ക് വഴികാട്ടിയായിരുന്നു.

ഇന്ന് ഞാന്‍ സിജിയില്‍ ഒരു സ്ഥാനത്തിരിക്കുന്നത്, സിജിയിലേക്ക് എത്തിയതിനു നിമിത്തമായത് ഫസിലുവാണ്. ഇങ്ങനെയൊരു കൂട്ടായ്മ വരുന്നുണ്ടെന്നും നിനക്കൊക്കെ അത് നല്ലതെന്നും പറഞ്ഞു 1995ല്‍ എന്നെ അതിലേക്കു പറഞ്ഞയച്ചത് ഫസിലു തന്നെയായിരുന്നു.

പടച്ചവനെ, നീ നിന്റെ പരിശുദ്ധ സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ മണവാളനെപ്പോലെ അവനെ സ്വീകരിക്കേണമേ. നീ ഉന്നതമായ ദറജ നല്‍കി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നീ സ്വീകരിക്കേണമേ. ആമീന്‍ യാദല്‍ ജലാല്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it