കെ.എം ഹസ്സന്‍ വായിക്കാത്ത ചില അധ്യായങ്ങള്‍...

കെ.എം ഹസന്റെ വിയോഗ ദിവസമാണ് ഇന്ന്. എന്നെ സംബന്ധിച്ച് മെയ് 10 എന്നും ഹസ്സനോര്‍മകളുടെ ദിനമാണ്. സ്‌നേഹത്തില്‍ ചാലിച്ച് നീട്ടിയൊരു വിളിയുണ്ട്. പിന്നെ കുടുംബ ക്ഷേമം അന്വേഷിക്കും. ഉപ്പയെ തിരക്കും. എന്റെ ഉപ്പയും ഹസൂച്ചയുടെ കുടുംബ വ്യാപാരസ്ഥാപനവുമായി അകമഴിഞ്ഞ സുഹൃദ് ബന്ധമാണ്. ഓരോ കണ്ടുമുട്ടലുകളിലും എന്റെ ഉപ്പയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ എത്രയെത്ര പഴയകാല സംഭവങ്ങളാണ് ഹസൂച്ചയുടെ ഓര്‍മ്മക്കെട്ടില്‍ നിന്ന് അഴിച്ചെടുത്തിട്ടുള്ളത്.

12 വര്‍ഷമായി ആ വിളി കേള്‍ക്കാതായിട്ട്. ആ വേദന ഒരു നീറ്റലായിത്തന്നെ മനസ്സിന്റെ ഒരു കോണിലുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് നേരിട്ട് കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ഒരുപാട് കാര്യങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. പ്രധാനമായും 1995ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഹസ്സനുമായി നടത്തിയ ഒരു ഇന്റര്‍വ്യൂവിലാണ് അദ്ദേഹത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കാന്‍ തുടങ്ങുന്നത്. അദ്ദേഹം മുന്നിലേക്കിട്ടു തന്ന ഫയല്‍ കെട്ടുകളില്‍ ഒരു കാലഘട്ടത്തിന്റെ ജ്വലിക്കുന്ന അടയാളങ്ങളുണ്ടായിരുന്നു. പ്രാദേശിക ജനപ്രതിനിധി എന്ന നിലയില്‍ ഇത്രയും ആധികാരികമായ രേഖകള്‍ നിരത്തിവെച്ച് കാസര്‍കോട് മുനിസിപ്പാലിറ്റി താണ്ടിയ ഓരോ നാഴികക്കല്ലും അദ്ദേഹം വിവരിച്ച് തരുമ്പോള്‍ അത്ഭുതത്തോടെ കേട്ടിരിന്നിട്ടുണ്ട്. കാസര്‍കോട് നഗരത്തിന്റെ വികസനത്തിനായി ആശയവും അധ്വാനവും ഇത്രമേല്‍ സംഭാവന നല്‍കിയ വേറൊരാള്‍ ഉണ്ടാകുമോ, അറിയില്ല.

കാസര്‍കോട് നഗരത്തിന്റെ നാള്‍വഴികളെയും നഗര വികസനത്തെയും കുറിച്ച് കൂടുതല്‍ ഗഹനമായി ഞാന്‍ പഠിച്ചത് കെ.എം ഹസന്റെ മരണശേഷം മകന്‍ ശിഹാബുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ സംബന്ധിച്ച് നഗരവികസനത്തിന്റെ ആശയത്തമ്പുരാന്‍ എന്ന് ഞാന്‍ ഒരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ട പല ഉദ്ഘാടന ശിലകളിലും കെ.എം ഹസന്റെ പേര് കാണാതപ്പോള്‍ കുറ്റിക്കാടുകള്‍ വകഞ്ഞുമാറ്റി തറക്കല്ലില്‍ ചടങ്ങിന്റെ ശിലാഫലകങ്ങള്‍ തേടിപ്പോയപ്പോഴാണ് 1980കളിലെ മുനിസിപ്പല്‍ കമ്മീഷണറായിരുന്ന നജീബ് സര്‍ അടക്കം സാക്ഷ്യപ്പെടുത്തിയ പല വികസന സംരഭങ്ങളുടെയും ആശയം വിരിഞ്ഞത് കെ.എം ഹസന്റെ ബുദ്ധിയിലാണെന്ന് അത്ഭുതത്തോടെ മനസ്സിലാക്കിയത്. അദ്ദേഹം വാര്‍ത്തകളുടെ പിന്നാലെ പോയിരുന്നില്ല. പതുക്കെപതുക്കെ കാസര്‍കോട് വികസനത്തിലേക്ക് ഉണരുന്നത് കണ്ട് സംതൃപ്തി നിറയാനായിരുന്നു താല്‍പര്യം. അദ്ദേഹം പാലിച്ച ആ നിഷ്പക്ഷ മൗനം അതായിരുന്നു കെ.എം ഹസന്റെ വ്യക്ത്വത്തിന്റെ മഹത്വം.

പറഞ്ഞുവരുന്നത് അദ്ദേഹത്തെ കുറിച്ച് ഞാന്‍ പഠിക്കാത്ത, അല്ലെങ്കില്‍ എനിക്ക് മറിച്ചു നോക്കാന്‍ പറ്റാതിരുന്ന അധ്യായങ്ങളെ കുറിച്ചാണ്.

ഫെബ്രുവരിയില്‍ കെ.എം ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രവുമായി സഹകരിച്ച് ഉത്തരദേശം നടത്തിയ കഥാമത്സരത്തിന്റെ പുരസ്‌കാര വിതരണ ചടങ്ങ്. അന്ന് കെ.എം ഹസ്സനെ കുറിച്ച് റഹ്മാന്‍ തായലങ്ങാടി നടത്തിയ പ്രഭാഷണത്തിലെ ചില വാചകങ്ങള്‍ എന്റെ മനസ്സില്‍ തറച്ചു.

ഹസ്സന്റെ പൂര്‍വ്വകാല ചരിത്രം എനിക്ക് അന്യമായിരുന്നു. കെ.എം ഹസന്റെ 1980 കളുകള്‍ക്ക് മുമ്പുള്ള കാലത്തെ കുറിച്ച് റഹ്മാന്‍ തായലങ്ങാടി വാചാലനായപ്പോള്‍ ഞാന്‍ കേട്ടത് ഉബൈദിന്റെ പ്രിയ ശിഷ്യന്‍ എന്ന നിലയിലും തിളങ്ങിയ ഹസ്സൂച്ചയെ കുറിച്ചാണ്. കെ.എം അഹ്മദ് മാഷും കെ.എം ഹസനും താജ് അഹമ്മദുമൊക്കെ ഉബൈദിന്റെ പ്രിയ ശിഷ്യര്‍. കെ.എം. അഹ്മദ് മാഷ് എഴുത്തിന്റെ ലോകത്ത് അഗ്രഗണ്യനായപ്പോള്‍ കെ.എം. ഹസ്സന്‍ തന്റെ ജീവിതത്തെ തന്നെ ഒരു പാഠപുസ്തകം പോലെയാക്കി ജീവിച്ചു കാണിച്ചു. താജ് അഹമ്മദ് ആണെങ്കില്‍ അറിവിന്റെ വലിയ ഭാണ്ഡവുമായി ജീവിച്ചു.

കെ.എം. ഹസ്സന്റെ സര്‍ഗാത്മകമായ താല്‍പര്യം ഉബൈദില്‍ നിന്നാര്‍ജിച്ചതാണ്. ഹസ്സന്‍ കുത്തിക്കുറിച്ച ഒരു കവിതയുടെ നാലു വരിയും റഹ്മാന്‍ തായലങ്ങാടി ആ വേദിയില്‍ പാടി കേള്‍പ്പിച്ചിരുന്നു. ഉബൈദന്‍ ശൈലിയിലുളള ഒരു കൊച്ചു ഗാനം. ഹസ്സന്റ കൈപ്പടയില്‍ എഴുതിയ രണ്ട് കവിതകളെ കുറിച്ച് മുമ്പൊരിക്കല്‍ ശുഹൈബ് പറഞ്ഞതോര്‍മ്മയിലുണ്ടായിരുന്നു. അതിലെ ഒരു കവിതയില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു.

1980ന് ശേഷം കെ.എം ഹസ്സന്‍ പതിവ് രീതിയില്‍ നിന്നും വ്യതിചലിച്ച് അസാധരണമായ നിക്ഷപക്ഷ മൗനം പാലിച്ചതായി പലരും പറയുന്നത് കേട്ടിട്ടുണ്ട്. 1977ലെ കാസര്‍കോട് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് കെ.എസ് സുലൈമാന്‍ ഹാജി ചെയര്‍മാനായ നഗരസഭ കൗണ്‍സിലില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ കെ.എം ഹസ്സന്റെ ആശയങ്ങളില്‍ പലതുമാണ് കാസര്‍കോട് നഗരത്തിന്റെ വികസനത്തിന്റെ അടിവേര്.

1960കളില്‍ കെ.എം ഹസ്സന്റെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ വലിയ വാര്‍ത്തകളാണ്. കെ.എസ് അബ്ദുല്ല ചെയര്‍മാനായ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കെ.എം ഹസ്സന്‍ ആയിരുന്നു. മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ സ്ഥാപിതമായപ്പോള്‍ കെ. എസിനൊപ്പം നിന്ന് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചു. 1980ന് ശേഷം 1999 വരെ കെ.എം ഹസ്സന്‍ തന്നെയായിരുന്നു പള്ളിക്കാല്‍ വാര്‍ഡിന്റെ പ്രതിനിധി. ഹമീദലി ഷംനാടിന് ശേഷം നഗരസഭാ ചെയര്‍മാനായി കെ.എം ഹസ്സന്റെ പേര് ശക്തമായിതന്നെ ഉയര്‍ന്നുവന്നുവെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നത് ഇന്നത്തെ കാലത്ത് അതിശയത്തോടെ മാത്രം വായിക്കേണ്ട വസ്തുതയാണ്.

ഹസ്സൂച്ച പള്ളിക്കല്‍ വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചു മറ്റു പൊതുകാര്യങ്ങളില്‍ നിന്നും വിട്ട് നിന്ന് ഒതുങ്ങി നില്‍ക്കുകയായിരുന്നു.


1970കളുടെ തുടക്കത്തില്‍ കാസര്‍കോട്ടെത്തിയ പ്രശസ്ത ഹിന്ദി സിനിമാ താരം ദിലീപ് കുമാര്‍ തളങ്കര മാലിക് ദിനാര്‍ ആസ്പത്രി സന്ദര്‍ശിച്ചപ്പോള്‍. കെ.എസ്. അബ്ദുല്ലക്കൊപ്പം കെ.എം. ഹസ്സനും


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it